ചുവപ്പുകോട്ടയെന്ന പ്രയോഗം പാലക്കാടിനു നിലനിര്‍ത്താനാകുമോ എന്നുതന്നെയാണ് ആസന്നമായ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നത്.
വിസ്മയങ്ങള്‍ തുടരും എന്ന പ്രഖ്യാപനവുമായി യുഡിഎഫ് തേരോട്ടം നടത്തുമ്പോള്‍ അവസാന കൈയടി ആര്‍ക്കു ലഭിക്കുമെന്നതിലാണ് ആകാംക്ഷ. എല്ലാക്കാലത്തും എല്‍ഡിഎഫിനൊപ്പം നിന്ന ചരിത്രമാണ് പാലക്കാടിനുള്ളതെങ്കിലും ഇത്തവണ പലതും മാറിമറിയുമെന്നാണ് അണിയറവിശേഷങ്ങള്‍ നൽകുന്ന സൂചന.
തദ്ദേശം വേറെ നിയമസഭ വേറെ എന്നു പറഞ്ഞാണ് എല്‍ഡിഎഫ് തെരഞ്ഞെടുപ്പിലേക്കു നീങ്ങുന്നത്. തദ്ദേശതെരഞ്ഞെടുപ്പിലുണ്ടായ വലിയ മുന്നേറ്റം വിസ്മയതരംഗമാകുമെന്നു യുഡിഎഫ് അടിവരയിട്ടു പറയുന്നു. പ്രതീക്ഷയുടെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല ബിജെപി. രണ്ടു മണ്ഡലങ്ങളില്‍ ഇപ്പോള്‍ രണ്ടാംസ്ഥാനത്താണിവര്. ഒന്നാംസ്ഥാനത്തേക്കു വലിയ ദൂരമൊന്നുമില്ലെന്നു കണക്കുനിരത്തി പറയുന്നതിനൊപ്പം മറ്റു മണ്ഡലങ്ങളില്‍ തങ്ങള്‍ നിര്‍ണായക ശക്തിയാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
ആകെയുള്ള 12 നിയമസഭാ മണ്ഡലങ്ങളിൽ രണ്ടെണ്ണമാണ് നിലവിൽ യുഡിഎഫിന്റെ കൈവശം. പാലക്കാടും മണ്ണാർക്കാടും ഒഴികെയുള്ള മണ്ഡലങ്ങളെല്ലാം എൽഡിഎഫിനൊപ്പം. ഇക്കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ അഞ്ചു സീറ്റെങ്കിലും കോൺഗ്രസ് ഉറപ്പിക്കുന്നു. മണ്ണാർക്കാട് മുസ്ലിംലീഗ് നിലനിർത്തുകയും ചെയ്താൽ സീറ്റ് ബലാബലത്തിൽ ഒപ്പത്തിനൊപ്പം എത്താമെന്നാണ് യുഡിഎഫ് ക്യാന്പിന്റെ കണക്കുകൂട്ടൽ. സംസ്ഥാനമൊട്ടാകെ പിണറായിവിരുദ്ധതരംഗം അലയടിക്കുമെന്നും വിസ്മയതരംഗമുണ്ടായാൽ കൂടുതൽ സീറ്റുകൾ നേടാമെന്നും യുഡിഎഫ് പ്രതീക്ഷ വയ്ക്കുന്നു.
