പയ്യന്നൂർ: സ്വകാര്യ ആശുപത്രിയുടെ കാന്റീനിൽ തീപിടിത്തം. പയ്യന്നൂർ മുകുന്ദ ആശുപത്രിയുടെ ഉടമസ്ഥതയിലുള്ള കാന്റീനിലാണ് തീപിടിത്തമുണ്ടായത്. പയ്യന്നൂർ അഗ്നിരക്ഷാസേനയെത്തി തീയണച്ചു.ഇന്നലെ രാത്രി എട്ടേമുക്കാലോടെയാണ് തീപിടിത്തമുണ്ടായത്.
അടുപ്പിന് സമീപത്തായി നിരത്തിവച്ച ഉണങ്ങിയ വിറകുകൾക്ക് അടുപ്പിലെ കനലിൽ നിന്നും തീ പടരുകയായിരുന്നുവെന്നാണ് നിഗമനം. കാന്റീൻ അടച്ച് ഉടമസ്ഥർ വീട്ടിൽപോയ സമയത്താണ് തീ പടർന്നത്. സമീപത്തായി നാലോളം ഗ്യാസ് സിലിണ്ടറുകളുണ്ടായിരുന്നു. അഗ്നിരക്ഷാസേന സിലിണ്ടറുകൾ സുരക്ഷിതമായി പുറത്തെത്തിച്ച ശേഷം തീയണച്ചതോടെയാണ് ഭീതിയകന്നത്.
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ തോമസ് ഡാനിയേൽ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എൻ. മുരളി, പി. സത്യൻ, നന്ദകുമാർ തുടങ്ങിയവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.