മുംബൈ: ഭീമ-കൊറേഗാവ് കേസിൽ ജാമ്യം ലഭിച്ച മലയാളിയും ഡൽഹി സർവകലാശാല മുൻ പ്രഫസറുമായ ഹാനി ബാബു ജയിൽ മോചിതനായി.
അഞ്ച് വർഷത്തിന് ശേഷമാണ് ഹാനി ബാബു ജയിൽ മോചിതനായത്. ബോംബെ ഹൈക്കോടതിയാണ് ഹാനി ബാബുവിന് ജാമ്യം അനുവദിച്ചത്. നവി മുംബൈയിലെ തലോജ ജയിലിലാണ് ഹാനി കഴിഞ്ഞിരുന്നത്.
കഴിഞ്ഞ ദിവസമാണ് ബോംബെ ഹൈക്കോതി ഹാനി ബാബുവിന് ജാമ്യം അനുവദിച്ചത്. ജയിലിൽ കഴിയവെ ഹാനി ബാബു ജാമ്യം തേടി നേരത്തെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
എന്നാൽ, ബോംബെ ഹൈക്കോടതിയെ സമീപിക്കാനായിരുന്നു സുപ്രീംകോടതി നിർദേശം. കേസിലെ മറ്റ് പ്രതികൾക്ക് ജാമ്യം ലഭിച്ച സാഹചര്യത്തിലാണ് ഹാനി വീണ്ടും കോടതിയെ സമീപിച്ചത്.
2020 ജൂലൈ 28നാണ് അഞ്ച് ദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ഹാനി ബാബുവിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. 2019 സെപ്റ്റംബറിലും 2020 ഓഗസ്റ്റിലും നടന്ന റെയ്ഡുകളിൽ ഹാനിയുടെ പുസ്തകങ്ങൾ, രേഖകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു.