പാലക്കാട്: ജില്ലാ ആശുപത്രിയിൽ ചികിത്സാപിഴവുമൂലം ഒന്‍പതുവയസുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവത്തിൽ കുടുംബത്തിനു ധനസഹായം അനുവദിച്ച് സംസ്ഥാനസർക്കാർ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് രണ്ടു ലക്ഷം രൂപയാണ് അനുവദിച്ചത്. പണം ഉടൻ കൈമാറുമെന്നു കെ. ബാബു എംഎൽഎ അറിയിച്ചു.
സെപ്റ്റംബർ 24നു സഹോദരനൊപ്പം കളിക്കുന്നതിനിടെ നിലത്തുവീണതായിരുന്നു ഒന്‍പതു വയസുകാരി വിനോദിനി. അന്നുതന്നെ ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ കാണിച്ചെങ്കിലും വലതു കൈയൊടിഞ്ഞതിനാൽ പാലക്കാട് ജില്ലാ ആശുപത്രിയിലേക്കു മാറ്റാനായിരുന്നു നിർദേശം. കൈക്കു മുറിവുമുണ്ടായിരുന്നു.
ജില്ലാ ആശുപത്രിയിൽനിന്നു കൈക്കു പ്ലാസ്റ്ററിട്ടു. കൈവിരലുകളിൽ കുമിള പൊങ്ങിയതോടെ വീണ്ടും ആശുപത്രിയിലെത്തിയപ്പോഴേക്കും കൈ അഴുകിയ നിലയിലായി. പിന്നാലെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയെങ്കിലും കൈ മുറിച്ചുമാറ്റേണ്ടിവന്നു.
കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന കുട്ടിയുടെ ചികിത്സാച്ചെലവിനടക്കം പിന്തുണ തേടി സമീപിച്ചിട്ടും സർക്കാരും ആരോഗ്യവകുപ്പും തിരിഞ്ഞുനോക്കിയില്ലെന്നു നേരത്തേ കുടുംബം ആരോപിച്ചിരുന്നു.