ന്യൂയോർക്ക്: ലോകത്തെ ഞെട്ടിച്ച പല പ്രമുഖ കുറ്റവാളികളെയും പാർപ്പിച്ചിട്ടുള്ള ബ്രൂക്ലിനിലെ മെട്രോപൊളിറ്റൻ ഡിറ്റൻഷൻ സെന്റർ വീണ്ടുമൊരിക്കൽക്കൂടി ലോകശ്രദ്ധയാകർഷിക്കുന്നു.
വെനസ്വേലൻ തലസ്ഥാനമായ കാരക്കാസിലെ വസതിയിൽനിന്നു കമാൻഡോ ഓപ്പറേഷനിലൂടെ യുഎസ് സൈന്യം പിടികൂടിയ നിക്കോളാസ് മഡുറോയെ ബ്രൂക്ലിനിലെ തടവറയിലാണു പാർപ്പിച്ചിരിക്കുന്നത്. ഭാര്യ സീലിയ ഫ്ളോറസിനെയാകട്ടെ മറ്റൊരു ജയിലിലാണു പാർപ്പിച്ചത്. വിചാരണനടപടികൾ പൂർത്തിയാകുന്നതുവരെ മഡുറോയെ ഇവിടെ പാർപ്പിക്കുമെന്നാണ് ലഭ്യമാകുന്ന സൂചനകൾ.
ലോകത്തെ ഞെട്ടിച്ച പല പ്രമുഖ കുറ്റവാളികളെയും പാർപ്പിച്ചിട്ടുള്ള ചരിത്രമാണ് ബ്രൂക്ലിനിലെ ഈ തടവറയ്ക്കുള്ളത്. കുപ്രസിദ്ധ മയക്കുമരുന്ന് മാഫിയ തലവൻ എൽ ചാപ്പോ ഗുസ്മാൻ, ജിസ്ലെയ്ൻ മാക്സ്വെൽ, സാം ബാങ്ക്മാൻ-ഫ്രൈഡ് തുടങ്ങിയവർ വിചാരണവേളയിൽ കഴിഞ്ഞിരുന്നത് ഇവിടെയായിരുന്നു. മെക്സിക്കൻ ജയിലുകളിൽനിന്നു മുന്പ് രക്ഷപ്പെട്ടിട്ടുള്ള എൽ ചാപ്പോയെപ്പോലെയുള്ള അതീവ അപകടകാരികളെ പാർപ്പിക്കാൻ പ്രത്യേക സുരക്ഷാക്രമീകരണങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.
മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കേസുകൾ ന്യൂയോർക്കിലെ കോടതിയിലായതാണ് മഡുറോയെ ബ്രൂക്ലിനിലേക്ക് എത്തിച്ചതിനു പിന്നിലെ കാരണമെന്നാണ് വിലയിരുത്തൽ.
എങ്കിലും, മറ്റൊരു രാജ്യത്തിന്റെ പ്രസിഡന്റിനെ ഇത്രയധികം ജനവാസമുള്ള ഒരു നഗരത്തിലെ ജയിലിൽ പാർപ്പിക്കുന്നത് സുരക്ഷാപരമായ നിരവധി വെല്ലുവിളികൾ ഉയർത്തുന്നുണ്ട്. മുന്പ് കുപ്രസിദ്ധ ലൈംഗിക കുറ്റവാളിയും കോടീശ്വരനുമായ ജെഫ്രി എപ്സ്റ്റീൻ തടവിൽ കഴിയവെ മരിച്ചതിനെത്തുടർന്ന് മാൻഹാട്ടനിലെ ഫെഡറൽ ജയിൽ അടച്ചുപൂട്ടിയതോടെ ബ്രൂക്ലിനിലെ ഈ കേന്ദ്രമാണ് ഇപ്പോൾ അധികൃതരുടെ ഏക ആശ്രയം.
എന്നാൽ ഇവിടുത്തെ മോശം സാഹചര്യങ്ങളെയും സുരക്ഷാപിഴവുകളെയും കുറിച്ച് പലപ്പോഴും പരാതികൾ ഉയർന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ മഡുറോയെപ്പോലൊരു ഉന്നതനായ രാഷ്ട്രീയനേതാവിനെ ഇവിടെ പാർപ്പിക്കുന്നത് സംബന്ധിച്ച് പ്രതിരോധ-സുരക്ഷാ ഉദ്യോഗസ്ഥർക്കിടയിൽ ഭിന്നതയുണ്ട്.
കൈവിലങ്ങിട്ട് തടവറയിലേക്ക് കൊണ്ടുപോകുന്നതിനിടെ ചുറ്റുമുള്ളവരോട് ‘ഹാപ്പി ന്യൂ ഇയർ’ ആശംസിച്ച മഡൂറോ, ജയിൽ ഉദ്യോഗസ്ഥർക്കിടയിൽ പതറാതെ ചെറുചിരിയോടെ തംപ്സ് അപ് മുദ്ര കാണിക്കുന്ന ചിത്രം ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.