ഇന്ത്യൻ വാഹനവിപണിയിൽ മിഡ്-സൈസ് എസ്യുവി വിഭാഗത്തിൽ തരംഗം സൃഷ്ടിച്ച സെൽറ്റോസിന്റെ ഏറ്റവും പുതിയ പതിപ്പ് "സെൽറ്റോസ് 2026' കിയ അവതരിപ്പിച്ചു.
രൂപകൽപ്പനയിലും സാങ്കേതികവിദ്യയിലും സുരക്ഷാ സംവിധാനങ്ങളിലും ഗണ്യമായ മാറ്റങ്ങൾ വരുത്തിയാണ് വാഹനം ഇന്ത്യൻ നിരത്തിൽ എത്തുന്നത്. കാഴ്ചയിലും സ്പർശനത്തിലും പ്രീമിയം അനുഭവം നൽകുന്നതിലാണ് കിയ ഇത്തവണ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
കിയയുടെ ‘ടൈഗർ നോസ്’ ഗ്രില്ലിന് പുതിയ മോഡലിൽ കൂടുതൽ വലുപ്പവും മിഴിവും നൽകിയിട്ടുണ്ട്. ഗ്രില്ലിന് ചുറ്റുമുള്ള ഡാർക്ക് ക്രോം ഫിനിഷുകൾ പ്രീമിയം ഭാവം നൽകുന്നു.
പുനരവതരിപ്പിച്ച എൽഇഡി ഹെഡ്ലാന്പുകളും സ്റ്റൈലിഷ് ഡിആർഎല്ലുകളും മുൻവശത്തിനും കണക്റ്റുചെയ്ത രീതിയിലുള്ള പുതിയ എൽഇഡി ടെയിൽ ലാന്പുകൾ പിന്നിലും വാഹനത്തിന് ആധുനിക ഫിനിഷിംഗ് നൽകുന്നു. പുതിയ ഡിസൈനിലുള്ള 18 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ സെൽറ്റോസിന്റെ സ്പോർട്ടി ഭാവം വർദ്ധിപ്പിക്കുന്നുണ്ട്.
അകത്തളം
അകത്തളം സാങ്കേതികവിദ്യയിലും യാത്രാസുഖത്തിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.വലിയ പനോരമിക് സണ്‍റൂഫ്, വെന്റിലേറ്റഡ് സീറ്റുകൾ, 8-സ്പീക്കർ ബോസ് പ്രീമിയം സൗണ്ട് സിസ്റ്റം, വയർലെസ് ഫോണ്‍ ചാർജിംഗ് പാഡ്, യുവിഒ കണക്റ്റിവിറ്റി സൂട്ട്, എയർ പ്യൂരിഫയർ, പവർഡ് ഡ്രൈവർ സീറ്റ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോൾ, ഹൈ ബീം അസിസ്റ്റ്, 360-ഡിഗ്രി കാമറ എന്നിവ യാത്ര കൂടുതൽ സുഖകരമാക്കും.
മികച്ച നിലവാരമുള്ള മെറ്റീരിയലുകൾ ഉപയോഗിച്ചുള്ള ഇന്റീരിയർ ഫിനിഷിംഗ് സെൽറ്റോസിന്റെ പ്രീമിയം നിലവാരം ഉയർത്തുന്നുണ്ട്.
സുരക്ഷ
സാങ്കേതികവിദ്യയിലും സുരക്ഷയിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടാണ് ഈ വാഹനത്തിലെ ഫീച്ചറുകൾ സജ്ജീകരിച്ചിരിക്കുന്നത്. പുതിയ പതിപ്പിൽ അഡാസ് ലെവൽ 2 സവിശേഷതകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫോർവേഡ് കൊളീഷൻ അവോയിഡൻസ് അസിസ്റ്റ്, ലെയ്ൻ കീപ്പ് അസിസ്റ്റ്, ബ്ലൈൻഡ് സ്പോട്ട് കൊളിഷൻ വാർണിംഗ്, സ്മാർട്ട് ക്രൂയിസ് കണ്ട്രോൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്ട്രോൾ, ഹിൽ അസിസ്റ്റ് കണ്ട്രോൾ തുടങ്ങിയ ഫീച്ചറുകൾ റോഡുകളിൽ കൂടുതൽ സുരക്ഷിതമായ ഡ്രൈവിംഗ് അനുഭവം ഉറപ്പാക്കുന്നു.
എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡ് ഫീച്ചറായി ആറ് എയർബാഗുകൾ നൽകിയിരിക്കുന്നു. ക്യാബിനില്‍ ഐസോഫിക്സ് ആങ്കറുകള്‍, എല്ലാ സീറ്റുകളിലും മൂന്ന് പോയിന്റ് സീറ്റ് ബെല്‍റ്റുകള്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, ചൈല്‍ഡ് ലോക്കുകള്‍, ഇംപാക്ട് സെന്‍സിംഗ് ഓട്ടോ അണ്‍ലോക്ക് ഉള്ള സ്പീഡ് സെന്‍സിംഗ് ഡോര്‍ ലോക്കുകള്‍ എന്നിവ സുരക്ഷാ ഫീച്ചറു കളിൽ ഉള്‍പ്പെടുന്നു.
എൻജിൻ
മുൻ മോഡലിലെ 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍, 1.5 ഡീസല്‍ എന്നീ മൂന്ന് എൻജിന് ഓപ്ഷനുകള്‍ പുതുതലമുറയിലേക്കും പറിച്ചുനട്ടിട്ടുണ്ട്. നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ 115 ബിഎച്ച്പി പവറും 144 എൻഎം ടോര്‍ക്കും ടര്‍ബോ പെട്രോള്‍ 160 ബിഎച്ച്പി പവറും 253 എൻഎം ടോര്‍ക്കും ഡീസല്‍ 116 ബിഎച്ച്പി പവറും 250 എൻഎം ടോര്‍ക്കും പുറപ്പെടുവിക്കുന്നു.
മാനുവൽ, ഓട്ടോമാറ്റിക്, ഡിസിടി പോലുള്ള വിവിധ ട്രാൻസ്മിഷൻ ഓപ്ഷനുകളും പുതിയ സെൽറ്റോസിൽ ലഭ്യമാണ്. ഉയർന്ന വേരിയന്റുകളിൽ, ഡ്രൈവിംഗ് സാഹചര്യങ്ങൾക്കനുസരിച്ച് മാറ്റം വരുത്താവുന്ന ഡ്രൈവ് മോഡുകളും ട്രഷൻ മോഡുകളും നൽകിയിട്ടുണ്ട്.
ഉപഭോക്താക്കൾക്ക് എട്ട് മോണോ-ടോണ്‍, രണ്ട് ഡ്യുവൽ-ടോണ്‍ കോന്പിനേഷനുകളിലും വാഹനം തെരഞ്ഞെടുക്കാനാവും. ഒരു എക്സ്ക്ലൂസീവ് മാറ്റ് കളറും കന്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. പുതിയ സെല്‍റ്റോസിന്റെ വില 2026 ജനുവരി രണ്ടിന് പ്രഖ്യാപിക്കും. രാജ്യത്തുടനീളം ബുക്കിംഗുകള്‍ ആരംഭിച്ചുകഴിഞ്ഞു. 25,000 രൂപയ്ക്ക് വാഹനം ബുക്ക് ചെയ്യാനാകും.
Tags : Seltos KIA revolution SUV