Kerala
തിരുവനന്തപുരം: വർക്കലയിൽ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണപദാർഥങ്ങൾ പിടികൂടി. നഗരസഭ ആരോഗ്യ വിഭാഗം ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണപദാർത്ഥങ്ങൾ പിടികൂടിയത്.
വര്‍ക്കല ടൗണിലെ പത്തോളം സ്ഥാപനങ്ങളിലാണ് പരിശോധന നടന്നത്. റെയിൽവേ സ്റ്റേഷന്റെ മുൻവശത്ത് പ്രവർത്തിക്കുന്ന പാലസ് ഹോട്ടൽ, നടയറ ജംഗഷനിൽ പ്രവർത്തിക്കുന്ന ഫാർമേഴ്സ് ഹോട്ടൽ എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തത്.
നാലോളം ഹോട്ടലുകളിൽ നിന്ന് നിരോധിത പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങളും പിടിച്ചെടുത്തു. പഴകിയ ഭക്ഷണസാധനങ്ങൾ സൂക്ഷിച്ച ഹോട്ടലുകൾക്ക് പിഴ ഈടാക്കിയതായി ആരോഗ്യ വിഭാഗം അധികൃതർ അറിയിച്ചു.
District News
നെടുമങ്ങാട്: വെള്ളനാട് വില്ലേജ് ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തി. കൈക്കൂലി വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഓഫീസിലെ ഒരു ജീവനക്കാരനെതിരേ നിരവധി പരാതികൾ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ വിഭാഗത്തിനു ലഭിച്ചതിനെ തുടർന്നായിരു ന്നു വിജിലൻസ് അധികൃതർ മിന്നൽ പരിശോധന നടത്തിയത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടു മണിയോടെ ആരംഭിച്ച പരിശോധന വൈകീട്ട് 6.45-ന് അവസാനിച്ചു. പരിശോധനയിൽ നിയമലംഘനങ്ങളോ മറ്റുകുറ്റകരമായ കാര്യങ്ങളോ കണ്ടെത്താനായില്ലെന്നും ഓഫീസിലെ ചിലർ വിജിലൻസിന്റെ നിരീക്ഷണത്തിലാണെന്നും അധികൃതർ വ്യക്തമാക്കി. വിജിലൻസ് എസ്എച്ച്ഒ പ്രദീപിന്റെ നേതൃത്വത്തിൽ സജിത്ത്, സുജേഷ്, അരുൺ, അഭിലാഷ്, ശബിന, സുദർശൻ എന്നിവരടങ്ങുന്ന സംഘമാണു പരിശോധന നടത്തിയത്.
District News
മരട്: അവധിക്കാലത്തെ ടൂറിസ്റ്റുകളുടെ തിരക്ക് കണക്കിലെടുത്ത് മരട് നഗരസഭയുടെ വിവിധ പ്രദേശങ്ങളിലെ ടൂറിസം ബോട്ടുകളിൽ തുറമുഖ വകുപ്പ് വ്യാപക പരിശോധന നടത്തി.
പരിശോധനയിൽ കായലിൽ സഞ്ചാരികളുമായി യാത്ര നടത്തുന്ന ടൂറിസ്റ്റ് ബോട്ടുകളിൽ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച നിരവധി ഗുരുതര ക്രമക്കേടുകൾ കണ്ടെത്തി. 14 ബോട്ടുകൾക്കെതിരെ നടപടിയെടുത്തു. ലൈസൻസ്, ഇൻഷ്വറൻസ്, ലൈഫ് ജാക്കറ്റ് തുടങ്ങിയവ ഇല്ലാതെസർവീസ് നടത്തിയ ബോട്ടുകൾക്കെതിരെയാണ് പിഴ ചുമത്തിയത്. ബോട്ടുടമകൾക്ക് നോട്ടീസ് നൽകുകയും 1,90,000 രൂപ പിഴ ചുമത്തുകയും ചെയ്തു.
മരട് നഗരസഭ കരാറുകാരെ നിയോഗിച്ച് നേരിട്ട് നടത്തി വരുന്ന നെട്ടൂർ -തേവര ഫെറി സർവീസ് പരിശോധനയിലും സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്. വിദ്യാർഥികളുൾപ്പെടെ സഞ്ചരിക്കുന്ന ബോട്ടിൽ ആകെയുണ്ടായിരുന്നത് അഞ്ച് ലൈഫ് ജാക്കറ്റുകളാണ്.
