ലോഞ്ച് ചെയ്ത് അഞ്ച് വർഷം പിന്നിടുന്പോൾ കൂടുതൽ കരുത്തോടും ആധുനികമായ മാറ്റങ്ങളോടും കൂടി 2026 സ്കോഡ കുഷാഖ് ഫെയ്സ്ലിഫ്റ്റ് വിപണിയിൽ എത്തിയിരിക്കുകയാണ്. ഡിസൈനിലും സാങ്കേതികവിദ്യയിലും സുരക്ഷയിലും വരുത്തിയ വിപുലമായ മാറ്റങ്ങൾ കുഷാഖിനെ എതിരാളികളേക്കാൾ ഒരു പടി മുന്നിലെത്തിക്കുന്നുണ്ട്.
ഡിസൈനിലെ ആധുനികത
പുതിയ കുഷാഖിന്റെ ഏറ്റവും ശ്രദ്ധേയമായ മാറ്റം അതിന്റെ പുറംമോടിയിലാണ്. സ്കോഡയുടെ ആഗോള ഡിസൈൻ ഭാഷയായ "മോഡേണ്‍ സോളിഡ്’ ശൈലിയിലാണ് കുഷാഖ് ഫെയ്സ്ലിഫ്റ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. മുൻഭാഗത്തെ ഗ്രില്ലിന് കൂടുതൽ കരുത്തുറ്റ രൂപം നൽകിയിട്ടുണ്ട്. ഇതിനോട് ചേർന്നുനിൽക്കുന്ന നേർത്ത എൽഇഡി ഹെഡ്ലാന്പുകളും ക്രിസ്റ്റലിൻ രൂപത്തിലുള്ള ഐബ്രോ ഡിആർഎല്ലുകളും വാഹനത്തിന് പ്രീമിയം ലുക്ക് നൽകുന്നു.
മുൻവശത്തെ ഗ്രില്ലിലൂടെ കടന്നുപോകുന്ന എൽഇഡി ലൈറ്റ് സ്ട്രിപ്പും പിന്നിലെ ടെയിൽ ലാന്പുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കണക്റ്റഡ് എൽഇഡി ബാറും രാത്രികാലങ്ങളിൽ വാഹനത്തിന് പ്രത്യേക ലുക്ക് നൽകും. വശങ്ങളിൽ പുതിയ ഡിസൈനിലുള്ള 17 ഇഞ്ച് അലോയ് വീലുകൾ വാഹനത്തിന് സ്പോർട്ടി ഭാവം വർധിപ്പിക്കുന്നു.
ഉൾഭാഗത്തെ ആഡംബരം
വാഹനത്തിനുള്ളിൽ പ്രീമിയം നിലവാരമുള്ള ഡാഷ്ബോർഡും മെറ്റീരിയലുകളുമാണ് നൽകിയിരിക്കുന്നത്. ഉൾവശത്തെ പ്രധാന ആകർഷണം പുതിയ 10.25 ഇഞ്ച് വലിപ്പമുള്ള ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്ററാണ്. കൂടാതെ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനായി 10.1 ഇഞ്ച് വലിപ്പമുള്ള ടച്ച്സ്ക്രീൻ ഡിസ്പ്ലേയും ഒരുക്കിയിരിക്കുന്നു.
മിഡ്-സൈസ് എസ്യുവി സെഗ്മെന്റിൽ ആദ്യമായി പിൻസീറ്റിൽ മസാജ് ഫംഗ്ഷൻ ലഭിക്കുന്ന വാഹനമാണ് കുഷാഖ് ഫെയ്സ്ലിഫ്റ്റ്. സിക്സ് വേ ഇലക്ട്രിക്കലി അഡ്ജസ്റ്റബിൾ ഫ്രണ്ട് സീറ്റുകളും താഴ്ന്ന വേരിയന്റുകളിൽ ഇലക്ട്രിക് സണ്‍റൂഫും ഉയർന്ന വേരിയന്റുകളിൽ പനോരമിക് സണ്‍റൂഫും പുതിയ കുഷാഖിന് കന്പനി നൽകിയിരിക്കുന്നു.
