ന്യൂഡൽഹി: ബാരാമതിയിലെ വിമാനപകടത്തിൽ എൻസിപി നേതാവ് അജിത് പവാറും മറ്റ് നാല് പേരും മരിച്ച സംഭവത്തിൽ പ്രാഥമിക റിപ്പോർട്ട് ഒരാഴ്ചയ്ക്കുള്ളിൽ പുറത്തുവിടുമെന്ന് കേന്ദ്ര സിവിൽ ഏവിയേഷൻ സഹമന്ത്രി മുരളീധർ മോഹോൽ.
അപകടം നടന്ന് ഒരു മാസം തികയും മുൻപ് പ്രാഥമിക റിപ്പോർട്ട് പുറത്തുവിടുമെന്ന് മോഹോൽ പറഞ്ഞു. ഫെബ്രുവരി 28ന് മുൻപായി റിപ്പോർട്ട് പുറത്തുവിടുമെന്ന് പൊതുപരിപാടിക്കിടെ മുരളീധർ മോഹോൽ മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി.
അജിത് പവാറിന്റെ അനന്തരവനും എൻസിപി (എസ്പി) എംഎൽഎയുമായ രോഹിത് പവാർ അപകടത്തിന് പിന്നാലെ വിമാന കമ്പനിക്കെതിരെ രംഗത്തുവന്നിരുന്നു. വിമാന കമ്പനി സുരക്ഷ മാനദണ്ഡങ്ങളിൽ വീഴ്ച വരുത്തിയെന്നായിരുന്നു രോഹിതിന്റെ പ്രധാന ആരോപണം.
ഇതുസംബന്ധിച്ച് രോഹിത് നടത്തിയ വാർത്ത സമ്മേളനങ്ങൾ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. വിമാന കമ്പനി അപകടമുണ്ടായ വിമാനത്തിൽ അനധികൃതമായി അധികം ഫ്യുയൽ ടാങ്കുകൾ നിർമിച്ചിരുന്നതായും രോഹിത് പവാർ ആരോപിച്ചിരുന്നു.