അറക്കുളം: ദൈവശാസ്ത്രത്തില്‍ അഗാധ പണ്ഡിതനും പാലാ രൂപതയിലെ സീനിയര്‍ വൈദികനും കോട്ടയം വടവാതൂര്‍ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരി മുന്‍ പ്രഫസറുമായ റവ.ഡോ. ജേക്കബ് കട്ടയ്ക്കല്‍ (96) നിത്യതയിലേക്ക് യാത്രയായി. സീറോമലബാര്‍ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഉള്‍പ്പെടെ ഒരു ഡസനിലധികം ബിഷപ്പുമാരുടെ ഗുരുവാണ് കട്ടയ്ക്കലച്ചൻ.
സംസ്കൃതത്തിലും ഇന്ത്യന്‍ ഫിലോസഫിയിലും പരിണിത പ്രജ്ഞനായിരുന്നു. അറക്കുളം കട്ടയ്ക്കല്‍ തോമസ് -ഏലിയാമ്മ ദമ്പതിമാരുടെ മൂന്നാമത്തെ പുത്രനാണ്. 1930ല്‍ ആയിരുന്നു ജനനം. 1958ല്‍ പൗരോഹിത്യം സ്വീകരിച്ചു. 1962ല്‍ റോമിലെ ഗ്രിഗോറിയന്‍ യൂണിവേഴ്സിറ്റിയില്‍നിന്നു തിയോളജിയില്‍ ഡോക്ടറേറ്റും യൂണിവേഴ്സിറ്റി ഓഫ് ലണ്ടനില്‍നിന്ന് സംസ്കൃതത്തില്‍ ബിരുദാനന്തര ബിരുദവും കേരള സര്‍വകലാശാലയില്‍നിന്ന് ഇന്ത്യന്‍ ഫിലോസഫിയില്‍ ഡോക്ടറേറ്റും ജര്‍മന്‍ ഭാഷയില്‍ ഡിപ്ലോമയും കരസ്ഥമാക്കി.
നിരവധി ഇന്ത്യന്‍, വിദേശ യൂണിവേഴ്സിറ്റികളില്‍ വിസിറ്റിംഗ് പ്രഫസറുമായിരുന്നു. മികച്ച സാമൂഹ്യപ്രവര്‍ത്തകന്‍ കൂടിയായിരുന്നു ഇദ്ദേഹം.
ഗോത്രമേഖലയുടെ ഉന്നമനത്തിനും ടൂറിസ്റ്റ് കേന്ദ്രമായ പുള്ളിക്കാനം-ഇല്ലിക്കല്‍കല്ല് റോഡിന്റെ നിര്‍മാണത്തിനും മുന്‍നിരയില്‍നിന്ന് പ്രവര്‍ത്തിച്ചു. സാധാരണക്കാരുടെ ജീവിതത്തിലെ നിറസാന്നിധ്യവും താങ്ങും തണലുമായിരുന്നു അച്ചന്റെ കര്‍മമേഖല. 94-ാം വയസിലും കര്‍മനിരതനായിരുന്ന അദ്ദേഹം അമേരിക്കയിലെ യാത്രയ്ക്കിടയിലുണ്ടായ ഹൃദയാഘാതത്തെത്തുടര്‍ന്ന് പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയിലും തുടര്‍ന്ന് വൈദികമന്ദിരത്തിലുമായി ചികിത്സയിലും വിശ്രമത്തിലുമായിരുന്നു.
12 സഹോദരങ്ങളില്‍ അഞ്ചു പേര് കന്യാസ്ത്രീകളും ഒരാള്‍ വൈദികനുമാണ്. ഏഴു പേര് ജീവിച്ചിരുപ്പുണ്ട്. ഷംഷാബാദ് രൂപത ബിഷപ് മാര്‍ ജോസഫ് കൊല്ലംപറമ്പില്‍ മാതൃസഹോദര പുത്രനാണ്. സംസ്കാരം 28ന് ഉച്ചകഴിഞ്ഞ് മൂന്നിന് അറക്കുളം സെന്റ് തോമസ് പള്ളിയില്‍.