സാങ്കേതികവിദ്യയുടെ കരുത്ത്
സാങ്കേതികവിദ്യയുടെ കാര്യത്തിൽ കുഷാഖ് ഫെയ്സ്ലിഫ്റ്റ് ഏറെ മുന്നിലാണ്. ഗൂഗിൾ ജെമിനി എഐ അടിസ്ഥാനമാക്കിയുള്ള വോയിസ് അസിസ്റ്റന്റ് സിസ്റ്റമാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് ഡ്രൈവർക്ക് ലളിതമായ സംഭാഷണങ്ങളിലൂടെ എസി നിയന്ത്രിക്കാനും നാവിഗേഷൻ പ്രവർത്തിപ്പിക്കാനും സഹായിക്കുന്നു.
വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിക്കൊപ്പം വായു ശുദ്ധീകരിക്കാനുള്ള എയർ പ്യൂരിഫയറും വെന്റിലേറ്റഡ് സീറ്റുകളും യാത്ര കൂടുതൽ സുഖകരമാക്കുന്നു. റെയിൻ സെൻസിംഗ് വൈപ്പറുകൾ, ഡീഫോഗറുകൾ, ഓട്ടോ-ഡിമ്മിംഗ് ഐആർവിഎമ്മുകൾ, റിയർ വൈപ്പറുകൾ എന്നിവയും ഇപ്പോൾ സ്റ്റാൻഡേർഡ് മോഡലിൽ ലഭിക്കും.
വിട്ടുവീഴ്ചയില്ലാത്ത സുരക്ഷ
സുരക്ഷയുടെ കാര്യത്തിൽ സ്കോഡ എന്നും മുൻപന്തിയിലാണ്. ഗ്ലോബൽ എൻക്യാപ് ടെസ്റ്റിൽ മുൻപേതന്നെ ഫൈവ് സ്റ്റാർ നേടിയ കുഷാഖ് ഇത്തവണ കൂടുതൽ സുരക്ഷാ ഫീച്ചറുകൾ കൂട്ടിച്ചേർത്തിട്ടുണ്ട്. ലെവൽ 2 അഡാസ് സാങ്കേതികവിദ്യയാണ് ഇതിലെ പ്രധാന മാറ്റം. ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, ലെയ്ൻ കീപ്പ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കണ്ട്രോൾ, ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ എന്നിവ ഡ്രൈവിംഗ് സുരക്ഷിതമാക്കുന്നു. എല്ലാ മോഡലുകളിലും സ്റ്റാൻഡേർഡ് ആയി ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്ട്രോൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.
പുതിയ ഗിയർബോക്സ്
പെർഫോമൻസിന്റെ കാര്യത്തിൽ കുഷാഖിൽ ഇത്തവണ ഗിയർബോക്സിലാണ് വിപ്ലവകരമായ മാറ്റം വരുത്തിയിരിക്കുന്നത്. 1.0 ലിറ്റർ ടിഎസ്ഐ എൻജിനിൽ പഴയ 6-സ്പീഡ് ഓട്ടോമാറ്റിക് മാറി പകരം കൂടുതൽ കാര്യക്ഷമമായ 8-സ്പീഡ് ടോർക്ക് കണ്‍വെർട്ടർ ഗിയർബോക്സ് സ്ഥാനം പിടിച്ചു.
കരുത്തുറ്റ 1.5 ലിറ്റർ ടിഎസ്ഐ എൻജിൻ 150 എച്ച്പി പവർ നൽകുന്നത് തുടരുന്നു. ഇതിനൊപ്പം ലഭ്യമായ 7-സ്പീഡ് ഡിഎസ്ജി ഗിയർബോക്സ് വേഗത്തിലുള്ള ഗിയർ മാറ്റങ്ങൾക്കും പെർഫോമൻസിനും സഹായിക്കുന്നു. സസ്പെൻഷൻ സംവിധാനത്തിലും സ്കോഡ ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
സ്കോഡ കുഷാഖിന് നാല് വർഷത്തെ സൂപ്പർ കെയർ വാറണ്ടി സൗജന്യമായി വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് ആറുവർഷം വരെ നീട്ടാനും സാധിക്കും. ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, ഹോണ്ട എലിവേറ്റ് എന്നിവരാണ് പുതിയ കുഷാഖിന്റെ പ്രധാന എതിരാളികൾ.
Tags : Kushak Kushaq facelift Skoda