Kerala
തിരുവനന്തപുരം: എകെജി സെന്ററിന് സമീപം തട്ടുകട നടത്തിയിരുന്നയാൾ മരിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ വീട് സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.
കുന്നുകുഴിയിൽ എകെജി സെന്ററിനടുത്ത് തട്ടുകട നടത്തിയിരുന്ന ഷാജിയുടെ കുടുംബത്തെയാണ് മുഖ്യമന്ത്രി സന്ദർശിച്ചത്.
രണ്ടരപതിറ്റാണ്ടിലേറെയായി ഷാജിയെ അറിയാമെന്നും ചെറുപുഞ്ചിരിയോടെയാണ് അദ്ദേഹത്തെ എപ്പോഴും കണ്ടിട്ടുള്ളതെന്നും പാർട്ടിയെ നെഞ്ചേറ്റിയ കുടുംബം കൂടിയാണ് അദ്ദേഹത്തിന്റേതെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ഷാജിയുടെ വിയോഗം ഏറെ വേദനയുളവാക്കുന്നതാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
NRI
ടെക്സസ്: പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജി കെ.പി. ജോർജ് തിങ്കളാഴ്ച കോടതിയിൽ ഹാജരായി. ഫെബ്രുവരിയിൽ വിചാരണ തുടങ്ങാനിരിക്കെ നടന്ന വാദത്തിനിടെ, അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിവാദ പോസ്റ്റ് പ്രധാന ചർച്ചാവിഷയമായി.
സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചതിനെയും അതിനായി നികുതിപ്പണം ചെലവാക്കുന്നതിനെയും ചോദ്യം ചെയ്ത് കെ.പി. ജോർജിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പേജിൽ വന്ന ഫേസ്ബുക്ക് പോസ്റ്റാണ് വിവാദമായത്. എന്നാൽ, കേസുകളിൽ നിന്ന് പിടിച്ചെടുക്കുന്ന തുകയാണ് ഇതിനായി ഉപയോഗിക്കുന്നതെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കിയതോടെ പോസ്റ്റ് പിൻവലിച്ചു.
ഇത് ഒരു കാമ്പയിൻ പോസ്റ്റ് മാത്രമായിരുന്നുവെന്നും സ്പെഷ്യൽ പ്രോസിക്യൂട്ടറുടെ നിയമനത്തിൽ തങ്ങൾക്ക് എതിർപ്പില്ലെന്നും ജോർജിന്റെ അഭിഭാഷകൻ ജാരെഡ് വുഡ്ഫിൽ കോടതിയെ അറിയിച്ചു.
സോഷ്യൽ മീഡിയയിലെ വ്യാജ പ്രചാരണവുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ ചൊവ്വാഴ്ചയും അദ്ദേഹം കോടതിയിൽ ഹാജരാകും. ഈ കേസിന്റെ ജൂറി സെലക്ഷൻ ചൊവ്വാഴ്ച ആരംഭിച്ചിട്ടുണ്ട്.
കെ.പി. ജോർജിന്റെ മുൻ ചീഫ് ഓഫ് സ്റ്റാഫ് തരാൽ പട്ടേലിനെ ഈ കേസിൽ സാക്ഷിയായി വിസ്തരിച്ചേക്കും. അഴിമതി ആരോപണങ്ങളും പാർട്ടി മാറ്റവും ഉൾപ്പെടെ നിരവധി നിയമപോരാട്ടങ്ങളിലൂടെയാണ് മലയാളി വംശജൻ കൂടിയായ കെ.പി. ജോർജ് ഇപ്പോൾ കടന്നുപോകുന്നത്.
Kerala
തിരുവനന്തപുരം: കേരളത്തിൽ പുതിയ ജില്ലകൾ വേണം എന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി.ടി. ബൽറാം. കേരളത്തിൽ നിലവിൽ അഞ്ച് ജില്ലകൾക്ക് സാധ്യതയുണ്ടെന്നാണ് ബൽറാമിന്റെ നിരീക്ഷണം.
