ന്യൂഡൽഹി: സ്ഫോടനത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങാനെത്തിയവരുടെയും കാണാതായ ഉറ്റവരെ തേടിയെത്തിയവരുടെയും തേങ്ങലുകളാൽ മുഖരിതമായിരുന്നു ഇന്നലെ ഡൽഹിയിലെ ലോക് നായക് ജയ് പ്രകാശ് (എൽഎൻജെപി) ആശുപത്രിയും പരിസരവും.
സ്ഫോടനത്തിൽ ജീവൻ നഷ്ടപ്പെട്ടവരെയും പരിക്കേറ്റവരെയും ആദ്യമെത്തിച്ചത് എൽഎൻജെപി ആശുപത്രിയിലേക്കാണ്. മാരകമായി മുറിവേറ്റവർ, പൊള്ളലേറ്റവർ, കൈകാലുകൾ അറ്റുപോയവർ എന്നിങ്ങനെ സ്ഫോടനത്തിന്റെ തീവ്രത വ്യക്തമാക്കുന്ന വിധത്തിലാണ് പരിക്കേറ്റവരെയുംകൊണ്ട് ആംബുലൻസുകൾ ചീറിപ്പാഞ്ഞ് എത്തിയത്. മരിച്ചവരെ തിരിച്ചറിഞ്ഞശേഷം പ്രതീക്ഷ നഷ്ടപ്പെട്ട ബന്ധുക്കളെയും ആശുപത്രി പരിസരത്തു കാണാമായിരുന്നു.
ഇന്നലെ പുലർച്ചെ മുതൽ മരിച്ചവരുടെ ബന്ധുക്കൾ മൃതദേഹങ്ങൾ ഏറ്റുവാങ്ങി. പലരുടെയും ശരീരങ്ങൾ ചിന്നിച്ചിതറിയ നിലയിലായിരുന്നുവെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. തിരിച്ചറിഞ്ഞ ആറു മൃതദേഹങ്ങൾ ഇന്നലെ ഉച്ചയോടെ ബന്ധുക്കൾ ഏറ്റുവാങ്ങി വീടുകളിലേക്ക് കൊണ്ടുപോയി.
ഉത്തർപ്രദേശിലെ ഷാംലി സ്വദേശിയായ നൗമാൻ അൻസാരി(22), ബിഹാർ സ്വദേശിയായ ടാക്സി ഡ്രൈവർ പങ്കജ് ചൗധരി, ഉത്തർപ്രദേശിലെ ശ്രാവസ്തി സ്വദേശി ദിനേഷ് കുമാർ മിശ്ര, ഡൽഹി ട്രാൻസ്പോർട്ട് കോർപറേഷനിൽ കണ്ടക്ടറായ ഉത്തർപ്രദേശിലെ അംറോഹ സ്വദേശി അശോക് കുമാർ, ഡൽഹി ശ്രീനിവാസ്പുരി സ്വദേശി അമർ കഠാരിയ(34), ഉത്തർപ്രദേശ് സ്വദേശി ലോകേഷ് അഗർവാൾ എന്നിവരെയാണു തിരിച്ചറിഞ്ഞത്.