ബാഗ്ദാദ്: ഉയിർത്തെഴുന്നേൽക്കുന്ന മാർ ബെഹ്നാം ആശ്രമത്തിലെ ചുവർശില്പങ്ങൾ വീണ്ടും ലോകശ്രദ്ധയിലേക്ക്. ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരർ തകർത്ത ചരിത്രസ്മാരകങ്ങൾ പുനരുദ്ധാരണത്തിന്റെ അവസാനഘട്ടത്തിലേക്ക് എത്തി. ഭീകരതയ്ക്കു മായ്ക്കാനാവാത്ത വിശ്വാസത്തിന്റെയും കലയുടെയും ദൈവമുദ്രകൾ ഇറാക്കിന്റെ മണ്ണിൽ വീണ്ടും തെളിയുമ്പോൾ അത് അഗോള ഭീകരതയ്ക്കെതിരേയുള്ള പോരാട്ടത്തിന്റെ പ്രതീകംകൂടിയാകുന്നു.
ശ്രമകരമായ ദൗത്യം
ആഗോളഭീകരസംഘം തച്ചുതകർത്ത ഇറാക്കിലെ വിഖ്യാതമായ മാർ ബഹനാൻ - സാറ ആശ്രമത്തിലെ 13-ാം നൂറ്റാണ്ടിൽ തീർത്ത ചുവർശില്പങ്ങൾ (റിലീഫ്) പുനരുദ്ധാരണത്തിലൂടെ പഴയ പ്രതാപത്തിലേക്കു തിരിച്ചെത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് ഒരു സംഘം കലാകാരന്മാർ. ഉത്തര ഇറാക്കിലെ ഖിദിർ ഇല്യാസ് ഗ്രാമത്തിലാണ് ഈ ആശ്രമം. ഈ സുറിയാനി കത്തോലിക്ക ആശ്രമത്തിലാണ് വി. ബഹനാന്റെ ശവകുടീരം. അതിനും ഐഎസ് ഭീകരർ കേടുവരുത്തിയിരുന്നു. ആശ്രമാധികൃതരും ഫ്രഞ്ച് സംഘടനയായ മെസൊപൊട്ടാമിയയുമായി സഹകരിച്ചാണു ചരിത്രവും വിശ്വാസവും ഇഴചേർന്ന കലാസൃഷ്ടികളുടെ പുനരുദ്ധാരണം സാധ്യമാക്കുന്നത്.
80 ശതമാനം തകർത്തു
പത്തു വർഷം മുമ്പ് ഐസ് ഭീകരർ ഇറാക്കിന്റെ വടക്കൻ മേഖലകൾ കീഴടക്കിയപ്പോൾ, അവരുടെ ആദ്യം ലക്ഷ്യങ്ങൾ മേഖലയിലെ പുരാതന സാംസ്കാരിക പൈതൃകങ്ങളായിരുന്നു. ആശ്രമത്തിലെ പ്ലാസ്റ്റർ ചുവർചിത്രങ്ങൾ 80 ശതമാനത്തോളം അവർ തകർത്തു. വി. ബഹനാന്റെയും സഹോദരി സാറയുടെയും രക്തസാക്ഷിത്വത്തെ അടയാളപ്പെടുത്തുന്ന ശില്പങ്ങൾ ലോകത്തിലെതന്നെ അപൂർവ നിർമിതികളായാണു കരുതപ്പെടുന്നത്. ദൈവികമായ ഇടപെടലിലൂടെയാണ് പുനരുദ്ധാരണം സാധ്യമായതെന്നു ആശ്രമശ്രേഷ്ഠൻ, കോർബിഷപ്പ് മസെൻ മറ്റോക്ക പറയുന്നു.
അമൂല്യ സൃഷ്ടികൾ
നാലു മീറ്റർ നീളമുള്ള വി. ബഹനാന്റെ ചിത്രവും രണ്ടു മീറ്റർ ഉയരമുള്ള വിശുദ്ധ സാറയുടെ ചിത്രവും കേവലം കലാസൃഷ്ടികളല്ല. അതിലെ ഓരോ നിറത്തിനും ഓരോ അർഥമുണ്ട്. റോയൽ ബ്ലൂ സ്വർഗത്തെ സൂചിപ്പിക്കുന്നു. രക്തസാക്ഷിത്വത്തിന്റെ പ്രതീകമായി ചുവപ്പ് ഉപയോഗിച്ചിരിക്കുന്നു. പച്ച നിത്യജീവനിലേക്കുള്ള പ്രയാണം സൂചിപ്പിക്കുന്നു. കുതിരപ്പുറത്തിരിക്കുന്ന വി. ബഹനാൻ തിന്മയെ തോൽപ്പിക്കുന്നതും മാലാഖമാർ അദ്ദേഹത്തെ സ്വർഗത്തിലേക്കു സ്വീകരിക്കുന്നതും ചിത്രീകരിച്ചിരിക്കുന്ന ഈ രൂപങ്ങൾ അതിമനോഹരമാണ്. അറബിക്, സുറിയാനി ലിപികൾ ചിത്രത്തിനുചുറ്റും കൊത്തിയിരിക്കുന്നു.