Movies
പ്രൊഡക്ഷൻ കൺട്രോളറും നിർമാതാവുമായ ബാദുഷയ്ക്കെതിരെ ആരോപണം ഉന്നയിച്ചതിന് പിന്നാലെ ബാദുഷ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോ ശ്രദ്ധേയമാകുന്നു.
ഇരുപത്തൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിലെ ചില ഡയലോഗുകളാണ് ശ്രദ്ധേയം. ഹരീഷ് കണാരന് മറുപടിയെന്നോണം ഇതോടു കൂടി നിന്റെ അന്ത്യം ആരംഭിച്ചു കഴിഞ്ഞുവെന്ന് പറയുന്ന വീഡിയോ ആണ് പോസ്റ്റ് ചെയ്തിരിക്കുന്നു. ഇപ്പോൾ താൻ എറണാകുളത്ത് പോയാൽ ബാദുഷ എന്തെങ്കിലും ചെയ്താലോ എന്ന പേടിയാണ് ഭാര്യയ്ക്കെന്നും ഹരീഷ് പറയുന്നു.
ഇപ്പോള്‍ എനിക്കെതിരെ ഭീഷണി വന്നിട്ടുണ്ട്. ബാദുഷ ഇന്‍സ്റ്റയില്‍ ഇരുപതാം നൂറ്റാണ്ടിലെ ഇതോടു കൂടി നിന്റെ അന്ത്യം ആരംഭിച്ചു കഴിഞ്ഞുവെന്ന് പറയുന്ന വിഡിയോ ഇട്ടിട്ടുണ്ട്. ഇത്രയും നാള് കൂടെ ഉണ്ടായിരുന്നയാളാണ്. വീട്ടിലൊക്കെ വന്നിട്ടുണ്ട്. കുടുംബങ്ങളുമായി നല്ല ബന്ധമായിരുന്നു.
ഒരാളെ സഹായിക്കുമ്പോള്‍ നമുക്കൊരു ആവശ്യം വരുമ്പോള്‍ തിരിച്ചു തരണ്ടേ, അതല്ലേ സൗഹൃദം. ഞാനിത് പറയണം എന്നു കരുതിയതല്ല. മാധ്യമങ്ങള്‍ എന്തുകൊണ്ട് ചേട്ടന് കുറേക്കാലമായി സിനിമ ചെയ്യുന്നില്ലെന്ന് ചോദിച്ചപ്പോള്‍ പറഞ്ഞതാണ്.
പോട്ടെ, പറഞ്ഞിട്ട് കാര്യമില്ല. ഒരാള്‍ തരാന്‍ പറ്റില്ലെന്ന് വിചാരിച്ചു കഴിഞ്ഞാല്‍ എന്താകുമെന്നൊക്കെ ഭാര്യ പറഞ്ഞതാണ്. സഹികെട്ടിട്ടാണ് ഞാന്‍ വെളിപ്പെടുത്തിയത്. 20 ലക്ഷമാണ് തരാനുള്ളത്. അതില്‍ കുറച്ച് പൈസയെന്തോ തന്നിരുന്നു.
നാലഞ്ച് വര്‍ഷമായി എന്റെ ഡേറ്റെല്ലാം നോക്കിയിരുന്നത് അദ്ദേഹമായിരുന്നു. അന്ന് ബാദുഷയായിരുന്നു എല്ലാ സിനിമയുടേയും കണ്ട്രോളര്. നല്ല പെരുമാറ്റമായിരുന്നു. പെരുമാറ്റത്തിലൊക്കെ ഭയങ്കര ഡീസന്റായിരുന്നു. അതുകൊണ്ട് വിശ്വസിച്ചുപോയി. നമ്മളുടെ മനസില്‍ കള്ളമൊന്നുമില്ല. അതുപോലെ തന്നെയാകും ഇവരുമെന്നും കരുതി.
ഒരിക്കല്‍ പറഞ്ഞത് ഞാനാകെ പൊളിഞ്ഞു നില്‍ക്കുകയാണ്. അഞ്ഞൂറ് രൂപ പോലും എടുക്കാനില്ലെന്നൊക്കെ പറഞ്ഞു. പിന്നെ ആരോ പറഞ്ഞു ബാദുഷ പ്രിയദര്ശന് സാറിന്റെ ഫ്ളാറ്റ് വാങ്ങിയെന്ന്. അപ്പോഴാണ് എനിക്ക് വിഷമമായത്. നമ്മുടെ ചെറിയ പൈസ തരാതെ ഇയാള്‍ ഇത്രയും വലിയ ഫ്ളാറ്റൊക്കെ വാങ്ങിയേക്കുവാണ്.