തദ്ദേശപ്പോരിന്റെ ചുവടുപിടിച്ച്
തദ്ദേശതെരഞ്ഞെടുപ്പില്‍ മുമ്പില്ലാത്തവിധം വലിയ മുന്നേറ്റമാണ് യുഡിഎഫ് നേടിയത്. പലയിടത്തും എല്‍ഡിഎഫ് അടിപതറുന്നതും ദൃശ്യമായി. ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് എന്നിവയില്‍ എല്‍ഡിഎഫിനു മുന്‍തൂക്കമുണ്ടായെങ്കിലും യുഡിഎഫിന്റെ മുന്നേറ്റവും ഇത്തവണ ശ്രദ്ധിക്കപ്പെട്ടു. നഗരസഭകളില്‍ യുഡിഎഫ് തിരിച്ചുവന്നു. ആകെയുളള ഏഴു നഗരസഭകളില്‍ മൂന്നിടത്താണ് യുഡിഎഫ് വിജയിച്ചത്. പട്ടാമ്പി, ചിറ്റൂര്‍- തത്തമംഗലം നഗരസഭകള്‍ തിരിച്ചുപിടിച്ചപ്പോള്‍ മണ്ണാര്‍ക്കാട് നിലനിര്‍ത്തി. കഴിഞ്ഞതവണ അഞ്ചു നഗരസഭകളില്‍ വിജയിച്ച എല്‍ഡിഎഫ് ഷൊര്‍ണൂര്‍, ചെര്‍പ്പുളശേരി, ഒറ്റപ്പാലം എന്നിവിടങ്ങളിലായി ഒതുങ്ങി. പാലക്കാട് നഗരസഭയില്‍ തുടര്‍ച്ചയായി മൂന്നാംതവണയും എന്‍ഡിഎ ഭരണത്തിലെത്തി.
രണ്ടു ഗ്രാമപഞ്ചായത്തുകളുടെ ഭരണം പിടിച്ചെടുത്തതാണ് ബിജെപിയുടെ മറ്റൊരു പ്രധാന നേട്ടം. മലമ്പുഴയിലെ അകത്തേത്തറ, അട്ടപ്പാടിയിലെ പുതൂര്‍ പഞ്ചായത്തുകളിലാണ് ബിജെപി ഭരണം നേടിയെടുത്തത്.
ജില്ലാ പഞ്ചായത്തിലെ മുന്നേറ്റംതന്നെയാണ് യുഡിഎഫിന്റെ പ്രതീക്ഷകളില്‍ നിറയുന്നത്. കഴിഞ്ഞ തവണ കോണ്‍ഗ്രസിന് ഒന്നും മുസ്ലിം ലീഗിനു രണ്ടും സീറ്റടക്കം മൂന്നു സീറ്റിലേക്കൊതുങ്ങിയ യുഡിഎഫ് ഇത്തവണ 12 സീറ്റുകള്‍ നേടിയതു ശ്രദ്ധേയമായി. ബ്ലോക്ക് പഞ്ചായത്തുകളില്‍ മാത്രമാണ് എല്‍ഡിഎഫിന് അല്പമെങ്കിലും ആശ്വാസകരമായ ജനവിധിയുണ്ടായത്. 13 ബ്ലോക്ക് പഞ്ചായത്തില്‍ പത്തിടത്തും ഭരണം നിലനിര്‍ത്താനായി.
ഫാക്ടറുകൾ നിർണായകം
തദ്ദേശതെരഞ്ഞെടുപ്പുഫലം നിർണായകഘടകമെന്നു യുഡിഎഫ് വിലയിരുത്തുന്നു. എൽഡിഎഫിലെ വിഭാഗീയതയാണ് യുഡിഎഫ് ഉന്നംവയ്ക്കുന്ന മറ്റൊരു ഘടകം. ജില്ലയിലെ സിപിഎം വിമതർ സംഘടിക്കുന്നെന്നു മാത്രമല്ല യുഡിഎഫിനു പരസ്യമായ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തത് പ്രതീക്ഷയ്ക്ക് ആക്കംകൂട്ടിയിട്ടുണ്ട്.
മാർച്ച് ആദ്യവാരമാണ് ജില്ലയിലെ സിപിഎം അതൃപ്തരുടെ യോഗം വിളിച്ചിട്ടുളളത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുമുന്നേ ഇത്തരമൊരു നീക്കമുണ്ടായാൽ മൂന്നു മുന്നണികളുടെയും കണക്കുകൂട്ടലിലും പ്രചാരണതന്ത്രങ്ങളിലും മാറ്റംവന്നേക്കും. പി.കെ. ശശി അടക്കമുള്ള മുതിർന്ന നേതാക്കൾ ഇടഞ്ഞുനിൽക്കുന്നതും കൊഴിഞ്ഞാന്പാറയിലെ പരസ്യമായ വിഭാഗീയപ്രശ്നങ്ങളുമെല്ലാം സിപിഎമ്മിനു വെല്ലുവിളിയാണ്. മുൻമുഖ്യമന്ത്രിയും മലന്പുഴ മണ്ഡലം മുൻ എംഎൽഎയുമായ വി.എസ്. അച്യുതാനന്ദന്റെ പേഴ്സണൽ അസിസ്റ്റന്റ് എ. സുരേഷിനെ ക്യാന്പിലെത്തിക്കാനായതു യുഡിഎഫ് ഉയർത്തിക്കാട്ടുന്നതു സംസ്ഥാനത്തൊട്ടാകെ അലയടിക്കുന്ന തരംഗമായാണ്. ഇനിയും ഇത്തരം വിസ്മയങ്ങളുണ്ടാകുമെന്നു യുഡിഎഫ് ഉറപ്പിച്ചുപറയുന്പോൾ എൽഡിഎഫ് ക്യാന്പിൽ ആശങ്ക ചെറുതല്ല.
