കോട്ടയം: കുട്ടികളിലെ അമിതമായ ഫോണ്‍ ഉപയോഗത്തിന് കടിഞ്ഞാണിടാന്‍ പദ്ധതിയുമായി കേരള പോലീസ്. സ്ക്രീനുകള്‍ വിദ്യാര്‍ഥികളെയും യുവജനങ്ങളെയും അടിമകളാക്കുകയും തന്മൂലം നിരവധി സംഭവങ്ങളും ആത്മഹത്യകളും വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് പോലീസിന്റെ അടിയന്തിര ഇടപെടല്‍.
ഡി-ഡാഡ് അഥവാ ഡിജിറ്റല്‍ ഡി-അഡിക്ഷന് എന്ന പേരിലുള്ള പദ്ധതി പ്രധാനമായും കൗണ്‍സലിംഗിലൂടെ കുട്ടികള്‍ക്ക് ഡിജിറ്റല്‍ അടിമത്തത്തില്‍നിന്ന് മോചനമെന്നതാണ് ലക്ഷ്യംവയ്ക്കുന്നത്. ആരോഗ്യം, വനിതാ-ശിശു വികസനം, വിദ്യാഭ്യാസം എന്നീ വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. കേരള പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്.
മനഃശാസ്ത്ര വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ കുട്ടികളെ അഡിക്ഷനില്‍നിന്ന് മോചിപ്പിക്കാനുള്ള തെറാപ്പി, കൗണ്‍സലിംഗ്, മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവ പദ്ധതിയുടെ ഭാഗമാണ്. അമിതമായ സ്ക്രീന്‍ ടൈം പഠനത്തെയും സാമൂഹിക ഇടപെടലുകളെയും ഒരുപോലെ ബാധിക്കുന്ന സാഹചര്യത്തില്‍ അവരെ സഹായിക്കുന്നതിനായാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
കേരള പോലീസ് സോഷ്യല്‍ പോലീസിംഗ് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തനം. ദേശീയ തലത്തില്‍തന്നെ ആദ്യമായാണ് ഇത്തരത്തില്‍ ഒരു പദ്ധതി പോലീസ് നടപ്പാക്കുന്നതെന്നതും പ്രധാന പ്രത്യേകതയാണ്.
കൗണ്‍സലിംഗിലൂടെ പരിഹരിക്കാനാകാത്ത പ്രശ്നങ്ങളുള്ള കുട്ടികള്‍ക്കായി മാനസികാരോഗ്യ വിദഗ്ധരുടെ സഹായവും പദ്ധതി ഉറപ്പുവരുത്തുന്നു. ഇതിനായി സംസ്ഥാനത്തെ വിവിധ ജില്ലകളിലായി ആറു സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
നിലവില്‍ ഇവരുടെ നേതൃത്വത്തില്‍ സ്കൂളുകള്‍ മുഖാന്തിരം ഡിജിറ്റല്‍ അഡിക്ഷന്റെ ദോഷങ്ങളെക്കുറിച്ചുള്ള ക്ലാസുകളും കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും നേരിട്ടുള്ള കൗണ്‍സലിംഗും നടത്തിവരുന്നുണ്ട്. ഇതിന് തുടര്‍ച്ചയായാണ് ഡി-ഡാഡ് പ്രവര്‍ത്തിക്കുന്നത്. അനിയന്ത്രിതമായ ഡിജിറ്റല്‍ ഉപയോഗം, ഫോണ്‍ ലഭിക്കാതെ വരുമ്പോള്‍ ഉണ്ടാകുന്ന പ്രകോപനം, ദൈനംദിന കാര്യങ്ങളെ ബാധിക്കല്‍ എന്നിവയാണ് അഡിക്ഷന്റെ പ്രധാന ലക്ഷണം.
ഇത്തരം അടിമത്തം അമിത ദേഷ്യം, അക്രമാസക്തരാകല്‍, ആത്മഹത്യാ പ്രവണത, വിഷാദം, പഠനത്തിലെ ശ്രദ്ധക്കുറവ് എന്നിങ്ങനെയുള്ള ഗുരുതര പ്രശ്നങ്ങളിലേക്കും കൊണ്ടെത്തിക്കുന്നു. ഡി-ഡാഡില്‍ ബന്ധപ്പെടാന്‍ 949790200 എന്ന നമ്പറിലൂടെ സാധിക്കും. ഡി ഡാഡില്‍ ബന്ധപ്പെടുന്ന കുട്ടികളുടെ വിവരങ്ങള്‍ പൂര്‍ണമായും രഹസ്യമായി സൂക്ഷിക്കുന്നതായിരിക്കുമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.