കണമല: പത്തനംതിട്ട ജില്ലയിലെ കിസുമം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പഠിക്കുന്ന കോട്ടയം ജില്ലയിലെ മൂലക്കയം പ്രദേശത്തെ വിദ്യാർഥികൾക്ക് പമ്പയാർ മറികടന്ന് സ്കൂളിൽ എത്താൻ ഇനി കിലോമീറ്ററുകൾ ചുറ്റേണ്ടിവരില്ല.
മൂലക്കയത്ത് പമ്പയാറിന് കുറുകെ ചെക്ക്ഡാമും ഒപ്പം പാലവും നിർമിക്കുന്നതോടെ യാത്ര എളുപ്പമാവുകയാണ്. ചെക്ക്ഡാമും പാലവും നിർമിക്കാൻ നടപടികൾ തുടങ്ങി. നിർമാണോദ്ഘാടനം നാളെ വൈകുന്നേരം അഞ്ചിന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിക്കും.
2024ലെ സംസ്ഥാന ബജറ്റിലാണ് നിർമാണത്തിനായി അഞ്ച് കോടി രൂപ പ്രഖ്യാപിച്ചത്. പമ്പയാറിന് കുറുകെ 75 മീറ്റർ നീളത്തിലാണ് ചെക്ക്ഡാം കം ബ്രിഡ്ജ് നിർമിക്കുക. ചെക്ക്ഡാം രണ്ട് മീറ്റർ ഉയരത്തിലും തുടർന്ന് അഞ്ച് മീറ്റർ കൂടി ഉയരത്തിലുമാണ് പാലം നിർമിക്കുക. പാലത്തിന് ഉപരിതലം 7.5 മീറ്റർ വീതിയിലാണ് നിർമാണം. ഇതിൽ വാഹനഗതാഗതത്തിനായി 5.20 മീറ്ററും വൺ സൈഡ് ഫുട്പാത്ത് 1.60 മീറ്ററുമാണ് നിശ്ചയിച്ചിട്ടുള്ളത്. കൂടാതെ പാലത്തിന്റെ ഉപരിതലത്തിൽ ഇരു സൈഡിലും രണ്ട് മീറ്റർ ഉയരത്തിൽ ക്രാഷ് ബാരിയർ സ്ഥാപിച്ച് അപകട സാഹചര്യം ഒഴിവാക്കും.
മൂന്ന് സ്പാനോട് കൂടി നിർമിക്കുന്ന വലിയ പാലമാണ് രൂപകല്പന ചെയ്തിട്ടുള്ളത്. പാലത്തിന് രണ്ട് പിയറും രണ്ട് അബഡ്മെന്റുമാണ് ഉണ്ടാവുക. എരുമേലി പഞ്ചായത്ത് പത്താം വാർഡിലെ മൂലക്കയത്തെയും പത്തനംതിട്ട ജില്ലയിലെ പെരുനാട് പഞ്ചായത്ത് എട്ടാം വാർഡ് കിസുമത്തെയും തമ്മിൽ ബന്ധിപ്പിച്ച് പമ്പയാറിന് കുറുകെയാണ് ചെക്ക്ഡാം കം ബ്രിഡ്ജ് യാഥാർഥ്യമാവുക.
പാലം യാഥാർഥ്യമാകുന്നതോടെ മൂലക്കയം പ്രദേശത്തെ വിദ്യാർഥികൾക്ക് കാൽനടയായി മിനിറ്റുകൾ കൊണ്ട് സ്കൂളിലെത്താൻ കഴിയും. കൂടാതെ മൂലക്കയം ഗ്രാമത്തിലെ മുഴുവൻ ആളുകൾക്കും കിസുമം ഭാഗത്തേക്കും തൊട്ടടുത്ത ജംഗ്ഷനായ തുലാപ്പള്ളിയിലേക്കും അതുവഴി റാന്നിക്കും എളുപ്പത്തിൽ സഞ്ചരിക്കാൻ പാലം ഉപകരിക്കും. കൂടാതെ ശബരിമല തീർഥാടകരടക്കം എല്ലാ വിഭാഗം യാത്രക്കാർക്കും പാലം യാഥാർഥ്യമാകുന്നതോടെ ഏറെ പ്രയോജനപ്രദമാകും. ചെക്ക്ഡാം നിർമിക്കുന്നതോടെ പ്രദേശത്തെ ജലലഭ്യതയും വർധിക്കും. ചെക്ക്ഡാമിന് മുകളിലൂടെ സുഗമമായി വെള്ളമൊഴുക്ക് നടക്കും വിധമാണ് രൂപകല്പന.