വോട്ടർമാരുടെ റെഡ് അലർട്ട്
ചില മണ്ഡലങ്ങൾ ഫലംവരുന്നതുവരെ പിടികൊടുക്കാതെ മുന്നേറുമെന്നാണ് വോട്ടർമാരുടെയും വിലയിരുത്തൽ. ഇതാണ് പാലക്കാട്ടെ വേനൽച്ചൂടിനൊപ്പം തെരഞ്ഞെടുപ്പ് ചൂടിനെയും എത്തിക്കുന്നത്. പാലക്കാട്, മലന്പുഴ, തൃത്താല, പട്ടാന്പി, ചിറ്റൂർ മണ്ഡലങ്ങളാണ് വോട്ടർമാരുടെ റെഡ് ലിസ്റ്റിലുള്ളത്. പാലക്കാട്, മലന്പുഴ മണ്ഡലങ്ങളിൽ നിലവിൽ രണ്ടാംസ്ഥാനത്തുള്ളതു ബിജെപിയാണ്. ഇതാണ് നിർണായക ഘടകമാകുക.
രാഹുൽ മാങ്കൂട്ടത്തിൽ വിഷയം ഉയർത്തിക്കാട്ടി ഇത്തവണ പാലക്കാട് മണ്ഡലം പിടിച്ചെടുക്കാനാകുമെന്നാണ് ബിജെപി കണക്കുകൂട്ടൽ. ശോഭ സുരേന്ദ്രനെന്ന മുന്നണിപ്പോരാളി രംഗത്തുണ്ടാകുമെന്ന സൂചനയും വന്നുകഴിഞ്ഞു. മണ്ഡലം നിലനിർത്താൻ മികച്ചൊരു ഇറക്കുമതിസ്ഥാനാർഥിയെ രംഗത്തിറക്കാൻ യുഡിഎഫിനു പദ്ധതിയുണ്ട്. ദേശീയശ്രദ്ധയിലുള്ള കണ്ണൻ ഗോപിനാഥനെപ്പോലെയുള്ളവരുടെ സാധ്യത തേടുന്നുണ്ട് യുഡിഎഫ്. പാലക്കാടുമായി അഭേദ്യമായ ബന്ധമുണ്ടെന്നു പ്രഖ്യാപിച്ച് കണ്ണൻ ഗോപിനാഥൻ അടുത്തിടെ രംഗത്തെത്തിയതും ചേർത്തുവായിക്കണം. ഡിസിസി പ്രസിഡന്റ് എ. തങ്കപ്പനും സജീവമായ പരിഗണനയിലുണ്ട്. എന്നാൽ, മുതിർന്ന നേതാവ് കെ. മുരളീധരൻ മത്സരിക്കണമെന്ന നിലപാട് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ വ്യക്തമാക്കിയതു സ്ഥാനാർഥിചർച്ച ചൂടുപിടിപ്പിച്ചിട്ടുണ്ട്. പാലക്കാട്ട് വനിതാസ്ഥാനാർഥിയെ സിപിഎം പരിഗണിക്കുന്നതായി സൂചനകളുണ്ട്. എന്നാൽ ഇവർക്കു പാലക്കാട് മണ്ഡലത്തിലല്ല, മലന്പുഴയിലാണ് മത്സരിക്കാൻ താത്പര്യമെന്നു പാർട്ടിക്കുള്ളിൽ അടക്കംപറച്ചിലുണ്ട്. ഇവർ ഏറെക്കാലമായി മലന്പുഴ കേന്ദ്രീകരിച്ചു പ്രവർത്തിച്ചുവരുന്നുമുണ്ട്.
