ചെറായി: മുനമ്പം ഭൂസമരം നടക്കുന്ന പള്ളിപ്പുറം പഞ്ചായത്ത് ഒന്നാം വാർഡിൽ ഇരുമുന്നണികളെയും പിന്നിലാക്കി എൻഡിഎ സ്ഥാനാർഥി അട്ടിമറി വിജയം നേടി. സമര നേതൃനിരയിലെ ഒരാളായ കുഞ്ഞുമോൻ അഗസ്റ്റിനാണു വിജയിച്ചത്.
581 വോട്ടാണു ലഭിച്ചത്. പരമ്പരാഗത കോൺഗ്രസ് വാർഡായ ഇവിടെ ഇക്കുറി 304 വോട്ട് നേടിയ കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. 549 വോട്ട് നേടിയ സിപിഎമ്മാണു രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി 503 വോട്ടിനു വിജയിച്ചതാണ്. അന്നും സിപിഎം രണ്ടാം സ്ഥാനത്തായിരുന്നു. (407 വോട്ട്)
കഴിഞ്ഞതവണ എൻഡിഎയ്ക്ക് ഇവിടെ സ്ഥാനാർഥിയുണ്ടായിരുന്നില്ല. എന്നാൽ ഇക്കുറി മുനമ്പം ഭൂസമരത്തിന്റെ പശ്ചാത്തലത്തിൽ വലിയൊരു വിഭാഗം പരമ്പരാഗത കോൺഗ്രസ്, സിപിഎം അനുഭാവികൾ പരസ്യമായി ബിജെപിയിൽ അംഗത്വമെടുത്തതോടെയാണ് ഇവിടെ സ്ഥാനാർഥിയെ നിർത്തിയത് .
മുനമ്പം ഭൂസമരത്തിൽ ഇരകളെ വഞ്ചിച്ച യുഡിഎഫ്- എൽഡിഎഫ് കൂട്ടു കെട്ടിനെതിരേയുള്ള ജനവിധിയാണ് ഒന്നാം വാർഡിലെ വിജയമെന്ന് ബിജെപി നേതാക്കൾ അവകാശപ്പെട്ടു.