തന്റെ പേരും ചിത്രങ്ങളും ഉപയോഗിച്ച് സമൂഹമാധ്യമങ്ങളിൽ നടക്കുന്ന സാമ്പത്തിക തട്ടിപ്പിൽ വീഴരുതെന്ന് നടൻ ഗിന്നസ് പക്രു. സമ്മാനങ്ങൾ വാഗ്ദാനം ചെയ്ത് ഒരു ലിങ്ക് ഉപയോഗിച്ച് നടക്കുന്ന ഓൺലൈൻ തട്ടിപ്പാണിതെന്നും ആരും ഇതിൽ വീഴരുതെന്നും അദ്ദേഹം വിഡിയോ സന്ദേശത്തിലൂടെ ആവശ്യപ്പെട്ടു. തട്ടിപ്പിന്റെ രീതി വിശദീകരിച്ചുകൊണ്ടാണ് ഗിന്നസ് പക്രു വീഡിയോ പങ്കുവച്ചത്.
തന്റെ പേരും ഫോട്ടോയും ഉപയോഗിച്ച് ഒരു വെബ് സൈറ്റ് വഴി സമ്മാനപദ്ധതി എന്ന പേരിലാണ് തട്ടിപ്പ് നടക്കുന്നത്. തനിക്ക് ഈ തട്ടിപ്പുമായി യാതൊരു ബന്ധവുമില്ലെന്നും, തന്റെ പേരിൽ യാതൊരു സമ്മാനപദ്ധതിയോ സാമ്പത്തിക കൈമാറ്റങ്ങളോ സോഷ്യൽ മീഡിയ വഴി നടക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഒരു പ്രത്യേക കാര്യം അറിയിക്കാനാണ് ഞാൻ ഈ വിഡിയോ ചെയ്യുന്നത്. ഈ അടുത്ത കാലത്ത് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു സാമ്പത്തിക തട്ടിപ്പിനെക്കുറിച്ച് പറയാനാണ്. ഒരു ലിങ്ക് ഒക്കെ കൊടുത്തിട്ട് സമ്മാനപ്പെരുമഴ എന്നൊക്കെ പറഞ്ഞാണ് ഈ തട്ടിപ്പ് നടക്കുന്നത്.
‘വെൽക്കം ടു ഗിന്നസ് പക്രു, അഭിനന്ദനങ്ങൾ, നിങ്ങളെ ഒരു റാഫിൾ വിജയി ആയി തിരഞ്ഞെടുത്തിരിക്കുന്നു എന്നത് നിങ്ങളെ അറിയിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. അത് പ്രഖ്യാപിക്കുന്നതിനു മുൻപ് താഴെ ഉള്ള നിർദേശങ്ങൾ പാലിക്കുക, ഇവിടെ റജിസ്റ്റർ ചെയ്യുക’ എന്നൊക്കെ പറഞ്ഞിട്ട് ഒരു ലിങ്ക് കൊടുത്തിട്ടുണ്ട്.