ഇതെന്റെ പാർട്ടിയുടേയോ മുന്നണിയുടേയോ ഔദ്യോഗിക അഭിപ്രായമല്ല എന്നും എന്റെ തന്നെ സുചിന്തിതമായ അന്തിമാഭിപ്രായമല്ല എന്ന് മുൻകൂട്ടി വ്യക്തമാക്കുന്നുവെന്നും സൂചിപ്പിച്ച് ഫേസ്ബുക്കിലൂടെയാണ് ബെൽറാം പോസ്റ്റ് പങ്കുവച്ചത്.
'കേരളത്തിൽ പുതുതായി അഞ്ച് ജില്ലകൾക്കെങ്കിലും സ്കോപ്പുണ്ട്. ഇപ്പോഴത്തെ തിരുവനന്തപുരം, കൊല്ലം ജില്ലകളെ പുന:ക്രമീകരിച്ച് ഒരു പുതിയ ജില്ല കൂടി ആവാം, എറണാകുളം, തൃശൂർ ജില്ലകളുടെ ഭാഗങ്ങൾ ഉൾപ്പെടുത്തി ഒരു പുതിയ ജില്ല കൂടി ആവാം, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളുടെ ഭാഗങ്ങൾ ഉൾപ്പെടുത്തി രണ്ട് പുതിയ ജില്ലകൾക്ക് കൂടി സാധ്യതയുണ്ട്. മൂന്ന് ജില്ലകളെ അഞ്ചാക്കാം, കോഴിക്കോട്, കണ്ണൂർ ജില്ലകൾക്കിടയിൽ ഒരു പുതിയ ജില്ല കൂടി ആവാം. ചർച്ചകൾ നടക്കട്ടെ'-വി.ടി. ബെൽറാം ഫേസ്ബുക്കിൽ കുറിച്ചു.
District News
തിരുവനന്തപുരം: ശാസ്തമംഗലത്തെ കോര്പറേഷന് കെട്ടിടത്തില്‍ കൗണ്‍സിലര്‍ ആര്. ശ്രീലേഖ ഓഫീസ് തുറന്നു. ഭാരതാംബയുടെ ചിത്രം കസേരയില്വച്ചു വിളക്കു കൊളുത്തിയാണ് കൗണ്‍സിലര്‍ ഓഫീസ് തുറന്നത്.
പിന്നാലെ ജനപ്രതിനിധി എന്ന തന്റെ പുതിയ ദൗത്യം തുടങ്ങിയ സന്തോഷം ശ്രീലേഖ ഫേസ് ബുക്കില്‍ പങ്കുവച്ചു.
"എന്റെ ഇത്തിരിപ്പോന്ന കുഞ്ഞ് ഓഫീസ് മുറി, കഷ്ടിച്ചു 70-75 സ്ക്വയര്‍ഫീറ്റ്. പക്ഷെ ചുറ്റിനും ടണ്‍ കണക്കിനു വേസ്റ്റ്. ഇന്നു മുതല്‍ സേവനം തുടങ്ങി. ഒരു മുറിയെന്നു പറയാന്‍ ആവില്ല... ചെറിയ ഒരിടം. ആത്മാര്‍ഥതയുള്ള ഒരു ജനസേവികക്ക് ഇവിടെയും പ്രവര്‍ത്തിക്കാം... ഇന്നുച്ചവരെ ഇവിടെ വന്നത് 18 പേര്. അവരെ സഹായിച്ചതില്‍ തൃപ്തി. അതുമതി'യെന്നും ശ്രീലേഖ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ വട്ടിയൂര്‍ക്കാവ് എംഎല്‍എ വി.കെ. പ്രശാന്തുമായുണ്ടായ ഓഫീസ് ഒഴിപ്പിക്കല്‍ തര്‍ക്കങ്ങളുടെ ബാക്കിയെന്നോണമുള്ള വാക്കുകളാണു ശ്രീലേഖ ഫേസ് ബുക്കില്‍ കുറിച്ചത്. ശാസ്തമംഗലത്തെ കോര്പറേഷന് കെട്ടിടത്തിലെ വി.കെ.പ്രശാന്തിന്റെ ഓഫീസ് ഒഴിയണമെന്നു ശ്രീലേഖ നേരത്തെ ആവശ്യപ്പെട്ടിരുന്നു. തന്റെ ഓഫീസ് സൗകര്യപ്രദമായി പ്രവര്‍ത്തിപ്പിക്കുന്നതിന് പ്രശാന്ത് ഒഴിയണമെന്നായിരുന്നു ശ്രീലേഖ ആവശ്യപ്പെട്ടത്. പിന്നാലെയാണ് ഇന്നലെ മുതല്‍ ശ്രീലേഖ കോര്പറേഷന് കെട്ടിടത്തില്‍ കൗണ്‍സിലര്‍ ഓഫീസ് തുറന്നത്.
