ഹൂസ്റ്റൺ: 2026 ഫാമിലി ബോണ്ടിംഗ് വർഷമായി ആചരിക്കുന്ന സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഫൊറോന ദൈവാലയത്തിൽ കുടുംബനവീകരണ വർഷം ഉദ്ഘാടനം ചെയ്തു.
ഇടവകയിലെ കുടുംബങ്ങളുടെ ആത്മീയ ഉന്നമനം, കുടുംബ കൂട്ടായ്മ, കുടുംബ ദാമ്പത്യ ബന്ധങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങൾക്കാണ് മുൻതൂക്കം നൽകുന്നത്.
ഇടവകയുടെ ക്രിസ്മസ് ആഘോഷങ്ങൾ ഈ മാസം 24ന് വൈകുന്നേരം അതിഗംഭീരമായി ആചരിച്ചു. യുവജനങ്ങൾക്കും കുട്ടികൾക്കുമായി ഇംഗ്ലീഷിലും പൊതുവായി മലയാളത്തിലും വിജിൽ മാസുകൾ നടത്തപ്പെട്ടു.
വിശുദ്ധമായ തീ കായൽ ചടങ്ങുകൾക്ക് ആബാലവൃദ്ധം ഇടവകജനങ്ങളും പങ്കെടുത്തു. തുടർന്ന് കേക്ക് മുറിച് പങ്കുവെച്ചുകൊണ്ട് എല്ലാവരും സന്തോഷത്തോടെ ക്രിസ്തുമസ് ആശംസകൾ നേർന്നു.
ഇമ്പമേറിയ ഗാനങ്ങളാലപിച്ച ഗായക സംഘവും അൾത്താര ശുശ്രുഷികളും ചടങ്ങുകളിൽ സജീവ സാന്നിധ്യമായിരുന്നു. ഫാ.ഏബ്രഹാംമുത്തോലത്ത്, ഫാ. ജോഷി വലിയവീട്ടിൽ, എന്നിവർ ചടങ്ങുകൾ നയിക്കുകയും വചന സന്ദേശം നൽകുകയും ചെയ്തു.
ക്രിസ്മസ് രാവിൽ നടന്ന ചടങ്ങിൽ ഈ ഇടവകയിൽ നിന്നും 2025ൽ വിവാഹിതരായ യുവജന ദമ്പതികളെ പ്രത്യേകം ആദരിക്കുകയും അവർക്കുവേണ്ടി പ്രാർഥിക്കുകയും ചെയ്തു.
ബോണ്ടിംഗ് ഫാമിലീസ് കമ്മിറ്റി അംഗങ്ങൾ, കൈക്കാരൻമാർ, ഇടവക എസ്സിക്യൂട്ടീവ് എന്നിവരുടെ ആഭിമുഖ്യത്തിൽ ഇടവക വികാരി ഫാ. ഏബ്രഹാം മുത്തോലത്ത്, അസി. വികാരി ഫാ. ജോഷി വലിയവീട്ടിൽ എന്നിവർ ചേർന്ന് ബോണ്ടിംഗ് ഫാമിലി വർഷം നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു.