മനുഷ്യത്വം മരിച്ചിട്ടില്ലാത്ത ഈ കാലത്ത് ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അതിർവരമ്പുകൾ മായ്ക്കുന്ന കാഴ്ചയാണ് ഒരു കൊച്ചു പെൺകുട്ടിയിലൂടെ സോഷ്യൽ മീഡിയ ഇന്ന് ഏറ്റെടുത്തിരിക്കുന്നത്.
പ്രശസ്ത കണ്ടന്റ് ക്രിയേറ്ററായ റിതിക ശർമ്മയും തെരുവോരത്ത് വളരുന്ന മുസ്ക്കാൻ എന്ന കൊച്ചു പെൺകുട്ടിയും തമ്മിലുള്ള ഹൃദയസ്പർശിയായ ദൃശ്യങ്ങളാണ് ഇപ്പോൾ ദശലക്ഷക്കണക്കിന് ആളുകളുടെ കണ്ണുനിറയ്ക്കുന്നത്.
റോഡരികിലെ ഒരു ഭക്ഷണശാലയ്ക്ക് സമീപം നിൽക്കുകയായിരുന്ന റിതികയോട് ഒരു പ്ലേറ്റ് ഭേൽപുരി കഴിക്കാൻ മുസ്ക്കാൻ നിർബന്ധിച്ചതോടെയാണ് ഈ കഥ തുടങ്ങുന്നത്. തന്റെ കയ്യിൽ പണമില്ലെന്ന് റിതിക സ്നേഹത്തോടെ പറഞ്ഞുവെങ്കിലും ആ മറുപടിയിൽ ആ കുഞ്ഞു മനസ് തളർന്നില്ല.
ഒട്ടും ആലോചിച്ചു നിൽക്കാതെ തന്റെ കീശയിലുണ്ടായിരുന്ന തുച്ഛമായ സമ്പാദ്യം പുറത്തെടുത്ത് മുസ്ക്കാൻ കടക്കാരന് നൽകുകയും റിതികയ്ക്കായി ഭേൽപുരി വാങ്ങുകയും ചെയ്തു.
തനിക്ക് വേണ്ടി ആ കുട്ടി പണം ചിലവാക്കുന്നത് തടയാൻ റിതിക ശ്രമിച്ചപ്പോൾ, "ചേച്ചി ഇത് കഴിച്ചില്ലെങ്കിൽ ഞാൻ മരിച്ചുപോകും" എന്നായിരുന്നു മുസ്ക്കാന്റെ നിഷ്കളങ്കമായ മറുപടി.
നാടകീയതകളില്ലാത്ത ആ വാക്കുകൾ വെറും ഒരു സംഭാഷണമായിരുന്നില്ല, മറിച്ച് ഒരു സഹജീവിയോടുള്ള സ്നേഹത്തിന്റെയും കരുതലിന്റെയും ആഴമായിരുന്നു.
നാളത്തെ ഭക്ഷണത്തിനായി ഓരോ നാണയത്തുട്ടും കരുതിവെക്കേണ്ട സാഹചര്യത്തിലും, മറ്റൊരാളുടെ സന്തോഷത്തിനായി തന്റെ സമ്പാദ്യം മുഴുവൻ നൽകാൻ തയ്യാറായ മുസ്ക്കാന്റെ പ്രവർത്തി വലിയൊരു പാഠമാണ് സമൂഹത്തിന് നൽകുന്നത്.
ക്യാമറയ്ക്ക് മുന്നിലെ വെറും പ്രകടനങ്ങൾക്കപ്പുറം, ആരുടെയും ശ്രദ്ധ പിടിച്ചുപറ്റാനല്ലാതെ അവൾ കാണിച്ച ആ വലിയ മനസിനെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് ലോകം.
ദാനധർമ്മങ്ങൾ ചെയ്യാൻ വലിയ സമ്പത്തിന്റെ ആവശ്യമില്ലെന്നും സ്നേഹമുള്ള ഒരു ഹൃദയം മാത്രം മതിയെന്നും ഈ കൊച്ചു മിടുക്കി ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു.
സമാധാനവും സന്തോഷവും നിറഞ്ഞ ലോകം പടുത്തുയർത്താൻ ഇത്തരം ചെറിയ വലിയ നന്മകൾ തന്നെയാണ് ഇന്നും കരുത്താകുന്നത്.
Tags : ViralVideo TrendingNow HeartwarmingMoments Inspiration KindnessMatters