മലന്പുഴയിൽ വി.എസ്. അച്യുതാനന്ദന്റെ മകൻ അരുൺകുമാർ മത്സരിച്ചേക്കാമെന്നു വാർത്തകൾ സത്യമായാൽ, പാലക്കാട് മണ്ഡലത്തിൽ അതേ വനിതാ സ്ഥാനാർഥിയെ പ്രതീക്ഷിക്കാം. അതേസമയം, യുഡിഎഫ് പാളയത്തിലെത്തി വിഎസിന്റെ മുൻ പിഎ എ. സുരേഷ് യുഡിഎഫ് സ്വതന്ത്രനായി മലന്പുഴയിൽ മത്സരിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്. അരുൺകുമാർ മത്സരിച്ചാൽമാത്രം പുനർവിചിന്തനമെന്ന നിലപാടും സുരേഷ് പറഞ്ഞിട്ടുണ്ട്. നിലവിൽ മലന്പുഴ മണ്ഡലത്തിൽ മൂന്നാംസ്ഥാനത്താണെങ്കിലും സുരേഷിനെപ്പോലൊരു സ്ഥാനാർഥിയെ രംഗത്തിറക്കിയാൽ അദ്ഭുതം സൃഷ്ടിക്കാനാകുമെന്നാണ് യുഡിഎഫ് വിലയിരുത്തൽ. ഉരുക്കുകോട്ടയിൽ മുതിർന്ന നേതാവും എംഎൽഎയുമായ എ. പ്രഭാകരനു സിപിഎം രണ്ടാമൂഴം നൽകുമെന്നും സൂചനയുണ്ട്. എ പ്ലസ് മണ്ഡലമായതിനാൽ കടുത്ത പോരാട്ടമൊരുക്കാനാണ് ബിജെപി ക്യാന്പിന്റെ നീക്കം. സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാർതന്നെയാണ് സ്ഥാനാർഥിയാവുക. തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലുൾപ്പെട്ട അകത്തേത്തറ ഗ്രാമപഞ്ചായത്തിന്റെ ഭരണം ബിജെപി സ്വന്തമാക്കിയിരുന്നു. ഇതെല്ലാം മാറ്റത്തിന്റെ സൂചനയാണെന്നും ബിജെപി വെന്നിക്കൊടി പാറിക്കുമെന്നും എൻഡിഎ ക്യാന്പും പ്രതീക്ഷിക്കുന്നു.
പ്രസ്റ്റീജ് പോരാട്ടങ്ങൾ
തൃത്താല മണ്ഡലത്തിൽ ഇത്തവണയും പോരാട്ടം പൊടിപാറും. എൽഎഡിഎഫിനായി മന്ത്രി എം.ബി. രാജേഷും യുഡിഎഫിനായി യുവനേതാവ് വി.ടി. ബൽറാമും കൊന്പുകോർക്കും. കഴിഞ്ഞതവണ നേരിയ വോട്ടിനു നഷ്ടപ്പെട്ട മണ്ഡലം തിരിച്ചുപിടിക്കുമെന്നു യുഡിഎഫ് ഉറപ്പിക്കുന്പോൾ മണ്ഡലവികസനക്കാഴ്ചകൾ നിരത്തിയാണ് എൽഡിഎഫ് രംഗപ്രവേശം. കഴിഞ്ഞതവണ തണുപ്പൻപ്രതികരണവുമായി കൂടെനിന്ന മുസ്ലിംലീഗ് ഇത്തവണ ഒരുങ്ങിപ്പുറപ്പെട്ടത് ബൽറാമിനു തുണയാകും. മുന്നണികളെ മാറിമാറി തുണയ്ക്കാറുള്ള മണ്ഡലത്തിൽ മുസ്ലിം ലീഗ് നിർണായകശക്തിയാണ്. ശബരിമലവിഷയമടക്കം മണ്ഡലത്തിൽ ചർച്ചയാകും. അടുത്തിടെയുണ്ടായ മന്ത്രിയുടെ പ്രസ്താവനകൾ മണ്ഡലത്തിൽ സജീവചർച്ചയാക്കാനും യുഡിഎഫ്- ബിജെപി നീക്കമുണ്ട്.