അതേസമയം വെളിപ്പെടുത്തലിന് പിന്നാലെ തന്നെ അമ്മയില്‍ നിന്നും ജോയ് മാത്യുവും കുക്കു പരമേശ്വരനുമൊക്കെ വിളിച്ചു. മെയില്‍ അയക്കൂ, ഇടപെടാമെന്ന് പറഞ്ഞിട്ടുണ്ടെന്നും ഹരീഷ് അറിയിച്ചു.
അവസരങ്ങള്‍ ഇല്ലാതാക്കിയതാണ് ഉള്‍ക്കൊള്ളാന്‍ സാധിക്കാതെ വന്നത്. അദ്ദേഹത്തെ സഹായിച്ചതായിരുന്നു ഞാനെന്നും ഹരീഷ് പറയുന്നു. വെളിപ്പെടുത്തലിന് ശേഷം ഭാര്യയ്ക്ക് ഇപ്പോള്‍ ടെന്‍ഷനാണ്. ഇനി നിങ്ങള്‍ എറണാകുളത്ത് പോകുമ്പോള്‍ എന്തെങ്കിലും ചെയ്യുമോ എന്ന പേടിയാണ്. അവര്‍ക്ക് പേടിയുണ്ടാകും. കുറേ പേര് വിളിച്ച് അന്വേഷിച്ചു. സംഘടനയില്‍ നിന്നും വിളിച്ച് കൂടെയുണ്ടാകുമെന്ന് പറഞ്ഞുവെന്നും ഹരീഷ് പറയുന്നു.
Movies
കടം കൊടുത്ത 20 ലക്ഷം രൂപ തിരിച്ചു ചോദിച്ചതിന് ബാദുഷ തന്നെ സിനിമകളില്‍ നിന്നും നീക്കം ചെയ്തു എന്ന ഹരീഷ് കണാരന്റെ ആരോപണങ്ങളോട് പ്രതികരിച്ച് പ്രൊഡക്ഷന്‍ കണ്ട്രോളറും നിർമാതാവുമായ ബാദുഷ.
ഹരീഷിന്റെ ആരോപണങ്ങള്‍ക്ക് താന്‍ നിര്‍മിക്കുന്ന റേച്ചല്‍ റിലീസ് ചെയ്ത ശേഷം മറുപടി പറയാം എന്നാണ് ബാദുഷ പറയുന്നത്. കഴിഞ്ഞ ദിവസമാണ് ബാദുഷയ്ക്കെതിരെ ആരോപണവുമായി ഹരീഷ് രംഗത്തെത്തിയത്.
എനിക്ക് പറയാനുള്ളതെല്ലാം, എന്റെ സിനിമയായ റേച്ചലിന്റെ റിലീസിനു ശേഷം മാത്രം എന്നാണ് ബാദുഷ ഫെയ്സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ഡിസംബര്‍ 12നാണ് ഹണി റോസിനെ നായികയാക്കി ബാദുഷ നിർമിക്കുന്ന റേച്ചല്‍ റിലീസ് ചെയ്യുന്നത്.
അതേസമയം, മധുരകണക്ക് എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനിടെയാണ് ഹരീഷ് ബാദുഷയുടെ പേര് തുറന്നു പറഞ്ഞത്.
‘അജയന്റെ രണ്ടാം മോഷണം’ അടക്കമുള്ള സിനിമകളിൽ നിന്നും നീക്കം ചെയ്യപ്പെട്ടെന്നും സിനിമാ മേഖലയിൽ തന്നെക്കുറിച്ച് ഇല്ലാക്കഥകൾ ബാദുഷ പ്രചരിപ്പിച്ചെന്നും ഹരീഷ് വെളിപ്പെടുത്തിയിരുന്നു.
‘എന്റെ ഡേറ്റും കാര്യങ്ങളുമൊക്കെ നോക്കിയിരുന്ന ഒരു പ്രൊഡക്ഷൻ കൺട്രോളർ ഉണ്ടായിരുന്നു. മലയാളത്തിൽ ഒട്ടുമിക്ക സിനിമകളും ഒരു കാലത്ത് കൈകാര്യം ചെയ്തിരുന്ന വലിയ പ്രൊഡക്ഷൻ കൺട്രോളർ ആയിരുന്നു അദ്ദേഹം. അദ്ദേഹത്തിന് ഞാൻ ഒരു 20 ലക്ഷത്തോളം രൂപ കടമായി നൽകിയിരുന്നു. അതിൽ ആറ് ലക്ഷത്തോളം രൂപ എനിക്ക് തിരിച്ചു തന്നു.
