ചാത്തന്നൂർ: കഴിഞ്ഞ 15 വർഷമായി ചാത്തന്നൂർ നിയോജക മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിക്കുന്ന ജി.എസ്.ജയലാലിനു പാർട്ടിയും ജനങ്ങളും നാലാമൂഴം അനുവദിക്കുമോ? രണ്ടു തവണയിൽ കൂടുതൽ ആർക്കും അവസരം നല്കേണ്ട എന്ന സിപിഐയുടെ നിലപാട് അവസാന നിമിഷം മയപ്പെടുത്തിയാണ് വിജയ സാധ്യത പരിഗണിച്ച് ജി.എസ്. ജയലാലിന് മുന്നാമൂഴം അനുവദിച്ചത്. എന്നാൽ ഇത്തവണ സിപി ഐ നിലപാട് ശക്തമാക്കിയാൽ ജി.എസ്. ജയലാലിന് മത്സരിക്കാൻ അവസരം നിഷേധിക്കപ്പെടും.
2006ൽ ചാത്തന്നൂരിൽ നിന്നുള്ളസിപിഐക്കാരനായ അഡ്വ. എൻ. അനിരുദ്ധന് വിജയ സാധ്യത ഉണ്ടായിരുന്നിട്ടും മൂന്നു തവണ മത്സരിച്ചു എന്ന കാരണം ചൂണ്ടിക്കാട്ടി മത്സര രംഗത്തു നിന്നും സിപിഐ ഒഴിവാക്കുകയായിരുന്നു. 2011-ൽ വീണ്ടും എൻ. അനിരുദ്ധന് മത്സരിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും രണ്ട് പ്രാവശ്യം മത്സരിച്ചവർ മൂന്നാമതൊരിക്കൽ കൂടി മത്സരിക്കരുതെന്ന പെരുമാറ്റച്ചട്ടം കർശനമായി സിപിഐ നടപ്പിലാക്കിയതിനാൽ എൻ. അനിരുദ്ധനെ അന്ന് ഒഴിവാക്കുകയായിരുന്നു. പിന്നീട് ജി.എസ് ജയലാൽ മത്സരിച്ചു.
2011 ലും, 2016 ലും രണ്ടുവട്ടം മത്സരിച്ച ജയലാലിന് 2021 ൽ ഇളവ് ലഭിച്ചു. കേരളത്തിൽ രണ്ടാമതുംഎൽഡിഫിന് ഭരണ തുടർച്ചയ്ക്ക് വേണ്ടി പുതുമുഖങ്ങളായവരേക്കാൾ നിലവിലുള്ളവർ മത്സരിച്ചാൽ മതിയെന്ന വിലയിരുത്തലിലാണ് ജയലാലിന് 2021- ൽ ഇളവ് ലഭിച്ചതും മൂന്നാമത് മത്സരിക്കുന്നതിനു അവസരമുണ്ടാകുന്നതും.
മൂന്നു പ്രാവശ്യം തുടർച്ചയായി മത്സരിച്ച് ജയിച്ചവർക്കു നാലാം തവണയും അവസരം നൽകുന്നത്, ശരിയായ സന്ദേശമല്ല സമൂഹത്തിനു നൽകുന്നതെന്ന് സിപിഐ നേതൃത്വത്തിന് അഭിപ്രായമുണ്ട്. ജി.എസ്.ജയലാലിനെതിരെ പാർട്ടി നേതൃത്വത്തിൽ ഒരു വിഭാഗത്തിന് ശക്തമായ എതിരഭിപ്രായവുമുണ്ട്. അഷ്ടമുടി സഹകരണ ആശുപത്രി സംബന്ധിച്ച പരാതികളിൽ അന്ന് പാർട്ടി അച്ചടക്ക നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു.
മുൻ കാലങ്ങളിൽ ശക്തനായ ഒരു സ്ഥാനാർഥിയെ കണ്ടെത്തുന്നതിൽ സിപിഐ കാര്യമായ ശ്രദ്ധ ചെലുത്തിയിരുന്നില്ല. എന്നാൽ സിപി ഐയുടെ സംസ്ഥാനസെക്രട്ടറിയേറ്റ് അംഗമായ കരീപ്ര സ്വദേശിയായ ആർ.രാജേന്ദ്രന്റെ പേര് സി പി ഐ വൃത്തങ്ങളിൽ സജീവ ചർച്ചയായിട്ടുണ്ട് . മന്ത്രിയായ ജെ. ചിഞ്ചു റാണി എന്നിവരുടെ പേരുകളും ഉയർന്നു വരുന്നുണ്ടെങ്കിലും ചിഞ്ചു റാണി വീണ്ടും ചടയമംഗലത്തു നിന്നു തന്നെയായിരിക്കും മത്സരിക്കുക.
എങ്കിലും ആർ.രാജേന്ദ്രന്റെ പേരിനാണ് ഇപ്പോൾ മുൻതൂക്കം. സംസ്ഥാന കൗൺസിലിൽ നിന്നും വരുന്ന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ മണ്ഡലം കമ്മിറ്റികൾ കൂടി തീരുമാനമെടുത്ത് അഭിപ്രായം അറിയിക്കുമെന്നാണ് ഒരു മണ്ഡലം കമ്മിറ്റി ഭാരവാഹി പറഞ്ഞത്.ചാത്തന്നൂർ നിയോജക മണ്ഡലത്തിൽ സി പി ഐയ്ക്ക് പരവൂർ ,ചാത്തന്നൂർ എന്നീ രണ്ട് മണ്ഡലം കമ്മിറ്റികളാണുള്ളത്. ഇടതുമുന്നണിയുടെ ശക്തമായ കോട്ടയായിരുന്ന ചിറക്കര പഞ്ചായത്തിൽ ഇടതുമുന്നണി മൂന്നാം സ്ഥാനത്തായതും പുതക്കുളം, കല്ലുവാതുക്കൽ പഞ്ചായത്തുകളിൽ ഭൂരിപക്ഷമില്ലാതെ ഇടതുമുന്നണിക്ക് ഭരണം നടത്തേണ്ടിവരുന്നതും സി പി ഐ യുടെ സ്ഥാനാർഥി നിർണയത്തെ ബാധിക്കാനിടയാക്കുന്ന ഘടകങ്ങളാണ്.