ചിറ്റൂർ, നെന്മാറ, പട്ടാന്പി മണ്ഡലങ്ങളിലെ പോരാട്ടം ഇത്തവണ ഇരുമുന്നണികൾക്കും നിർണായകമാകും. മന്ത്രിയും ജനതാദൾ- എസ് നേതാവുമായ കെ. കൃഷ്ണൻകുട്ടി രംഗത്തില്ലാത്ത മത്സരം അരങ്ങേറുന്പോൾ മണ്ഡലം ആർക്കൊപ്പം എന്നറിയാൻ ഫലം വരുംവരെ കാത്തിരിക്കേണ്ടിവരും. പാർട്ടിയിലെ യുവനേതാവും കെഎസ്ഇബി സ്വതന്ത്ര ഡയറക്ടറുമായ വി. മുരുകദാസ് മത്സരിച്ചേക്കുമെന്നാണ് സൂചന. കഴിഞ്ഞതവണത്തെ സ്ഥാനാർഥിയും നിലവിൽ ചിറ്റൂർ- തത്തമംഗലം നഗരസഭാ ചെയർമാനുമായ അഡ്വ. സുമേഷ് അച്യുതൻ യുഡിഎഫ് സ്ഥാനാർഥിയാകും. മുതിർന്ന കോൺഗ്രസ് നേതാവ് കെ. അച്യുതന്റെ മകനും ഡിസിസി വൈസ് പ്രസിഡന്റുമാണ് സുമേഷ്. തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലുടനീളമുണ്ടായ മുന്നേറ്റംതന്നെയാണ് കോൺഗ്രസിനും യുഡിഎഫിനും ഒരുപോലെ പ്രതീക്ഷ നൽകുന്നത്. കൊഴിഞ്ഞാന്പാറയിലെ സിപിഎം വിഭാഗീയതയും നിർണായകഘടകമാകും.
നെന്മാറ മണ്ഡലപരിധിയിൽ തദ്ദേശതെരഞ്ഞെടുപ്പിലുണ്ടായ മുന്നേറ്റം വഴിമരുന്നാക്കനാണ് യുഡിഎഫ് നീക്കം. ദീർഘകാലമായി ഘടകകക്ഷിയായ സിഎംപിയാണ് ഇവിടെ മത്സരിച്ചുവരുന്നത്. ഇത്തവണ സിഎംപിയിൽനിന്നും സീറ്റ് ഏറ്റെടുക്കാൻ ഏറെക്കുറെ ധാരണയായിട്ടുണ്ട്. അങ്ങനെയെങ്കിൽ കോൺഗ്രസ് സ്ഥാനാർഥിതന്നെ മരംഗത്തുണ്ടാകും. നിലവിലെ ജില്ലാ പഞ്ചായത്തംഗം കെ.ജി. എൽദോ അടക്കമുള്ളവരുടെ പേര് പരിഗണനയിലുണ്ട്. ഡിസിസി പ്രസിഡന്റ് എ. തങ്കപ്പന്റെ പേരും പറഞ്ഞുകേൾക്കുന്നു. കെ. ബാബു എംഎൽഎ തന്നെ മത്സരരംഗത്തുണ്ടാകുമെന്നാണ് സൂചനകളെങ്കിലും ജില്ലയിലെ മുതിർന്ന നേതാവടക്കം പുതിയ സ്ഥാനാർഥികളും സാധ്യതാപട്ടികയിലുണ്ട്.