എന്റെ വീടുപണി നടക്കുന്ന സമയത്ത് ബാക്കി പൈസ ഞാൻ തിരിച്ചു ചോദിച്ചു. പൈസ കിട്ടാതെ വന്നതോടെ ഞാൻ ‘അമ്മ’ സംഘടനയിൽ പരാതി നൽകി. ഇതിന്റെ വൈരാഗ്യത്തിലാവണം, അദ്ദേഹം ഇടപെട്ട് എനിക്ക് ഉണ്ടായിരുന്ന ഒരുപാട് സിനിമകളിൽ നിന്ന് എന്നെ കട്ട് ചെയ്തു.
‘അജയന്റെ രണ്ടാം മോഷണം’ എന്ന ചിത്രത്തിൽ എനിക്ക് വേഷമുണ്ടായിരുന്നു. അതും നഷ്ടമായി. പിന്നീട് ടൊവീനോ കണ്ടപ്പോൾ എന്നോട് ചോദിച്ചു, ‘ചേട്ടനെ കണ്ടില്ലല്ലോ’എന്ന്. ഇങ്ങനെ ഒരുപാട് സിനിമകൾ എനിക്ക് നഷ്ടമായി. അതാണ് പെട്ടെന്ന് സിനിമയിൽ നിന്ന് അപ്രത്യക്ഷമായി എന്ന് തോന്നിയത്. കുറേ കാലത്തിന് ശേഷം ഇപ്പോഴാണ് അഭിനയത്തിൽ വീണ്ടും സജീവമാകുന്നത്.’
Kerala
കൊച്ചി: തനിക്കെതിരെയുള്ള സിനിമാതാരം ഹരീഷ് കണാരന്റെ ആരോപണങ്ങൾ തള്ളി പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ. സിനിമയിൽ താൻ ആരുടെയും അന്നം മുടക്കിയിട്ടില്ലെന്നും അന്നം നൽകുക മാത്രമേ ചെയ്തിട്ടുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
എആർഎമ്മിൽ നിന്ന് സിനിമയുടെ പ്രൊഡ്യൂസറും സംവിധായകനുമാണ് ഹരീഷിനെ ഒഴിവാക്കിയത്. ഷൂട്ടിംഗിനു തുടർച്ചയായി അന്‍പതു ദിവസത്തെ ഡേറ്റ് ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം വഴങ്ങിയില്ല. ഇടയ്ക്ക് മറ്റു പരിപാടികൾക്കോ സ്റ്റേജ് ഷോകൾക്കോ പോകരുതെന്നും പറഞ്ഞിരുന്നു.
അഞ്ചു ലക്ഷമായിരുന്നു പ്രതിഫലം വാഗ്ദാനം ചെയ്തത്. 15 ലക്ഷം വേണമെന്ന് ഹരീഷ് നിർബന്ധം പറഞ്ഞു. ഇക്കാരണങ്ങളാണ് എആർഎമ്മിൽ നിന്നു പുറത്താകാൻ ഇടയാക്കിയത്.
ഹരീഷിന്റെ വെളിപ്പെടുത്തലുകളിൽ ചിലതു സത്യങ്ങളുണ്ട്. അതിനേക്കാൾ വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ്. റേയ്ച്ചൽ എന്ന തന്റെ സിനിമയുടെ റിലീസ് അടുത്ത 12നാണ്. അതിനുശേഷം ഹരീഷിന്റെ ആരോപണങ്ങൾക്കെതിരെ വിശദമായ മറുപടിയും നിയമപരമായ നടപടികളും സ്വീകരിക്കുമെന്നും ബാദുഷ പറഞ്ഞു.
കടം ചോദിച്ച 20 ലക്ഷം രൂപ തിരിച്ചുചോദിച്ചതിനു ബാദുഷ തനിക്കു എആർഎം ഉൾപ്പടെ സിനിമകളിലെ അവസരം കളഞ്ഞെന്ന് ഹരീഷ് ആരോപിച്ചിരുന്നു. സിനിമയുടെ പ്രമോഷൻ പരിപാടിയിലായിരുന്നു ഹരീഷിന്റെ വെളിപ്പെടുത്തൽ.
