സിലാപത്തര്‍ (ആസാം): 79-ാമത് സന്തോഷ് ട്രോഫി ഫുട്ബോള്‍ ഫൈനല്‍ ചിത്രം ഇന്നു വ്യക്തമാകും. കിരീടം പോരാട്ടം ആരൊക്കെ തമ്മില്‍ എന്നു നിശ്ചയിക്കുന്ന സെമി ഇന്ന് അരങ്ങേറും. ഇന്നു നടക്കുന്ന ആദ്യ സെമിയില്‍ റെയില്‍വേസും സര്‍വീസസും ഏറ്റുമുട്ടും. രാവിലെ 11നാണ് ഈ മത്സരം. ഉച്ചയ്ക്ക് 1.30നു നടക്കുന്ന രണ്ടാം സെമിയില്‍ കേരളവും പഞ്ചാബും ഏറ്റുമുട്ടും.
ക്വാര്‍ട്ടറില്‍ ആതിഥേയരായ ആസാമിനെ മറുപടിയില്ലാത്ത മൂന്നു ഗോളിനു കീഴടക്കിയാണ് കേരളം സെമിയിലെത്തിയത്. സീസണില്‍ ഇതുവരെ ആറ് മത്സരങ്ങളിലായി കേരളം 11 ഗോള്‍ അടിച്ചു, മൂന്നു ഗോള്‍ വഴങ്ങി. ആക്രമണവും പ്രതിരോധവും സമന്വയിപ്പിച്ചാണ് കേരളം കളത്തിലെത്തുന്നത്. സര്‍വീസസിനെതിരേ മാത്രമാണ് (1-0നു തോറ്റു) കേരളത്തിനു ഗോള്‍ നേടാന്‍ സാധിക്കാതിരുന്നത്.
17-ാം ഫൈനലിനായി കേരളം
സന്തോഷ് ട്രോഫിയില്‍ ഇതുവരെ ഏഴ് തവണ ചാമ്പ്യന്മാരായ ടീമാണ് കേരളം. കഴിഞ്ഞ സീസണ് ഉള്‍പ്പെടെ ഒമ്പത് തവണ റണ്ണേഴ്സ് അപ്പുമായി. ഇന്നു പഞ്ചാബിനെ കീഴടക്കിയാല്‍ സന്തോഷ് ട്രോഫിയില്‍ കേരളത്തിന്റെ 17-ാം ഫൈനല്‍ പ്രവേശമാണ് സാധ്യമാകുക. 2021-22 സീസണിലാണ് കേരളം അവസാനം ചാമ്പ്യന്മാരായത്.
ബംഗാള്‍ കഴിഞ്ഞാല്‍ (33) ഏറ്റവും കൂടുതല്‍ തവണ സന്തോഷ് ട്രോഫി കിരീടം അവകാശപ്പെടാനുള്ള ടീമാണ് സെമിയില്‍ കേരളത്തിന്റെ എതിരാളികളായ പഞ്ചാബ് (8). 2007-08 സീസണിലായിരുന്നു പഞ്ചാബിന്റെ അവസാന കിരീടധാരണം. 2018-19ലായിരുന്നു അവസാനമായി ഫൈനല്‍ കളിച്ചത്.
ഫൈനല്‍ റൗണ്ട് ഗ്രൂപ്പ് ബിയില്‍ ഇരുടീമും ഒരു തവണ ഏറ്റുമുട്ടിയിരുന്നു. അന്ന് കേരളം 3-1ന്റെ ജയം സ്വന്തമാക്കി. ഫൈനല്‍ റൗണ്ടില്‍ കേരളത്തിന്റെ ആദ്യ മത്സരമായിരുന്നു അത്. ഗ്രൂപ്പ് ബി യില്‍ 10 പോയിന്റുമായി കേരളം ഒന്നാമതായപ്പോള്‍, ഏഴ് പോയിന്റുമായി മൂന്നാം സ്ഥാനത്തായിരുന്നു പഞ്ചാബ്. ക്വാര്‍ട്ടറില്‍ നിശ്ചിത സമയത്തും അധികം സമയത്തും തമിഴ്നാടുമായി 1-1 സമനില പാലിച്ച പഞ്ചാബ്, പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-1ന്റെ ജയം സ്വന്തമാക്കി.
പട്ടാളം x റെയില്‍വേസ്
നിലവിലെ ചാമ്പ്യന്മാരായ ബംഗാളിനെ ക്വാര്‍ട്ടറില്‍ അട്ടിമറിച്ചതോടെ പട്ടാളക്കാര്‍ (സര്‍വീസസ്) ടൂര്‍ണമെന്റിലെ കറുത്ത കുതിരകളായി മാറിയിരിക്കുന്നു. നിശ്ചിത സമയത്തും അധിക സമയത്തും ഗോള്‍രഹിതമായ സമനിലയില്‍ ബംഗാളിനെ തളച്ചശേഷം, പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ 3-2നു ജയിച്ചാണ് പട്ടാളക്കാര്‍ സെമിയിലെത്തിയിരിക്കുന്നത്.
ഫൈനല്‍ റൗണ്ട് ഗ്രൂപ്പ് ബിയില്‍ ഏഴ് പോയിന്റുമായി കേരളത്തിനു പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് റെയില്‍വേസ് ക്വാര്‍ട്ടറിലെത്തിയത്. ക്വാര്‍ട്ടറില്‍ 2-0ന് രാജസ്ഥാനെ മറികടന്നു. സര്‍വീസസ് ഗ്രൂപ്പ് ബിയില്‍ ആറ് പോയിന്റുമായി നാലാം സ്ഥാനക്കാരായിരുന്നു. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ 1-0നു കേരളത്തെ കീഴടക്കിയായിരുന്നു സര്‍വീസസ് ക്വാര്‍ട്ടര്‍ ടിക്കറ്റ് എടുത്തത്. നിലവിലെ ചാമ്പ്യന്മാരെയും ഫൈനലിസ്റ്റുകളെയും കീഴടക്കിയാണ് പട്ടാളക്കാര്‍ ഇവിടെവരെ എത്തിയിരിക്കുന്നതെന്നു ചുരുക്കം.
സര്‍വീസസ് ഏഴ് തവണ സന്തോഷ് ട്രോഫി നേടിയിട്ടുണ്ട്. അഞ്ച് തവണ റണ്ണേഴ്സ് അപ്പുമായി. ഇന്നു ജയിച്ചാല്‍ 13-ാം ഫൈനല്‍ പ്രവേശമാകും. 2023-24ല്‍ ആണ് സര്‍വീസസിന്റെ അവസാന കിരീടനേട്ടം. റെയില്‍വേസ് മൂന്നു തവണ കിരീടം സ്വന്തമാക്കി, ആറ് തവണ റണ്ണേഴ്സപ്പായി. 1966-67ല്‍ ആയിരുന്നു റെയില്‍വേസ് അവസാനമായി സന്തോഷ് ട്രോഫിയില്‍ മുത്തംവച്ചത്.