കോൺഗ്രസ് ഏറ്റെടുക്കാൻ സാധ്യതയുള്ള മറ്റൊരു സീറ്റാണ് കോങ്ങാട് സംവരണമണ്ഡലം. കഴിഞ്ഞതവണ മുസ്ലിംലീഗാണ് മത്സരിച്ചത്. കോങ്ങാട് സീറ്റ് കോൺഗ്രസിനു വിട്ടുനൽകി പട്ടാന്പി മുസ്ലിംലീഗ് ഏറ്റെടുത്താൽ രണ്ടിടത്തും വിജയം ഉറപ്പാണെന്നാണ് യുഡിഎഫ് വിലയിരുത്തൽ. സീറ്റ് കൈമാറ്റമുണ്ടാകില്ലെന്നു സംസ്ഥാനനേതാക്കൾ അറിയിച്ചുകഴിഞ്ഞെങ്കിലും അവസാനഘട്ടത്തിൽ മാറിമറിയാനും സാധ്യതയുണ്ട്. മണ്ണാർക്കാട് മണ്ഡലം മുസ്ലിംലീഗിന്റെ പ്രസ്റ്റീജ് മണ്ഡലമായതിനാൽ വിജയത്തിൽ കുറഞ്ഞതൊന്നും യുഡിഎഫ് പ്രതീക്ഷിക്കുന്നില്ല. പാർട്ടിയുമായി ഇടഞ്ഞുനിൽക്കുന്ന സിപിഎം നേതാവ് പി.കെ. ശശിയുടെ നിലപാടുകൾ തുണയാകുമെന്നും യുഡിഎഫ് കരുതുന്നു. ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലുണ്ടായ പി.കെ. ശശി ഫാക്ടറിൽ വൻമുന്നേറ്റമാണ് മണ്ണാർക്കാട് മണ്ഡലത്തിൽ യുഡിഎഫിനു നേടാനായത്.
തരൂർ, ആലത്തൂർ, ഷൊർണൂർ, ഒറ്റപ്പാലം മണ്ഡലങ്ങൾ തങ്ങളുടെ ശക്തികേന്ദ്രമായി നിലനിൽക്കുമെന്ന് എൽഡിഎഫ് കരുതുന്നു. അതേസമയം, മികച്ച സ്ഥാനാർഥികളെ രംഗത്തിറക്കി തരംഗത്തിന്റെ ഭാഗമായാൽ സീറ്റുകൾ ഒപ്പംപോരുമെന്നു യുഡിഎഫും വിലയിരുത്തുന്നു. മലയോര കുടിയേറ്റ മേഖലയിലെ പ്രശ്നങ്ങൾ തരൂർ മണ്ഡലത്തിലെ പ്രധാന വിഷയങ്ങളിലൊന്നാണ്. ഈ വിഷയം ഫലപ്രദമായി കൈകാര്യംചെയ്യുന്ന മികച്ച സ്ഥാനാർഥിയെ രംഗത്തിറക്കാനാണ് യുഡിഎഫിന്റെ നീക്കം. നിലവിലെ എംഎൽഎ പി.പി. സുമോദ് തന്നെയായിരിക്കും എൽഡിഎഫ് സ്ഥാനാർഥി.
ആലത്തൂരിൽ നിർണായക നീക്കമുണ്ടായില്ലെങ്കിൽ കെ.ഡി. പ്രസേനൻ തന്നെയായിരിക്കും എൽഡിഎഫ് സ്ഥാനാർഥി. ഒറ്റപ്പാലം സീറ്റിൽ കഴിഞ്ഞതവണ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന ഡോ.പി. സരിൻ ഇത്തവണ എൽഡിഫ് സ്ഥാനാർഥിയായേക്കും. പാലക്കാട് മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സരിന് അന്നു നൽകിയ ഉറപ്പ് പാലിക്കപ്പെട്ടാൽ ഇതു യാഥാർഥ്യമായേക്കും. അതേസമയം പി.കെ. ശശി പാർട്ടി വിട്ടുവന്നാൽ ഒറ്റപ്പാലത്തെ യുഡിഎഫ് സ്ഥാനാർഥിയാകുമെന്ന സൂചനകൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. എന്തായാലും ഈ തീരുമാനത്തിലെത്താൻ യുഡിഎഫിന് ഏറെ പാടുപെടേണ്ടിവരും. പി. സരിൻ ഒറ്റപ്പാലത്തു വന്നാൽ നിലവിലെ എംഎൽഎ അഡ്വ. കെ. പ്രേംകുമാർ പി. മമ്മിക്കുട്ടിക്കു പകരം ഷൊർണൂരിലേക്കു മാറാനും സാധ്യതയുണ്ട്.