Kerala
തിരുവനന്തപുരം: നേമത്ത് കഴിഞ്ഞ ദിവസങ്ങളിൽ ജനങ്ങളെ മുൾമുനയിൽ നിർത്തിയ "ചുവപ്പ് അടയാള' രഹസ്യത്തിന്റെ ചുരുളഴിഞ്ഞു. വീടുകളുടെ മതിലുകളിലും തൂണുകളിലും രാത്രികാലങ്ങളിൽ പ്രത്യക്ഷപ്പെട്ട ചുവന്ന അടയാളങ്ങൾ കണ്ട് ഭയചകിതരായ നാട്ടുകാർ ഒടുവിൽ ആശ്വാസത്തിന്റെ നെടുവീർപ്പിലാണ്.
വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘങ്ങളുടെ നീക്കമാണോ ഇതെന്ന് ഭയന്നാണ് പ്രദേശം മുഴുവൻ പരിഭ്രാന്തിയിലായത്. നേമത്തെ കോർപ്പറേഷൻ സോണൽ ഓഫീസ് ലെയിൻ, ജെപി ലെയിൻ തുടങ്ങിയ പ്രദേശങ്ങളിലെ വീടുകൾക്ക് മുന്നിലാണ് അജ്ഞാതർ ചുവന്ന സ്പ്രേ പെയിന്റ് ഉപയോഗിച്ച് അടയാളങ്ങൾ രേഖപ്പെടുത്തിയത്.
പുലർച്ചെ ഈ അടയാളങ്ങൾ കണ്ടു ഭയന്ന വീട്ടുകാർ ഉടൻ തന്നെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. മുഖംമൂടി ധരിച്ചെത്തിയ ചിലരാണ് ഈ അടയാളങ്ങൾ പതിപ്പിക്കുന്നതെന്ന് ദൃശ്യങ്ങളിൽ വ്യക്തമായതോടെ നാട്ടുകാരുടെ ആശങ്ക വർദ്ധിച്ചു.
വർഷങ്ങൾക്ക് മുമ്പ് നഗരത്തിലെ വീടുകൾക്ക് മുന്നിൽ കറുത്ത സ്റ്റിക്കറുകൾ പതിപ്പിച്ച് മോഷണങ്ങൾ നടന്ന സംഭവങ്ങൾ ഓർത്തെടുത്തതോടെ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ വിവരം ഉടൻ തന്നെ നേമം പോലീസിനെ അറിയിക്കുകയായിരുന്നു.
പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയതോടെയാണ് തികച്ചും അപ്രതീക്ഷിതമായ ട്വിസ്റ്റ് ഈ സംഭവത്തിലുണ്ടായത്. വാർത്തകൾ അറിഞ്ഞ് രണ്ട് യുവാക്കൾ സ്വയം പോലീസ് സ്റ്റേഷനിൽ ഹാജരായി കാര്യങ്ങൾ വിശദീകരിച്ചു.
ഒരു പ്രമുഖ സ്വകാര്യ ഫൈബർ ഇന്റർനെറ്റ് കമ്പനിയിലെ തൊഴിലാളികളായിരുന്നു ഇവർ. പുതിയ കണക്ഷനുകൾ നൽകേണ്ട വീടുകൾ വേഗത്തിൽ തിരിച്ചറിയുന്നതിനായി തങ്ങൾ മുൻകൂട്ടി അടയാളപ്പെടുത്തിയതായിരുന്നു ആ ചുവപ്പ് മാർക്കുകൾ.
സ്പ്രേ പെയിന്റ് ഉപയോഗിക്കുമ്പോൾ ശ്വസനതടസമുണ്ടാകാതിരിക്കാനാണ് തങ്ങൾ മുഖം മൂടിയതെന്നും ഇവർ പോലീസിനോട് പറഞ്ഞു. യുവാക്കളുടെ നിഷ്കളങ്കമായ വിശദീകരണം കേട്ട പോലീസുകാർക്ക് ആദ്യം ചിരിയാണ് വന്നതെങ്കിലും, ജനങ്ങളെ ഭീതിയിലാഴ്ത്തിയ സംഭവത്തിന് ശുഭകരമായ അന്ത്യമുണ്ടായതിൽ എല്ലാവരും ആശ്വാസം പ്രകടിപ്പിച്ചു.
പോലീസ് ഉടൻ തന്നെ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളെ വിളിച്ച് സത്യാവസ്ഥ ബോധ്യപ്പെടുത്തി നാട്ടുകാരുടെ പേടി അകറ്റി. എങ്കിലും, അപരിചിതമായ സാഹചര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പോലീസിനെ അറിയിക്കണമെന്ന ജാഗ്രതാ നിർദ്ദേശം നേമം പോലീസ് നിലനിർത്തിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തേക്കും. അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘത്തിന്റെ ഈ നീക്കം.
സർക്കാർ ഇടപെടൽ ഉണ്ടായോ എന്നു പരിശോധിക്കാനാണ് കടകംപള്ളിയെ ചോദ്യം ചെയ്യുക. പത്മകുമാറിനെ കസ്റ്റഡിയിൽ വാങ്ങി വീണ്ടും ചോദ്യം ചെയ്തശേഷം കടകംപള്ളിക്ക് നോട്ടിസ് നൽകാനാണ് ആലോചന.
സ്വർണപ്പാളികൾക്കായി ഉണ്ണികൃഷ്ണൻപോറ്റി അപേക്ഷ നൽകിയത് സർക്കാരിനാണെന്നും അതിന്റെ അടിസ്ഥാനത്തിലാണ് ഫയൽ ദേവസ്വം ബോർഡിന്റെ മുന്നിലെത്തിയതെന്നുമാണ് പത്മകുമാറിന്റെ മൊഴി.
എന്നാൽ സ്വർണക്കൊള്ളയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ദേവസ്വം ബോർഡിന്റേത് സ്വതന്ത്ര തീരുമാനമാണെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. അപേക്ഷ സർക്കാർ അറിയണമെന്നില്ലെന്നും ഇതുസംബന്ധിച്ച ഒരു ഫയലും തന്റെ മുന്നിൽ വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പോറ്റിക്ക് ദേവസ്വം മന്ത്രിയുമായി പരിചയം ഉണ്ടായിരുന്നെന്നും അന്വേഷണസംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്. പോറ്റിയുടെ കൊള്ളയെക്കുറിച്ച് മന്ത്രിക്ക് അറിവുണ്ടായിരുന്നോ, അതോ മന്ത്രിയുടെ മുന്നിലെത്തിയ നിവേദനം ബോർഡിനു കൈമാറുക മാത്രമായിരുന്നോ എന്നീ കാര്യങ്ങളും അന്വേഷണസംഘം പരിശോധിക്കും.