Kerala
കൊച്ചി: ഇരുപതു ലക്ഷം കടം വാങ്ങിയിട്ട് തിരികെ നൽകാതെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവും നിർമാതാവുമായ ബാദുഷ വഞ്ചിച്ചെന്ന് നടൻ ഹരീഷ് കണാരൻ. കടം വാങ്ങിയിട്ട് തിരികെ നൽകിയില്ലെന്നു മാത്രമല്ല സിനിമകളിൽനിന്നു തന്നെ മനപ്പൂർവം പുറത്താക്കാൻ കളിച്ചെന്നും ഹരീഷ് ആരോപിച്ചു. രണ്ടു വർഷമായി തനിക്ക് ഒരു സിനിമ പോലും കിട്ടിയിട്ടില്ല. എന്തായാലും കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം അങ്ങനെ വിട്ടുകളയാനാവില്ലെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. ഹരീഷിന്റെ വാക്കുകൾ ഇങ്ങനെ: അഞ്ചു വർഷത്തോളം എന്റെ ഡേറ്റും പരിപാടികളുമൊക്കെ നോക്കിക്കൊണ്ടിരുന്നത് ബാദുഷ ആയിരുന്നു. അദ്ദേഹവുമായി വളരെ അടുപ്പമായിരുന്നു. വീട്ടിൽ വരുന്നു, അവരുടെ വീട്ടിൽ പോകുന്നു.. അങ്ങനെ വളരെ അടുപ്പവും വിശ്വാസവുമായിരുന്നു. അങ്ങനെയിരിക്കെ പുള്ളിക്ക് കള്ളൻ ഡിസൂസ എന്ന പടം നടക്കുന്ന സമയം. വളരെ അത്യാവശ്യമായി എനിക്കൊരു 20 ലക്ഷം രൂപ വേണമെന്നു ബാദുഷ പറഞ്ഞു. വളരെ അത്യാവശ്യമാണ്. ഒരാഴ്ചയ്ക്കുള്ളിൽ തിരികെ നൽകാമെന്നാണ് പറഞ്ഞത്. അത്ര അടുപ്പവും വിശ്വാസവുമുള്ളതുകൊണ്ട് ഞാൻ ബാങ്കിൽ വിളിച്ചു പറഞ്ഞിട്ട് പണം ട്രാൻഫർ ചെയ്തുകൊടുത്തു. ഒരാഴ്ച കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞ്... പിന്നെ പുള്ളിയുടെ പടങ്ങളുമൊക്കെ അഭിനയിക്കാനുള്ളതുകൊണ്ട് ഞാൻ കാത്തിരുന്നു.
മൂന്നാലു മാസം കഴിഞ്ഞപ്പോൾ കോവിഡ് വന്നു. അപ്പോൾ പടങ്ങളൊന്നുമില്ല. കോവിഡ് കഴിഞ്ഞിട്ടും പടങ്ങളൊന്നുമില്ല. അപ്പോൾ ഞാൻ വിചാരിച്ചു, കോവിഡ് കഴിഞ്ഞ് പടങ്ങളുടെ രീതിയൊക്കെ മാറിയതുകൊണ്ട് എനിക്ക് അവസരമില്ലാത്തതാകും എന്ന്. കോവിഡ് സമയത്ത് ബാദുഷ കുറെ ചാരിറ്റിയൊക്കെ ചെയ്യുന്നുണ്ടായിരുന്നു. പലർക്കും സഹായം കൊടുക്കാനാണെന്നു പറഞ്ഞ് എന്നോടും പലവട്ടം പണം ചോദിച്ചു. ഫുഡ് കൊടുക്കാനാണ്, ടിവി കൊടുക്കാനാണ് എന്നൊക്കെ പറഞ്ഞ്. ഞാൻ പലവട്ടം ചാരിറ്റിക്കു പണം കൊടുത്തു. ഇതിനിടെ, ചാരിറ്റി നടത്തി അയാൾ പേരെടുത്തു. ആ സമയത്തൊക്കെ എന്നെ ഇടയ്ക്കിടെ വിളിക്കുമായിരുന്നു. അതിനിടെ, എന്റെ വീടു പണി നടക്കുന്ന സമയത്ത് കുറച്ചു പണത്തിന് ആവശ്യം വന്നിട്ട് ഇദ്ദേഹത്തോടു ഞാൻ ചോദിച്ചു. "വെടിക്കെട്ട്' റിലീസ് ആകുമ്പോൾ തരാമെന്നു പറഞ്ഞു. റിലീസ് കഴിഞ്ഞിട്ടും പണം കിട്ടിയില്ല. പിന്നീട് ചോദിച്ചപ്പോൾ വെടിക്കെട്ട് നഷ്ടമായിരുന്നു എന്നു പറഞ്ഞു.
