ന്യൂയോർക്ക്: ലോകത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഇലക്്ട്രിക് കാർ എന്ന പേര് അമേരിക്കൻ ശതകോടീശ്വരൻ ഇലോണ്‍ മസ്കിന്റെ ടെസ്ലയെ മറികടന്ന് ചൈനീസ് കന്പനിയായി ബിവൈഡി സ്വന്തമാക്കി.
വാർഷിക വില്പനയിൽ ടെസ്ലയെ പിന്നിലാക്കി ചരിത്രത്തിൽ ആദ്യമായാണ് ബിവൈഡിക്ക് ഒന്നാമതെത്തുന്നത്.
2025ൽ കാർ വില്പനയിൽ വലിയ ഇടിവാണ് ടെസ്ലയ്ക്കുണ്ടായത്. കഴിഞ്ഞ വർഷം വില്പനയിൽ ഒന്‍പത് ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. ആകെ വിറ്റ ഇവികളുടെ എണ്ണം 16.4 ലക്ഷം ആണ്. തുടർച്ചയായ രണ്ടാം വർഷമാണ് വില്പനയിൽ കുറവുണ്ടാകുന്നത്.
2025ൽ ബിവൈഡിക്ക് കൂടിയ വില്പന നടന്നു. വില്പനയിൽ 28 ശതമാനത്തിന്റെ വർധനയുണ്ടായി. ആകെ 22.5 ലക്ഷം വാഹനങ്ങളാണ് ലോകവ്യാപകമായി വിറ്റത്. ടെസ്ലയെ അപേക്ഷിച്ച് വില കുറവാണെന്നത് ചൈനീസ് കന്പനിക്ക് അനുകൂലമായി. പ്രീമിയം ഉപയോക്താക്കൾ മാത്രം ടെസ്ല കാറുകളിലേക്ക് തിരിയുന്പോൾ എല്ലാത്തരം വാഹനപ്രേമികളെയും ആകർഷിക്കാൻ ബിവൈഡിക്ക് സാധിക്കുന്നു.
2025ലെ അവസാന മൂന്നു മാസങ്ങളിൽ ടെസ്ലയുടെ വില്പനയിലുള്ള കുറവ് 16 ശതമാനമാണ്. 2026ൽ ടെസ്ലയുടെ വില്പന കുറയുമെന്നാണ് വാൾസ്ട്രീറ്റ് അനലിസ്റ്റുകളുടെ നിഗമനം.
ചൈനീസ് കന്പനികളായ ഗിലി, എംജി, ബിവൈഡി എന്നിവ കാറുകൾക്ക് വില കുറച്ചുകൊണ്ട് ടെസ്ല ഉൾപ്പെടെയുള്ള പാശ്ചാത്യ കന്പനികൾക്കു വെല്ലുവിളി ഉയർത്തി. ഇതു തടയാൻ ഒക്ടോബറിൽ യുഎസിൽ കൂടുതൽ വിറ്റഴിക്കപ്പെട്ട രണ്ടു മോഡലുകളുടെ കുറഞ്ഞ വിലയിലുള്ള മോഡലുകളും വിപണിയിലിറക്കിയിരുന്നു. ഇവയ്ക്കും വില്പനയിൽ മെച്ചമുണ്ടാക്കാനായില്ല.