കൂടാതെ ബോട്ടിന് മുകളിൽ ഉണ്ടായിരുന്ന ബോയകൾ ദ്രവിച്ച് ഉപയോഗ ശൂന്യമായതാണെന്നും കണ്ടെത്തി. ഫസ്റ്റ് എയ്ഡ് ബോക്സിനകത്ത് ഉണ്ടായിരുന്ന മരുന്നുകൾ മൂന്ന് വർഷം മുമ്പ് കാലാവധി കഴിഞ്ഞ മരുന്നുകളായിരുന്നു. ഇതുമായി ബന്ധപ്പെട്ടവർക്കും നോട്ടീസ് നൽകിയതായി അധികൃതർ അറിയിച്ചു.
നെട്ടൂർ കേന്ദ്രീകരിച്ച് ടൂറിസവുമായി ബന്ധപ്പെട്ട ബോട്ടുകളിൽ നടത്തിയ പരിശോധനയിൽ ബ്ലൂമറൈൻ എന്ന ബോട്ടിനെതിരെ തുടർച്ചയായ നിയമലംഘനങ്ങൾ കണ്ടെത്തിയതായി തുറമുഖ വകുപ്പ് വ്യക്തമാക്കി.
ഇതിന്റെ ഭാഗമായി നവംബർ 26ന് പനങ്ങാട് ഇൻസ്പെക്ടർ ബിബിൻ ദാസ് കേസെടുത്തിരുന്നതാണ്.കൊടുങ്ങല്ലൂർ മാരി ടൈം പോർട്ട് ഓഫീസിന്റെ നേതൃത്വത്തിൽ വരും ദിവസങ്ങളിലും ബോട്ടുകളും ഫെറി സർവീസുകളും കേന്ദ്രീകരിച്ച് സുരക്ഷാ പരിശോധനകൾ കർശനമായി തുടരുമെന്നും അധികൃതർ അറിയിച്ചു.
കൊടുങ്ങല്ലൂർ പോർട്ട് കൺസർവേറ്റർ എസ്. കിരൺ, നേവൽ ആർക്കിടെക്റ്റ് ആൻഡ് സർവേയർ ജോഫിൻ ലൂക്കോസ്, സീനിയർ ക്ലർക്ക് കെ.ജി.ജിജോ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.
Kerala
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ബലക്ഷയം നിർണയിക്കുന്നതിനായി വെള്ളത്തിനടിയിലുള്ള പരിശോധന ഇന്ന് തുടങ്ങും. റിമോട്ട് ഉപയോഗിച്ച് നിയന്ത്രിക്കുന്ന ഉപകരണത്തിലൂടെയാണ് ബലക്ഷയം പരിശോധിക്കുക.
അണക്കെട്ടിന്റെ ജലാഭിമുഖ ഭാഗത്തെ ദൃശ്യങ്ങൾ ശേഖരിച്ച് ബലക്ഷയം വിലയിരുത്തുകയാണ് ലക്ഷ്യം. 1200 അടി നീളമുള്ള അണക്കെട്ട്, 100 അടി വീതമുള്ള 12 ഭാഗങ്ങളായി തിരിച്ചാണ് ആദ്യഘട്ട പരിശോധന. ഇതിനു ശേഷം 50 അടി വീതമുള്ള ഭാഗങ്ങളായി തിരിച്ച് പരിശോധിക്കും.
സിമന്റ് പ്ലാസ്റ്ററിംഗ് ഇളകി പോയും നിർമാണത്തിന് ഉപയോഗിച്ച സുർക്കി മിശ്രിതം നഷ്ടപ്പെട്ടും കരിങ്കല്ലുകൾ തെളിഞ്ഞതായി മുമ്പ് കേരളം നടത്തിയ പഠനങ്ങളിൽ വ്യക്തമായിരുന്നു. സുപ്രീം കോടതിയുടെ നിർദേശപ്രകാരമാണ് ജലാഭിമുഖഭാഗത്ത് ഈ പരിശോധന നടത്തുന്നത്.
ഡൽഹി സിഎസ്എംആർഎസിൽ നിന്നുള്ള നാല് ശാസ്ത്ര, സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ ഫ്രാൻസിൽ നിന്നെത്തിച്ച ഉപകരണം ഉപയോഗിച്ചാണ് ഇത്തവണ പരിശോധന നടത്തുന്നത്. ഏറ്റവും ഒടുവിൽ അണക്കെട്ടിന്റെ മധ്യഭാഗത്ത് 10 അടി വീതമായി ഭാഗിച്ച് ആർഒവി ഉപയോഗിച്ച് ചിത്രങ്ങൾ എടുക്കും.
