ജര്‍മന്‍ ആഡംബര വാഹന ബ്രാന്‍ഡായ പോര്‍ഷെയുടെ ചരിത്രത്തില്‍ കയെന് എസ്യുവിക്ക് വലിയ സ്ഥാനമുണ്ട്. 2000ങ്ങളുടെ തുടക്കത്തില്‍ സ്പോര്‍ട്സ് കാറുകളില്‍ നിന്ന് മാറി എസ്യുവി വിപണിയിലേക്ക് കമ്പനി നടത്തിയ വലിയ ചുവടുവയ്പ്പായിരുന്നു കയെന്.
ഇന്ന് ഇലക്ട്രിക് വിപ്ലവത്തിന്റെ കാലത്ത് തങ്ങളുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലുകളിലൊന്നായ കയെനിനെ ഇലക്ട്രിക് രൂപത്തില്‍ അവതരിപ്പിച്ചിരിക്കുകയാണ് പോര്‍ഷെ.
ഇന്ത്യയിലെ ആഡംബര ഇലക്ട്രിക് കാര്‍ പ്രേമികളെ ലക്ഷ്യമിട്ട് മക്കാന് ഇവിക്ക് പിന്നാലെ എത്തുന്ന കയെന് ഇലക്ട്രിക് കൂടി എത്തുന്പോൾ ഇവി വിപണിയില്‍ ആധിപത്യം ഉറപ്പിക്കാനാണ് പോര്‍ഷെ ലക്ഷ്യമിടുന്നത്.
പുറംമോടിയും അകംമോടിയും
നിലവിലുള്ള കയെന് മോഡലിന്റെ കരുത്തുറ്റ രൂപം നിലനിര്‍ത്തിക്കൊണ്ടുതന്നെ കൂടുതല്‍ സ്പോര്‍ട്ടിയായ മാറ്റങ്ങള്‍ വരുത്തിയാണ് വാഹനം എത്തിയിരിക്കുന്നത്. ഏറോഡൈനാമിക് കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത മുന്‍ഭാഗം വാഹനത്തിന്റെ റേഞ്ച് കൂട്ടാന്‍ സഹായിക്കുന്നു.
പുതിയ എച്ച്ഡി മാട്രിക്സ് എല്‍ഇഡി ഹെഡ്ലൈറ്റുകള് വാഹനത്തിന് ഗാംഭീര്യം നല്കുന്നു. മുന്‍വശത്തെ ഗ്രില്ലുകളിലും വശങ്ങളിലും വരുത്തിയിട്ടുള്ള മിനുക്കുപണികള്‍ കയെന് സ്പോര്‍ട്ടി ലുക്ക് നൽകുന്നു. 4,985 എംഎം നീളവും 3,023 എംഎം വീല്‍ബേസും ഉള്ളതിനാല്‍ റോഡില്‍ മികച്ച പ്രൗഢിയും സ്ഥിരതയും വാഹനം കാഴ്ചവയ്ക്കുന്നു.
പോര്‍ഷെ ഡ്രൈവര്‍ എക്സ്പീരിയന്‍സ് എന്ന കണ്‍സെപ്റ്റിലാണ് അകത്തളം ഒരുക്കിയിരിക്കുന്നത്. ഡ്രൈവര്‍ക്ക് മുന്നിലായി 14.25 ഇഞ്ച് വലിപ്പമുള്ള കര്‍വ്ഡ് ഒഎല്‍ഇഡി ഇന്സ്ട്ര്മെന്റ് ക്ലസ്റ്റര്‍ നല്‍കിയിട്ടുണ്ട്.
ഇതിനുപുറമെ ഡാഷ്ബോര്‍ഡിന്റെ മധ്യഭാഗത്ത് 14.5 ഇഞ്ചിന്റെ ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവുമുണ്ട്. യാത്രക്കാര്‍ക്കായി പ്രത്യേകമായി 14.9 ഇഞ്ച് ഡിസ്പ്ലേ ഓപ്ഷണലായി ലഭ്യമാണ്.
പനോരമിക് സണ്‍റൂഫ്, ആംബിയന്റ് ലൈറ്റിംഗ്, പ്രീമിയം ബര്‍മസ്റ്റര്‍ സൗണ്ട് സിസ്റ്റം എന്നിവ അകത്തളത്തിലെ ആഡംബരം വര്‍ധിപ്പിക്കുന്നു.
കരുത്തുറ്റ ബാറ്ററിയും റേഞ്ചും
ഇന്ത്യയില്‍ പ്രധാനമായും രണ്ട് വേരിയന്റുകളിലാണ് കയെന് ഇവി എത്തുന്നത്. സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ "കയെന് ഇലക്ട്രിക്’, കരുത്തുറ്റ മോഡല്‍ "കയെന് ടര്‍ബോ ഇലക്ട്രിക്’ എന്നിങ്ങനെയാണ് മോഡലുകൾ.
അതില്‍ കയെന് ഇലക്ട്രിക് 442 പിഎസ് പവറും 835 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 4.8 സെക്കന്‍ഡ് കൊണ്ട് പൂജ്യത്തില്‍നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വാഹനത്തിന് സാധിക്കും.
കയെന് ടര്‍ബോ ഇലക്ട്രിക്ക് 1,156 പിഎസ് എന്ന അവിശ്വസനീയമായ പവറും 1,500 എന്‍എം ടോര്‍ക്കും പുറത്തെടുക്കുന്നു. വെറും 2.5 സെക്കന്‍ഡുകള്‍ കൊണ്ട് 100 കിലോമീറ്റര്‍ വേഗത വാഹനം കൈവരിക്കും.
റേഞ്ചിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും പോര്‍ഷെ തയാറായിട്ടില്ല. 113 കിലോവാട്ട് ശേഷിയുള്ള ബാറ്ററി പാക്കാണ് വാഹനത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 642 കിലോമീറ്റര്‍ ദൂരം യാത്ര ചെയ്യാന്‍ സാധിക്കും.
800 വോള്‍ട്ട് സിസ്റ്റം പിന്തുണയ്ക്കുന്നതിനാല്‍ അള്‍ട്രാ ഫാസ്റ്റ് ഡിസി ചാര്‍ജിംഗ് വഴി വെറും 16 മിനിറ്റിനുള്ളില്‍ ബാറ്ററിയുടെ ചാര്‍ജ് 10 ശതമാനത്തില്‍ നിന്ന് 80 ശതമാനത്തിലേക്ക് എത്തിക്കാന്‍ സാധിക്കും.
ഇന്ത്യയില്‍ കംപ്ലീറ്റ്ലി ബില്‍ഡ് യൂണിറ്റായിട്ടാണ് വാഹനം എത്തുന്നത്. പോര്‍ഷെ കയെന് ഇലക്ട്രികിന്റെ എക്സ് ഷോറൂം വില 1.76 കോടി രൂപയാണ്.
കൂടുതല്‍ കരുത്തുള്ള പോര്‍ഷെ കയെന് ടര്‍ബോ ഇലക്ട്രിക് ടോപ്പ് എന്‍ഡ് വേരിയന്റിന് 2.26 കോടി രൂപയാണ് എക്സ് ഷോറൂം വില.
ഔഡി ക്യു8 ഇട്രോണ്‍, ബിഎംഡബ്ല്യു ഐഎക്സ്, ലോട്ടസ് എലെട്രെ, മെഴ്സിഡസ് ബെന്‍സ് ഇക്യുഎസ് എസ്യുവി എന്നിവരാണ് പ്രധാന എതിരാളികള്‍.
Tags : Porsche Cayenne Electric car EV