Kerala
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി ബിനീഷ് കോടിയേരി. ചെഗുവേരയെയും ഫിദൽ കാസ്ട്രോയെയും ഉദ്ധരിച്ചാണ് ആദ്യം ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ചത്.
പിന്നീട് അത് തിരുത്തി. പുതിയ കുറിപ്പിൽ കാസ്ട്രോയുടെയും ചെഗുവേരയുടെയും പേരുകളില്ല. "ഒരിക്കൽ ചെഗുവേര, ഫിദൽ കാസ്ട്രോയോട് ചോദിച്ചു. ഫിദൽ, നമ്മൾ തോറ്റു പോയാൽ എന്തു ചെയ്യും...?. ഫിദൽ മറുപടി പറഞ്ഞു "പോരാട്ടം തുടരും'. ചെഗുവേര വീണ്ടും ചോദിച്ചു "അപ്പോൾ നമ്മൾ വിജയിച്ചാലോ..?'. ഫിദൽ മറുപടി പറഞ്ഞു "വീണ്ടും പോരാട്ടം തുടരും.' "അതെ., വീണ്ടും പോരാട്ടം തുടരും..’ എന്നായിരുന്നു ബിനീഷ് ആദ്യം ഫേസ്ബുക്കിൽ കുറിപ്പിട്ടത്. എന്നാൽ, പിന്നീട് ഇതു തിരുത്തി.
ഒരു തെരഞ്ഞെടുപ്പിൽ ലഭിക്കുന്ന വോട്ടുകളോ സീറ്റുകളോ അല്ല ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രസക്തിയും സ്വാധീനവും നിശ്ചയിക്കുന്നതെന്നും തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ നിരാശയോ,
വിജയിച്ചാൽ അമിതാഹ്ളാദമോ കമ്മ്യൂണിസ്റ്റുകാർക്ക് ഉണ്ടാകരുത്, ഉണ്ടാകാൻ പാടില്ലെന്നും പുതിയ കുറിപ്പിൽ അദ്ദേഹം എഴുതി.
തെരഞ്ഞെടുപ്പ് അവരെ സംബന്ധിച്ചിടത്തോളം മറ്റേതൊരു രാഷ്ട്രീയ സമരം പോലെ തന്നെയാണ്.
കമ്യൂണിസ്റ്റ്കാരന്റെ ദൗത്യം തെരഞ്ഞെടുപ്പിനും അപ്പുറത്തേക്ക് അനീതിക്കും ചൂഷണത്തിനുമെതിരായ സംഘം ചേരലാണ്, നിരന്തരമായ പോരാട്ടമാണ്. സഖാക്കളെ ,മുന്നോട്ട്. .."അതെ., വീണ്ടും പോരാട്ടം തുടരും.'- ബിനീഷ് കോടിയേരി ഫേസ്ബുക്കിൽ കുറിച്ചു.
Kerala
കൊച്ചി: തനിക്കെതിരായ സൈബര്‍ ആക്രമണത്തില്‍ തകരില്ലെന്ന് നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ അഭിഭാഷകയായ ടി.ബി. മിനി. ദിലീപ് പീഡിപ്പിച്ചാല്‍ കുഴപ്പമില്ലെന്ന് താന്‍ പറഞ്ഞതായി ചിലയാളുകള്‍ പ്രചരിപ്പിക്കുന്നുണ്ടെന്നും അതില്‍ ഒരു സത്യവും ഇല്ലെന്നും മിനി വ്യക്തമാക്കി. താന്‍ പറഞ്ഞതില്‍ നിന്നും അടര്‍ത്തി എടുത്ത് പ്രചരിപ്പിക്കുന്ന വരികളാണിതെന്ന് അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
"ഇയാള്‍ ചെയ്ത തെറ്റിന്റെ ആഴവും അപമാനവും പറഞ്ഞതിന്റെ തുടര്‍ച്ചയായി ആണ് ഞാന്‍ ഇത് വിശദീകരിച്ചത്. വരികള്‍ അടര്‍ത്തി എടുത്ത് ആര്‍മാദിക്കുന്നവരോട് സഹതാപം മാത്രം. 12-ാം തീയതിക്ക് ശേഷം നമ്മള് വിശദീകരിക്കും. പീഡനം തന്നെ ഒരു കുറ്റകൃത്യമാണ്. ക്വട്ടേഷന്‍ കൊടുത്ത് ചെയ്യിക്കുമ്പോഴത് "ഡബിള്‍ റേപ്പ്' ആണ്. നിങ്ങളുടെ അറിവിലേക്ക് പറഞ്ഞതാണ്', മിനി പറഞ്ഞു.