Kerala
കോഴിക്കോട്: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ സ്പെഷൽ സ്ക്വാഡ് പ്രിന്റിംഗ് പ്രസുകളിൽ മിന്നൽ പരിശോധന നടത്തി. ഹരിത പെരുമാറ്റച്ചട്ടം ഉറപ്പ് വരുത്തുന്നതിനായാണ് പ്രസുകളിൽ പരിശോധന നടത്തിയത്. പരിശോധനയിൽ കോർപറേഷൻ പരിധിയിലെ ഏഴ് സ്ഥാപനങ്ങളിൽനിന്ന് പ്രിന്റിംഗിനായി എത്തിച്ച 220 മീറ്റർ നിരോധിത വസ്തുക്കൾ പിടിച്ചെടുത്ത് സ്ഥാപന ഉടമകൾക്ക് നോട്ടീസ് നൽകി.
പിടിച്ചെടുത്ത വസ്തുക്കൾ കോർപറേഷന് കൈമാറുകയും 10,000 രൂപ വീതം പിഴ ചുമത്താൻ നിർദേശിക്കുകയും ചെയ്തു. സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷൻ നിരോധിച്ച വസ്തുക്കൾ പ്രിന്റിംഗിന് ഉപയോഗിക്കരുതെന്നും എല്ലാ അസംസ്കൃത വസ്തുക്കൾക്കും ക്യു ആർ കോഡ് ലഭ്യമാക്കണമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
ക്യു ആർ കോഡ് സ്കാൻ ചെയ്താൽ അംഗീകൃത സാക്ഷ്യപത്രം ലഭിക്കണം. നിർദേശങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
Kerala
കൊല്ലം: കെഎസ്ആര്‍ടിസി ബസില്‍ മന്ത്രി ഗണേഷ് കുമാറിന്റെ മിന്നല്‍ പരിശോധന. ബസിന് മുന്നില്‍ പ്ലാസ്റ്റിക് കുപ്പികള്‍ കൂട്ടിയിട്ടതിന് മന്ത്രി ജീവനക്കാരെ ശകാരിച്ചു.
കൊല്ലം ആയൂരില്‍ വച്ചായിരുന്നു കോട്ടയം - തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചര്‍ ബസ് മന്ത്രി തടഞ്ഞത്. ബസുകള്‍ വൃത്തിയായി സൂക്ഷിക്കണം എന്നും, പ്ലാസ്റ്റിക് കുപ്പികള്‍ കൂട്ടിയിടരുത് എന്ന് എംഡി നേരത്തെ നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇത് ജീവനക്കാര്‍ പാലിച്ചില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
വീഴ്ച വരുത്തിയ ജീവനക്കാര്‍ക്ക് എതിരെ നടപടി എടുക്കുമെന്നും മന്ത്രി റോഡില്‍ വച്ച് തന്നെ പ്രഖ്യാപിച്ചു. തങ്ങളല്ല കുപ്പികള്‍ ഉപേക്ഷിച്ചത് എന്ന ജീവനക്കാരുടെ വിശദീകരണത്തിന് ചെവി കൊടുക്കാനും മന്ത്രി തയാറായില്ല.
ഇന്നലെ ബസില്‍ നിക്ഷേപിച്ച കുപ്പികളാണെങ്കില്‍ ഇന്ന് ബസ് സര്‍വീസ് നടത്തുമുന്‍പ് എന്താണ് നിങ്ങള്‍ ചെയ്തത് എന്ന ചോദ്യവും മന്ത്രി ഉയര്‍ത്തി. രാവിലെ വണ്ടിയില്‍ കയറി സ്റ്റാര്‍ട്ട് ചെയ്ത് പോരുകയായിരുന്നോ എന്നും മന്ത്രി ചോദിച്ചു.
തിരുവനന്തപുരത്ത് നിന്നും കൊട്ടാരക്കരയ്ക്കുള്ള യാത്രയ്ക്കിടെ ആയിരുന്നു കോട്ടയത്ത് നിന്നും പോകുന്ന ബസ് മന്ത്രിയുടെ മുന്നിലെത്തിയത്. ബസ് ശ്രദ്ധിച്ച മന്ത്രി ആയൂരില്‍ നിന്നും ബസിനെ പിന്തുടര്ന്ന് തടയുകയായിരുന്നു.