മികച്ച നടനുള്ള പരിഗണനയിൽ മമ്മൂട്ടിയുടെ പേരിനൊപ്പം ഇഞ്ചോടിഞ്ച് മത്സരിച്ചാണ് ആസിഫ് അലിക്ക് ഒടുവിൽ പ്രത്യേക ജൂറി പരാമർശത്തിലേയ്ക്ക് മാറിപ്പോകേണ്ടി വന്നത്. വീട്ടുകാരുമൊത്ത് ലൈവായിട്ടാണ് താരം പുരസ്കാര പ്രഖ്യാപനം കണ്ടത്. ഒടുവിൽ പ്രത്യേക ജൂറി പരാമർശം ലഭിച്ചപ്പോൾ സന്തോഷത്താൽ കണ്ണുനിറഞ്ഞ ആസിഫിനെ മലയാളികൾ കണ്ടു.
ലെവൽ ക്രോസ്, കിഷ്കിന്ധാകാണ്ഡം എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് പ്രത്യേക ജൂറി പരാമർശ(സ്പെഷൽ ജൂറി മെൻഷൻ)മാണ് താരത്തിന് ലഭിച്ചത്. ആസിഫിന് ആദ്യമായി ലഭിക്കുന്ന സംസ്ഥാന ചലച്ചിത്ര പുരസ്കാരമാണിത്.
മമ്മൂട്ടിയോടൊപ്പം മികച്ച നടനുള്ള നാമനിർദേശ പട്ടികയിൽ ഇടം നേടിയതിലുള്ള വലിയ സന്തോഷം ആസിഫ് അലി പങ്കുവച്ചു. താൻ ഏറെ ആഗ്രഹിച്ച അംഗീകാരമാണിതെന്നും, ഇത് സ്വപ്നം കാണുക മാത്രമല്ല, അതിനായി ശ്രമിച്ചാൽ നേടാനും കഴിയുമെന്നതിന്റെ തെളിവാണ് ഈ അവാർഡ് എന്നും ആസിഫ് അലി പ്രതികരിച്ചു.
അർഫാസ് അയൂബ് സംവിധാനം ചെയ്ത ചിത്രം ലെവൽ ക്രോസിൽ ആസിഫ് അലിയുടെ പ്രകടനത്തെക്കുറിച്ച് എടുത്തു പറയാതിരിക്കാൻ ആകില്ല. ഒപ്പം കിഷ്കിന്ധകാണ്ഡത്തിലും രേഖാചിത്രത്തിലും ആസിഫ് തന്റേതായ അഭിനയപാടവം കാഴ്ച വച്ചു.
ശ്യാമപ്രസാദിന്റെ ഋതു എന്ന ചിത്രത്തിലൂടെ മലയാളസിനിമയിൽ അരങ്ങേറ്റം കുറിച്ച നടന് വിജയങ്ങളും പരാജയങ്ങളും ഒരേപോലെ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. 2009-ൽ തുടങ്ങിയ യാത്ര 15 വർഷങ്ങൾക്കിപ്പുറം സംസ്ഥാന അവാർഡിലേയ്ക്ക് എത്തിച്ചു.
ചില സിനിമകൾ പ്രതീക്ഷിച്ച വിജയംനേടാതെ വന്നപ്പോൾ ആസിഫ് അലിയുടെ കരിയർ ഇടിഞ്ഞു എന്ന് ചില വിമർശകർ പ്രഖ്യാപിച്ചു കഴിഞ്ഞിരുന്നു. പക്ഷേ അവയ്ക്കുള്ള ഉത്തരമായിരുന്നു ആസിഫ് അലിക്ക് 2024 നൽകിയത്.
ഇടുക്കി തൊടുപുഴ സ്വദേശിയായ ആസിഫ് ബിരുദത്തിനു പഠിച്ചുകൊണ്ടിരിക്കുന്ന കാലത്ത് തന്നെ പരസ്യങ്ങളിലെ മോഡലായും വീഡിയോ ജോക്കിയായും ജോലി ചെയ്തു. തുടർന്ന് ശ്യാമപ്രസാദിന്റെ ഋതുവിലൂടെ മലയാളസിനിമയുടെ വെളിച്ചത്തിലേയ്ക്ക് കാലെടുത്തുവച്ചെങ്കിലും ആസിഫ് ശ്രദ്ധിക്കപ്പെട്ടത് സത്യൻ അന്തിക്കാടിന്റെ കഥ തുടരും എന്ന ചിത്രത്തിലൂടെയാണ്.
മൂന്നാമത്തെ ചിത്രം സിബി മലയിൽ സംവിധാനം ചെയ്ത അപൂർവരാഗമായിരുന്നു. ആസിഫ് അലിക്ക് പ്രശസ്തി നേടി കൊടുത്ത മറ്റൊരു സിനിമയായിരുന്നു ഇത്. ബെസ്റ്റ് ഓഫ് ലക്ക്, ഇതു നമ്മുടെ കഥ, വയലിൻ എന്നീ സിനിമകളിൽ പിന്നീട് നായകനായെങ്കിലും ട്രാഫിക്, സോൾട്ട് ആൻഡ് പെപ്പർ എന്ന ചിത്രങ്ങളിലൂടെ ആസിഫ് മലയാളികൾക്കിടയിൽ കൂടുതൽ ശ്രദ്ധേയനായി. തുടർന്ന് നിരവധി ചിത്രങ്ങൾ ആസിഫിന്റേതായി പുറത്തിറങ്ങി.
വിജയപരാജയങ്ങൾ തിരിച്ചറിഞ്ഞു. എല്ലാത്തിനുമൊടുവിൽ തന്റെ സ്വതസിദ്ധമായ ചിരിയിൽ ആസിഫ് എല്ലാവരുടെയും മനസ് കീഴടക്കാൻ പാകത്തിന് വളർന്നു. ആസിഫിന്റെ ചിരിക്ക് പോലും വലിയ അർഥങ്ങളുണ്ടെന്ന് കാലം തെളിയിച്ച സന്ദർഭങ്ങളുണ്ടായി. ഇപ്പോഴിതാ തന്റെ പേരിലേയ്ക്ക് ഒരു പുരസ്കാരം എഴുതിചേർക്കപ്പെട്ടപ്പോൾ അയാൾ നിറഞ്ഞു ചിരിക്കുകയാണ്.