താന്‍ തന്നെയാണ് ആ പെണ്‍കുട്ടി എന്ന് വിചാരിച്ച് നടക്കുന്ന ഒരാളാണ് താനെന്നും അതിനപ്പുറം തന്റെ സഹോദരിയാണ് എന്ന് കരുതി രാപ്പകലില്ലാതെ അവരുടെ നീതിക്കു വേണ്ടി അധ്വാനിക്കുന്ന തന്നെ അപകീര്‍ത്തിപ്പെടുത്തുക അവരുടെ ലക്ഷ്യം ആണെന്നും മിനി കൂട്ടിച്ചേര്‍ത്തു. താനതില്‍ കുലുങ്ങില്ലെന്നും കുറ്റവാളികളുടേതല്ല കേരള സമൂഹമെന്നും അഭിഭാഷക വ്യക്തമാക്കി.
നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി ദിലീപിനെ വെറുതെ വിട്ടതിന് പിന്നാലെ മിനിക്ക് വലിയ രീതിയില്‍ സൈബര്‍ ആക്രമണം നേരിടേണ്ടി വന്നിരുന്നു. കേസില്‍ ഗൂഢാലോചനക്കുറ്റം പ്രോസിക്യൂഷന് തെളിയിക്കാന്‍ സാധിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് എട്ടാം പ്രതി ദിലീപ് ഉള്‍പ്പെടെയുള്ളവരെ കോടതി വെറുതെ വിട്ടത്.
കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത കേസിലെ ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ കുറ്റക്കാരാണെന്ന് വിചാരണ കോടതി വിധിച്ചു. ഇവര്‍ക്കെതിരേ ചുമത്തിയ മുഴുവന്‍ കുറ്റങ്ങളും നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കി. ഇവരുടെ ശിക്ഷ 12ന് വിധിക്കും.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്റെ തീരുമാനത്തെ അഭിനന്ദിച്ച് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ.
സണ്ണി ജോസഫ് എംഎൽഎയുടെ തീരുമാനം കേവലം ഒരു നടപടി മാത്രമല്ല, ഇത് ഞങ്ങളുടെ പ്രസ്ഥാനം ഉയർത്തിപ്പിടിക്കുന്ന സ്ത്രീപക്ഷ നിലപാടിന്റെ ഉറച്ച പ്രഖ്യാപനമാണെന്ന് സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു.
ഇവിടെ വ്യക്തി താൽപ്പര്യങ്ങളല്ല, പാർട്ടിയുടെ ധാർമികതയും നീതിബോധവുമാണ് വിജയിച്ചത്. ഇത് കോൺഗ്രസ് എന്നും മുറുകെ പിടിക്കുന്ന സ്ത്രീശാക്തീകരണ കാഴ്ചപ്പാടിന്റെ പ്രതിഫലനമാണെന്നും സന്ദീപ് വാര്യർ കുറിച്ചു.
സമാനമായ ആരോപണങ്ങൾ വന്നപ്പോൾ, ആരോപണവിധേയരെ സംരക്ഷിക്കാൻ ഭരണ സ്വാധീനം ഉപയോഗിക്കുകയും, തങ്ങളെ വിമർശിക്കുന്നവരെ വേട്ടയാടുകയും ചെയ്ത പല പാർട്ടികളും ഈ നടപടിയിൽ നിന്ന് ഒരു പാഠം പഠിക്കണമെന്നും സന്ദീപ് വാര്യർ വ്യക്തമാക്കി.