ദുബായി: 167 രാജ്യങ്ങളിൽ സാന്നിധ്യമുള്ള പ്രവാസി മലയാളി സംഘടനയായ വേൾഡ് മലയാളി ഫെഡറേഷന്റെ (ഡബ്ല്യുഎംഎഫ്) അഞ്ചാമത് ഗ്ലോബൽ കൺവൻഷൻ ഈ മാസം 16, 17, 18 തീയതികളിൽ ദുബായിയിൽ നടക്കും.
ദുബായി ദേയ്റയിലെ ക്രൗൺ പ്ലാസ ഹോട്ടലാണ് സമ്മേളനത്തിന് വേദിയാകുന്നത്. സ്നേഹത്തിലൂടെയും സഹകരണത്തിലൂടെയും മാറ്റത്തിനു തിരികൊളുത്താം എന്നതാണ് കൺവൻഷന്റെ പ്രമേയം.
ലോകത്തിന്റെ വിവിധ കോണുകളിലുള്ള മലയാളികളെ ഒന്നിപ്പിക്കുകയും അവരിലൂടെ കേരളത്തിന്റെ വികസനത്തിനും പ്രവാസി ക്ഷേമത്തിനുമായി പുതിയ പദ്ധതികൾ ആവിഷ്കരിക്കുകയുമാണ് കൺവൻഷൻ ലക്ഷ്യമിടുന്നത്.
ദുബായിയിൽ നടക്കുന്ന ഇത്തവണത്തെ ഗ്ലോബൽ കൺവൻഷൻ ആഗോള പ്രവാസി സംഗമ വേദിയാകുമെന്ന് ഗ്ലോബൽ ചെയർമാൻ ഡോ. ജെ. രത്നകുമാർ പറഞ്ഞു.
2016ൽ ഓസ്ട്രിയയിലെ വിയന്നയിൽ ഡോ. പ്രിൻസ് പള്ളിക്കുന്നേലിന്റെ നേതൃത്വത്തിൽ രൂപീകരിച്ച വേൾഡ് മലയാളി ഫെഡറേഷൻ കഴിഞ്ഞ പത്തു വർഷമായി നിരവധി ജീവകരുണ്യ - സേവന പ്രവർത്തനങ്ങൾ നടത്തി വരുന്നു.
കോവിഡ്, 2018ലെ പ്രളയം, റഷ്യ - യുക്രെെയ്ൻ യുദ്ധം തുടങ്ങിയ സാഹചര്യങ്ങളിലൊക്കെ തന്നെ വേൾഡ് മലയാളി ഫെഡറേഷൻ സഹായങ്ങൾ എത്തിച്ചിട്ടുണ്ട്. യുക്രൈയ്നിൽ നിന്നും ഇന്ത്യൻ വിദ്യാർഥികൾക്ക് സഹായമെത്തിച്ചതിൽ പ്രധാനമന്ത്രിയുടെ അഭിനന്ദനം വേൾഡ് മലയാളി ഫെഡറേഷന് ലഭിച്ചിരുന്നു.
വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി ഡബ്ല്യുഎംഎഫ് നിർമിച്ച് നൽകുന്ന വീടുകളുടെ താക്കോൽദാനം കൺവൻഷൻ വേദിയിൽ നടക്കും.
കേന്ദ്രമന്ത്രി സുരേഷ് ഗോപി മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങിൽ സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവർ വിശിഷ്ടാതിഥികളാകും. ഡോ. മുരളി തുമ്മാരുകുടി, സന്തോഷ് ജോർജ് കുളങ്ങര, സയ്യിദ് മുനവ്വറലി തങ്ങൾ തുടങ്ങിയവരും സംബന്ധിക്കും.
നടി ആശാ ശരത്, മിഥുൻ രമേഷ് എന്നിവരും ജനപ്രതിനിധികളും വ്യവസായ പ്രമുഖരും സാംസ്കാരിക നേതാക്കളും 167 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും സമ്മേളനത്തിന്റെ ഭാഗമാകും.