കൊച്ചി: സാന്പത്തിക തട്ടിപ്പുകൾ ഉൾപ്പെടെ നിയമവിരുദ്ധമായ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചെന്നു സംശയിക്കപ്പെട്ട അഞ്ചു കോടി മൊബൈൽ ഫോൺ കണക്ഷനുകളാണ് രാജ്യത്തു കഴിഞ്ഞ രണ്ടു വർഷത്തിനിടെ റദ്ദാക്കിയത്.
മോഷ്ടിക്കപ്പെടുകയോ നഷ്ടപ്പെടുകയോ ചെയ്ത ഏകദേശം 8.5 ലക്ഷം മൊബൈൽ ഫോണുകൾ ഇക്കാലയളവിൽ പോലീസ് കണ്ടെത്തിയെന്നും കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിനു കീഴിലുള്ള ടെലികോം വകുപ്പിന്റെ (ഡിഒടി) കണക്കുകൾ വ്യക്തമാക്കുന്നു.
ഡിജിറ്റൽ അറസ്റ്റ്, ഒടിപിയും അക്കൗണ്ട് നന്പറുകളും ചോദിച്ചുള്ള തട്ടിപ്പുകൾ, ഓഫറുകളും സമ്മാനങ്ങളും വാഗ്ദാനം ചെയ്തുമുള്ള തട്ടിപ്പുകൾ എന്നിവയ്ക്ക് ഉപയോഗിച്ചതെന്നു തെളിഞ്ഞ മൊബൈൽ നന്പറുകൾ റദ്ദാക്കിയവയുടെ കൂട്ടത്തിലുണ്ട്. ഉത്തരേന്ത്യയിലാണ് ഇത്തരത്തിൽ റദ്ദാക്കപ്പെട്ട നന്പറുകൾ അധികമുള്ളത്.
മോഷണം പോയതോ നഷ്ടപ്പെട്ടതോ ആയ മൊബൈൽ ഫോണുകൾ കണ്ടെടുക്കുന്നതിൽ കേരളത്തിൽ കൊല്ലം റൂറൽ പോലീസ് മുന്നിലാണെന്ന് ഡിഒടിയുടെ കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.
മധുര (തമിഴ്നാട്), ഹാവേരി (കർണാടക), രാജണ്ണ സിർസില്ല (തെലുങ്കാന), പൽനാട് (ആന്ധ്രാപ്രദേശ്), ലക്ഷദ്വീപ്, പുതുച്ചേരി പോലീസും ദക്ഷിണ റെയിൽവേ പോലീസും ഇക്കാര്യത്തിൽ മികച്ച പ്രവർത്തനം നടത്തി.
നഷ്ടപ്പെട്ട ഫോണുകൾ ബ്ലോക്ക് ചെയ്യാനും തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെടുത്താനുമുള്ള ഡിഒടിയുടെ സഞ്ചാർ സാഥി ആപ് കഴിഞ്ഞ ഒരു വർഷത്തിനിടെ 24 കോടി ആളുകൾ ഉപയോഗിച്ചു. 1.9 കോടി പേർ ആപ് ഡൗൺലോഡ് ചെയ്തിട്ടുണ്ട്.
ഒരാളുടെ പേരിൽ എത്ര കണക്ഷനുകൾ ഉണ്ടെന്നതും ഈ പോർട്ടലിലൂടെ അറിയാനാകും.