"ഭൗതികശാസ്ത്രത്തോടുള്ള അഭിനിവേശം എന്റെയുള്ളിൽ അഗ്നികണക്കെ ആളി ക്കത്തിക്കൊണ്ടിരിക്കുകയാണ്. ഒരുദിവസം അതെന്നെ പൂർണമായി വിഴുങ്ങും.
അതാണെന്റെ സ്വപ്നവും ജീവിത ലക്ഷ്യവും. വിജയിയായ ഒരാളായി അറിയപ്പെടുകയോ വലിയൊരു സ്ഥാപനത്തിന്റെ തലവനാകുകയോ ചെയ്യണമെന്ന ആഗ്രഹം എനിക്കില്ല. അത്തരമൊരു വഴി തെരഞ്ഞെടുക്കുന്ന ബുദ്ധിമാന്മാർ ഉണ്ടെങ്കിൽ അവരത് ചെയ്യട്ടെ.
സംഗീതത്തിന്റെ ലോകത്തിൽ മുഴുകിയ ബീഥോവനോട് "നീ ശാസ്ത്രജ്ഞനാകണം; അതാണ് മഹത്തായത്' എന്ന് പറയുന്നതുപോലെയോ സോക്രട്ടീസിനോട് "എൻജിനിയറാകൂ; അതാണ് ബുദ്ധിമാന്റെ തൊഴിൽ' എന്ന് പറയുന്നതുപോലെയോ ആണത്. ജീവിതത്തിന്റെ സ്വഭാവം അങ്ങനെ നിർബന്ധിപ്പിക്കാനാകുന്ന ഒന്നല്ലല്ലോ.
അതുകൊണ്ട്, എന്റെ ഉൾവിളിക്കനുസരിച്ച് ഭൗതികശാസ്ത്രത്തിന്റെ ലോകത്തിലേക്ക് പോകാൻ എന്നെ അനുവദിക്കണമെന്നതാണ് എന്റെ ആത്മാർഥമായ അഭ്യർഥന'. കേംബ്രിഡ്ജിൽ നിന്ന് ഹോമി ജെ . ഭാഭ പിതാവിന് എഴുതിയ കത്തിലെ വരികളാണിത്.
1927-ൽ മെക്കാനിക്കൽ എൻജിനിയറിംഗ് പഠനത്തിനായി കേംബ്രിഡ്ജിലെത്തിയ ഹോമി ജഹാംഗീർ ഭാഭയെ കേംബ്രിഡ്ജിലെ ശാസ്ത്ര പരിസരം ശക്തമായി സ്വാധീനിച്ചു. പ്രത്യേകിച്ച് സിദ്ധാന്ത ഭൗതിക ശാസ്ത്രം. 28ലാണ് അദ്ദേഹം ഈ കത്ത് എഴുതിയത്.
ഈ തീരുമാനമാണ് അദ്ദേഹത്തെ ലോക പ്രശസ്ത ശാസ്ത്രജ്ഞനാക്കിയത്. ഇന്ത്യയുടെ ആണവ ശാസ്ത്ര പദ്ധതിക്കും ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച് സ്ഥാപിക്കുന്നതിലേക്കും ഇന്ത്യാരാജ്യത്തിന്റെ ശാസ്ത്ര പുരോഗതിയിലേക്കും വഴി തെളിച്ചത്.