ഇതിനിടെ, എആർഎമ്മിൽ 40 ദിവസത്തെ ഡേറ്റ് വേണം റോൾ ഉണ്ടെന്നു പറഞ്ഞു. ഞാൻ സമ്മതിച്ചു. പണം കിട്ടിയില്ലെങ്കിലും അയാൾ വഴി പടം കിട്ടുന്നുണ്ടല്ലോ എന്നായിരുന്നു എന്റെ ആശ്വാസം. ഇതിനിടെ, ഇടവേള ബാബുച്ചേട്ടനെ വിളിച്ചിട്ട് എനിക്ക് ബാദുഷ കുറച്ചുപണം തരാനുണ്ട്. ഒന്നു സംസാരിക്കണമെന്നു പറഞ്ഞു. ബാബുച്ചേട്ടൻ പിന്നെ തിരികെ വിളിച്ചിട്ടു പറഞ്ഞു. അയാളോടു സംസാരിച്ചു. പണം വാങ്ങിയിട്ടുണ്ടെന്നൊക്കെ പറഞ്ഞു. പിന്നെ പലരും ഇതേ പോലെ പരാതി പറയുന്നുണ്ട്. അതുകൊണ്ട് അയാളെ പിണക്കാതെ എങ്ങനെയെങ്കിലും വാങ്ങിയെടുക്കാൻ പറഞ്ഞു. ഇതിനിടെ, എആർഎമ്മിലേക്ക് ആരും വിളിച്ചില്ല. ആ ക്യാരക്ടർ മാറിപ്പോയിട്ടുണ്ടാവും എന്നാണ് കരുതിയത്.
ഒരിക്കൽ ചാനലിന്റെ അവാർഡ് നൈറ്റിനു പോയി. ടോവീനോയും അവിടെയുണ്ടായിരുന്നു. തിരക്കായതിനാൽ നേരിട്ടു സംസാരിക്കാൻ കഴിഞ്ഞില്ല. അതുകൊണ്ടു മടങ്ങുംവഴി ടോവീനോയെ വിളിച്ചു. അപ്പോൾ ടോവീനോ ചേട്ടൻ എവിടെയാ, അവിടെ നിൽക്ക് സംസാരിക്കാനുണ്ടെന്നു പറഞ്ഞു. ഞാൻ വഴിയിൽ കാത്തുനിന്നപ്പോൾ ടോവീനോ വന്നു കെട്ടിപ്പിടിച്ചു. പിന്നെ പറഞ്ഞു: എആർഎമ്മിൽ വിളിച്ചിട്ട് എന്താണ് വരാതിരുന്നത്. ചേട്ടനെ വിളിച്ചിട്ട് ഒരു മറുപടിയും ഇല്ല. ഡേറ്റില്ല എന്നൊക്കെയാണല്ലോ പറഞ്ഞത്.
അതു ശരിയല്ല. പടമൊന്നുമില്ലാതെ ഞാൻ വീട്ടിലിരിക്കുകയായിരുന്നെന്നു ഞാൻ മറുപടി നൽകി. അതുകഴിഞ്ഞാണ് എനിക്കു മനസിലായത് എന്നെ മനപ്പൂർവം അയാൾ ഒഴിവാക്കിയതാണെന്ന്. ഇതുപോലെ പല സിനിമകളും എനിക്ക് നഷ്ടമായെന്നു മനസിലായി. സെറ്റുകളിൽ എന്നെക്കുറിച്ചു നെഗറ്റീവ് കാര്യങ്ങൾ പറയുന്നുണ്ടെന്നു പലരും സൂചിപ്പിച്ചു.
എന്തായാലും ഞാൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണമാണ് കൊണ്ടുപോയത്. എന്റെ മക്കൾ അനുഭവിക്കേണ്ടത്. അതു മാത്രമല്ല, എന്റെ അന്നം മുട്ടിക്കാനുള്ള ശ്രമം ക്രൂരമായിപ്പോയി. ഇതു പുറത്തുപറഞ്ഞതിന്റെ പേരിൽ എന്നെ ഇനി സിനിമയിൽനിന്നു തന്നെ ചവിട്ടിപ്പുറത്താക്കുമോയെന്നറിയില്ല. അതിനൊക്കെ സ്വാധീനമുള്ള ആളാണല്ലോ അദ്ദേഹം. എന്തായാലും ഇനി എന്തു വേണമെന്നു തീരുമാനിച്ചിട്ടില്ല. എന്തായാലും ഞാൻ കഷ്ടപ്പെട്ട പണമല്ലേ. ഒത്തിരി കഷ്ടപ്പെട്ടാണ് സിനിമയിൽ എത്തിയത്.