സോഷ്യൽ മീഡിയയുടെ കണ്ണുനിറയിക്കുന്ന കാഴ്ചയായി മാറിയിരിക്കുകയാണ് 30 -ഓളം മുത്തശ്ശിമാരുടെ ഈ അയോധ്യാ യാത്ര.
മഹാരാഷ്ട്രയിൽ നിന്നുള്ള പ്രശസ്ത കണ്ടന്റ് ക്രിയേറ്ററായ സിദ്ധേഷ് ലോക്കറെയാണ് തന്റെ സ്നേഹനിർഭരമായ പ്രവൃത്തിയിലൂടെ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കവരുന്നത്.
30 -ലധികം വരുന്ന മുത്തശ്ശിമാരെ വിമാനമാർഗം അയോധ്യയിലേക്ക് തീർഥാടനത്തിന് കൊണ്ടുപോയ സിദ്ധേഷ്, യാത്രയ്ക്കിടെ അവർക്ക് നൽകിയ അപ്രതീക്ഷിത സമ്മാനമാണ് ഈ വീഡിയോയെ ഇത്രത്തോളം പ്രിയങ്കരമാക്കിയത്.
ഓരോ മുത്തശ്ശിമാർക്കും മനോഹരമായ ജിമിക്കികൾ സമ്മാനമായി നൽകിക്കൊണ്ടാണ് ഈ യുവാവ് അവരെ അമ്പരപ്പിച്ചത്. ജീവിതത്തിനിടയിൽ പലർക്കും പലതും നേടാൻ കഴിഞ്ഞിട്ടുണ്ടാകുമെങ്കിലും, ഈ മുത്തശ്ശിമാരിൽ പലരും തങ്ങളുടെ ജീവിതത്തിൽ ആദ്യമായാണ് ഇത്തരത്തിൽ അലങ്കാരപ്പണികളുള്ള വലിയ കമ്മലുകൾ ധരിക്കുന്നത് എന്നത് ഏറെ വൈകാരികമായ ഒരു കാര്യമാണ്.
പുതിയ ജിമിക്കികൾ അണിഞ്ഞ് കുഞ്ഞുങ്ങളെപ്പോലെ സന്തോഷിക്കുന്ന മുത്തശ്ശിമാരുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻ തരംഗമായി മാറി. അയോധ്യയിലേക്കുള്ള യാത്രയും അവിടെ ദർശനം നടത്തുന്നതും ഈ പ്രായമായ അമ്മമാർക്ക് ഒരു സ്വപ്നസാക്ഷാത്കാരമായിരുന്നു.
അതിനൊപ്പം തന്നെ തങ്ങൾ ഒരു മകനെയോ കൊച്ചുമകനെയോ പോലെ പരിഗണിക്കുന്ന സിദ്ധേഷിന്റെ കരുതലും അവരെ നെഞ്ചോടു ചേർക്കുന്നു. ഈ സന്തോഷനിമിഷങ്ങൾ സിദ്ധേഷ് തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചത്.
ചുരുങ്ങിയ സമയം കൊണ്ട് ലക്ഷക്കണക്കിന് ആളുകൾ കണ്ട ഈ വീഡിയോയ്ക്ക് താഴെ സ്നേഹം നിറഞ്ഞ കമന്റുകളുടെ പ്രവാഹമാണ്. വാർധദ്ധക്യത്തിലും ഇത്തരം കൊച്ചു സന്തോഷങ്ങൾ അവർക്ക് പകർന്നു നൽകാൻ കാണിച്ച ആ വലിയ മനസിനെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് സോഷ്യൽ മീഡിയ.
Tags : ViralVideo Heartwarming TrendingNow HumanityRestored GoodNews