നാല്പതു വർഷമായി പഴച്ചെടികളുടെ കൃഷിയും പരീക്ഷണവുമായി മുന്നേറുകയാണ് ഇടുക്കി ജില്ലയിൽ മേലേചിന്നാർ വാത്തുക്കുടി പഞ്ചായത്തിൽ ഉപ്പൻമാക്കൽ വീട്ടിൽ ജോസഫ് ജോസഫ് എന്ന കർഷകൻ.
തന്റെ അഞ്ചരയേക്കർ വസ്തുവിൽ പഴവർഗവിളകളുടെ ഒരു വലിയ ശേഖരമാണ് നട്ടുപിടിപ്പിച്ചിരിക്കുന്നത്. കൂടുതലായി കൃഷി ചെയ്തിരിക്കുന്നത് അവക്കാഡോ ആണ്. പൊള്ളാക്ക്, ഹാസ് എന്നയിനങ്ങളാണു നട്ടിരിക്കുന്നത്.
പൊള്ളോക്ക് ഇനത്തിന്റെ ഒരു കായ്ക്ക് എഴുന്നൂറ് ഗ്രാം തൂക്കം ഉണ്ടാകും. ഹാസിന് മുന്നൂറു മുതൽ നാനൂറു ഗ്രാംവരെ തൂക്കം വരും. ഹാസ് ഇനത്തിന് രുചിയും ഓയിലിൽ അളവ് കൂടുതലുമുണ്ട്. കായുടെ പുറംതോടിന് കട്ടി കൂടുതലായതിനാൽ കൂടുതൽ നാളുകൾ സൂക്ഷിക്കുവാൻ സാധിക്കുന്നതിനാൽ മാർക്കറ്റിൽ ഡിമാന്റും കൂടുതലാണ്.
മറ്റിനങ്ങൾ പെട്ടെന്നു പഴുത്തുപോകുമെന്നാണ് ജോസഫിന്റെ അഭിപ്രായം. നൂറു ശതമാനവും ജൈവ കൃഷി രീതി പിന്തുടരുന്ന തോട്ടത്തിൽ നാനൂറ് അവക്കാഡോ മരമുണ്ട്. നിലവിൽ അഞ്ഞൂറ് കിലോ മുതൽ എഴുനൂറ്റി അമ്പതു കിലോവരെ വിളവ് ലഭിക്കുന്നുണ്ട്. മരമൊന്നിന കുറഞ്ഞത് അന്പതു കിലോഗ്രാം എന്ന തോതിൽ വിളവെടുക്കാൻ കഴിയുമെന്നും ഇദ്ദേഹം പറയുന്നു.
നല്ല നീർവാർച്ചയുള്ള സ്ഥലമായിരിക്കണം അവക്കാഡോ നടുവാൻ തെരഞ്ഞെടുക്കേണ്ടത്. പതിനെട്ടടി അകലത്തിൽ വേണം മരങ്ങൾ നടുവാൻ. രണ്ടടി വലുപ്പത്തിൽ കുഴിയെടുത്ത് ആവശ്യത്തിന് ജൈവവളങ്ങൾ ഇട്ട് കുഴി ഒരുക്കി വേണം തൈകൾ നടാൻ.
തൈകളുടെ ചുവട്ടിൽ ഒരു കാരണവശാലും വെള്ളം കെട്ടി നിൽക്കരുത്. വേനൽക്കാലത്ത് ജലസേചനം നടത്തുന്നത് വിളവ് വർധിപ്പിക്കുവാൻ സഹായിക്കും. വിളവെടുപ്പ് കൃത്യമായും സൂക്ഷ്മതയോടും വേണമെന്ന് ജോസഫ് പറഞ്ഞു.
എഴുപതു മുതൽ എണ്പതു ശതമാനം വിളവാകുമ്പോൾ കായ്കൾ പറിച്ചെടുക്കണം. കൂടുതൽ മൂത്തുപോയാൽ കായ്കൾ വിണ്ടുകീറുകയും വില്പനക്കു പറ്റാതാകുകയും ചെയ്യും.
അവക്കാഡോയിൽ വെസ്റ്റ് ഇന്ത്യൻ, മെക്സിക്കൻ, ഗ്വാട്ടിമാല എന്നീ മൂന്നു വർഗങ്ങളാണ് കാണുന്നത്. ഒട്ടേറെയിനങ്ങൾ അവക്കാഡോയിൽ കണ്ടുവരുന്നുണ്ട്. അതാതു പ്രദേശങ്ങളിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായവ തെരഞ്ഞെടുത്ത് നടുന്നതാണ് ഉത്തമം.
ദീർഘകാലത്തെ കൃഷി ജീവിതത്തിൽനിന്ന് പഠിച്ച് നല്ലയിനവും ഗുണമേ·യുള്ളതുമായ വിവിധയിനം നടിൽ വസ്തുക്കൾ വിപണനം നടത്തുവാനായി ഉപ്പൻമാക്കൽ എന്ന പേരിൽ ഒരു നഴ്സറിയും ജോസഫ് നടത്തിവരുന്നു.
വിവിധയിനം അവക്കാഡോ, കുരുമുളകിന്റെ വിവിധയിനം, ജാതി, റംബൂട്ടാൻ തുടങ്ങി മറ്റെല്ലായിനങ്ങളും, കുരുമുളകിന് താങ്ങുകാലായി ഉപയോഗിക്കുന്ന താങ്ങുമരങ്ങളുടെ തൈകളും വിറ്റുവരുന്നു.
ഇദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് കൂട്ടായി ന്ധഭാര്യ മിനിയും മക്കളായ ഡോണിയ, ആഗ്നസ്, ആഷിൽ എന്നിവരുമുണ്ട്. അടിമാലിയിൽനിന്നു മുപ്പതു കിലോമീറ്ററും കട്ടപ്പനയിൽ നിന്നും ഇരുപത് കിലോമീറ്ററും നെടുങ്കണ്ടത്തുനിന്ന് പന്ത്രണ്ട് കിലോമീറ്ററും സഞ്ചരിച്ചാൽ ഉപ്പൻമാക്കൽ വീട്ടിലെത്താം.
ജോസഫ് ജോസഫ്
ഫോണ്: 8590347709