District News
കുളത്തൂപ്പുഴ: കുടുംബശ്രീ ഓഫീസ് പ്രവര്‍ത്തനം പൂര്‍ണമായും കംപ്യൂട്ടര്വത്കരിക്കുകയും ഫയല്‍ കൈമാറ്റമടക്കം ഓണ്‍ലൈനാക്കി മാറ്റുകയും അംഗങ്ങള്‍ക്ക് കൃത്യതയോടെയും കാര്യക്ഷമതയോടെയും സേവനം നല്‍കുകയും ചെയ്തതോടെ കുളത്തൂപ്പുഴ പഞ്ചായത്ത് കുടുംബശ്രീ സിഡി എസിന് ഐഎസ്ഒ അംഗീകാരം ലഭിച്ചു.
കുളത്തൂപ്പുഴയില്‍ സംഘടിപ്പിച്ച കുടുംബശ്രീ സിഡിഎസ് വാർഷിക ആഘോഷപരിപാടിയിലാണ് പഞ്ചായത്ത് പ്രസിഡന്റ് പി. ലൈലാബീവി ഐഎസ്ഒ അംഗീകാരം ലഭിച്ച വിവരം പ്രഖ്യാപിച്ചത്. സി.കൈരളി അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റി. തുഷാര, ബ്ലോക്ക് പഞ്ചായത്തംഗം ഇ. കെ. സുധീർ, പഞ്ചായത്തംഗങ്ങളായ പി. അനിൽകുമാർ, സുഭിലാഷ് കുമാര്‍, സാബു ഏബ്രഹാം, ഷീജ റാഫി, നദിറ സൈഫുദീൻ, പി.ആർ. സന്തോഷ്കുമാർ, വി. ആർ. അനിലാൽ, മിനി വർഗീസ് എന്നിവർ പ്രസംഗിച്ചു.
District News
കുളത്തൂപ്പുഴ : സെന്റ്മേരീസ് റോമൻ കത്തോലിക്കാ പള്ളിയിൽ പരിശുദ്ധ ജപമാല മാതാവിന്റെ മധ്യസ്ഥ തിരുനാൾ കൊടിയേറ്റ് ഇടവക വികാരി ഫാ. റോബി ചക്കാലയ്ക്കൽ ഒഎസ്ജെ നിർവഹിച്ചു . തുടർന്നുള്ള ദിവസങ്ങളിൽ തിരുനാൾ ദിവ്യബലി, ധ്യാനം, ആഘോഷമായ തിരുസ്വരൂപ പ്രദർശനം, നേർച്ച സദ്യഎന്നിവയോടെ 26ന് പെരുന്നാൾ സമാപിക്കും.
ഫാ. ജോർജ് സൈമൺ ഒ എസ് ജെ, ഫാ. സെബാസ്റ്റ്യൻ ജാക്കോബി, ഫാ. ആന്റണി കൊച്ചിക്കാട്ട്, ഫാ. ജോസഫ് തോട്ടത്തിൽ കടയിൽ, ഫാ. ജസ്റ്റിൻ തയ്ക്കളം , ഫാ. ജിസൺ തണ്ണിക്കോട്ട്, ഫാ. സെഫിൻ സെബാസ്റ്റ്യൻ പാടമാട്ടുമേൽ തുടങ്ങിയവർ ഓരോ ദിവസവും തിരുകർമങ്ങൾക്ക് നേതൃത്വം നൽകും.
District News
കുളത്തൂപ്പുഴ : റോഡ് കുണ്ടുംകുഴിയും വെള്ളക്കെട്ടുകളായി മാറിയിട്ടും ശോചനീയാവസ്ഥ പരിഹരിക്കാൻ അധികൃതർ തയാറാകുന്നില്ലെന്നാരോപിച്ച് പാതയിലെ കുഴികളിൽ വാഴനട്ട് പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്.
കുളത്തൂപ്പുഴ ടൗൺ വാർഡിന്റെ ഭാഗമായ പതിനാറേക്കർ പാതയിലാണ് പ്രതിഷേധം അരങ്ങേറിയത്. കൃഷിഭവൻ, മൃഗാശുപത്രി, കർഷകവിപണി, പഞ്ചായത്ത് സ്റ്റേഡിയം എന്നിവയടക്കമുള്ള സ്ഥാപനങ്ങളിലേക്ക് പോകുന്ന റോഡാണ് പൊട്ടിപൊളിഞ്ഞ് കാൽനടയാത്ര പോലും ദുഷ്കരമായിരിക്കുന്നത്.
പാതയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന ആവശ്യം ഏറെക്കാലമായി നാട്ടുകാർ ഉയർത്തുന്നുണ്ട്. മഴയത്ത് ചെളിവെള്ളം ഒഴുകി പോകുന്നതിന് സൗകര്യമില്ലാത്തതിനാൽ വെള്ളക്കെട്ട് മറികടന്നുവേണം വിദ്യാർഥികളും നാട്ടുകാരുംകുളത്തൂപ്പുഴ ടൗണിലേക്ക് എത്തേണ്ടത്.
കഴിഞ്ഞ ദിവസത്തെ മഴയിൽ വെള്ളക്കെട്ട് രുക്ഷമായതോടെയാണ് പ്രദേശവാസികൾ പ്രതിഷേധം നടത്തിയത്.
അതേ സമയം, പതിനാറേക്കർ പാതയുടെ നിർമാണ പ്രവൃത്തികൾക്കായി പഞ്ചായത്ത് ടെൻഡർ നടപടികൾ പൂർത്തിയാക്കിയെന്നും തുടർച്ചയായി മഴപെയ്യുന്നതിനാലാണ് നിർമാണം ആരംഭിക്കാത്തതെന്നും ഉടനടി റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി ആരംഭിക്കുമെന്നും വാർഡംഗം കുടിയായ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് പി. ലൈലാബീവി അറിയിച്ചു.