വാർധക്യത്തിന്റെ അവശതകളെയും ജീവിതത്തിലെ കഠിനമായ പ്രതിസന്ധികളെയും നിശ്ചയദാർഢ്യം കൊണ്ട് അതിജീവിക്കുന്ന പശ്ചിമ ബംഗാൾ സ്വദേശിനി ദീപാലി ഘോഷിന്റെ ജീവിതം ഇന്ന് വലിയൊരു വിഭാഗത്തിന് പ്രചോദനമാവുകയാണ്.
70 -ാം വയസിലും ആരുടെയും സഹായമില്ലാതെ അന്തസോടെ ജീവിക്കാനായി ഹൗറയിലെ ഹരോഗഞ്ച് മാർക്കറ്റിൽ ഒരു ചെറിയ ഹോട്ടൽ നടത്തിവരികയാണ് ഈ വയോധിക.
30 വർഷങ്ങൾക്ക് മുൻപ് തുടങ്ങിയ ഈ സംരംഭം ഭർത്താവിന്റെ മരണശേഷം അവർ തനിച്ച് ചുമലിലേറ്റുകയായിരുന്നു. ഹോട്ടൽ എന്നത് അവർക്ക് വെറുമൊരു ജോലിസ്ഥലം മാത്രമല്ല, മറിച്ച് അന്തിയുറങ്ങാനുള്ള ഒരിടം കൂടിയാണ്.
ഹോട്ടലിന്റെ ഒരു ഇടുങ്ങിയ മൂലയിൽ പഴയൊരു പ്ലൈവുഡ് കഷ്ണത്തിന് മുകളിലാണ് ദീപാലി വിശ്രമിക്കുന്നത്. സാധനങ്ങൾ വാങ്ങുന്നതു മുതൽ പാചകം ചെയ്യുന്നതും പാത്രങ്ങൾ വൃത്തിയാക്കുന്നതും വരെ എല്ലാ കാര്യങ്ങളും അവർ സ്വന്തമായാണ് ചെയ്യുന്നത്.
എന്നാൽ കോവിഡ് ലോക്ക്ഡൗണിന് ശേഷം അവരുടെ വരുമാനം ഗണ്യമായി കുറഞ്ഞു. മേൽക്കൂര ചോർന്നൊലിക്കുന്നതും പുകപിടിച്ച ചുവരുകളുള്ളതുമായ ആ കൊച്ചു സ്ഥാപനത്തിൽ ഇന്ന് വളരെ കുറച്ചു പേർ മാത്രമേ ഭക്ഷണം കഴിക്കാനായി എത്താറുള്ളൂ.
ശാരീരികമായ ബുദ്ധിമുട്ടുകളും കേൾവി പരിമിതിയുമൊക്കെ ഉണ്ടെങ്കിലും വൃദ്ധസദനത്തിലെ വിശ്രമജീവിതത്തേക്കാൾ സ്വന്തം അധ്വാനത്തിൽ ജീവിക്കാനാണ് ദീപാലി ഇഷ്ടപ്പെടുന്നത്.
ദീപാലിയുടെ ഈ പോരാട്ടത്തിന്റെ കഥ ആരാധന ചാറ്റർജി എന്ന പെൺകുട്ടി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചതോടെയാണ് ലോകം അറിഞ്ഞത്. ഇതോടെ ഈ വയോധികയ്ക്ക് താങ്ങായി നിരവധി പേർ രംഗത്തെത്തി.
തകർന്നുവീഴാറായ ആ കട നവീകരിക്കാനുള്ള ശ്രമങ്ങൾ ഇപ്പോൾ പുരോഗമിക്കുകയാണ്. കടയുടെ അറ്റകുറ്റപ്പണികൾ നടത്തി ദീപാലിക്ക് സൗകര്യപ്രദമായി ബിസിനസ് തുടരാൻ ആവശ്യമായ മാറ്റങ്ങളാണ് അവിടെ ഒരുങ്ങുന്നത്.
നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതുവരെ അവർക്ക് സുരക്ഷിതമായ താമസസൗകര്യവും ചികിത്സാസഹായവും ഭക്ഷണത്തിനുള്ള വകയും ഉറപ്പാക്കിയിട്ടുണ്ട്.
കഠിനാധ്വാനത്തിലൂടെ സ്വന്തം കാലിൽ നിൽക്കാൻ ശ്രമിക്കുന്ന ദീപാലി എന്ന 70 -കാരി ഇന്ന് ആത്മവിശ്വാസത്തിന്റെ പര്യായമായി മാറിയിരിക്കുകയാണ്.