മാഡ്രിഡ്: ചരിത്രമുറങ്ങുന്ന സ്പെയിനിന്റെ തലപ്പത്തേക്ക് 150 വർഷത്തിനു ശേഷം ആദ്യമായി ഒരു വനിതയെത്തുന്നു. അതും ഒരു ജെൻസി രാജകുമാരി. ഫിലിപ്പ് ആറാമൻ രാജാവിന്റെയും ലെറ്റീഷ്യ രാജ്ഞിയുടെയും മകളായ 20 കാരി ലെയണോർ രാജകുമാരിയാണ് രാജ്യത്തിന്റെ രാജ്ഞിയാകാനൊരുങ്ങുന്നത്. അടുത്ത കിരീടാവകാശി എന്നനിലയിൽ ഇക്കാലങ്ങളിൽ കഠിനമായ സൈനികപരിശീലനം, ഉന്നത ആഗോളവിദ്യാഭ്യാസം തുടങ്ങിയ മുന്നൊരുക്കങ്ങൾ നടത്തുകയായിരുന്നു ലെയണോർ. 1700കൾ മുതൽ ആരംഭിച്ച ബർബൺ രാജവംശത്തിന്റെ ചരിത്രത്തിൽ പ്രധാന സംഭവമായിരിക്കും ലെയണോറുടെ സ്ഥാനാരോഹണം.
ചരിത്രം തിരുത്താൻ
ഏകദേശം ഒന്നര നൂറ്റാണ്ടായി ഒരു രാജ്ഞി ഒറ്റയ്ക്കു സ്പെയിൻ ഭരിച്ചിട്ടില്ല. ആ ചരിത്രമാണ് ലെയണോർ തിരുത്താൻ പോകുന്നത്. സ്ഥാനാരോഹണം സംബന്ധിച്ച് കൃത്യമായ തീയതി പ്രഖ്യാപിച്ചിട്ടില്ല. 57കാരനായ ഫിലിപ്പ് ആറാമൻ രാജാവ് സ്ഥാനത്യാഗം ചെയ്യുമ്പോഴോ അദ്ദേഹത്തിന്റെ കാലശേഷമോ ലെയണോർ രാജ്ഞിയാകും. അതുവരെ ഔപചാരിക തയാറെടുപ്പ് തുടരും. ലെയണോർ സിംഹാസനമേറ്റെടുത്താൽ ഒരു രാജാവിനൊപ്പമല്ലാതെ സ്വന്തമായി ഭരിക്കുന്ന ആദ്യത്തെ വനിതയാകും. ആധുനിക സ്പാനിഷ് രാജവാഴ്ചയിൽ അതു ചരിത്രമായി മാറുകയും ചെയ്യും. ഇസബെല്ല -രണ്ട് രാജ്ഞിക്കുശേഷം ആദ്യമായി രാജ്യത്തിന്റെ തലപ്പത്തെത്തുന്ന വനിതയായിരിക്കും അസ്തൂറിയസിലെ രാജകുമാരി എന്നറിയപ്പെടുന്ന ലെയണോർ.
നേടിയത് അതിതീവ്ര പരിശീലനം
സ്പാനിഷ് നിയമപ്രകാരം അടുത്തതായി സിംഹാസനത്തിലേറേണ്ടയാൾ നിർബന്ധമായും സൈനികപരിശീലനം നേടണം. കരസേന, നാവികസേന, വ്യോമസേന എന്നിവയുടെയെല്ലാം പരിശീലനം ഭാവി രാജ്ഞിക്ക് ആവശ്യമാണ്. വിദ്യാഭ്യാസത്തിനു ശേഷം ലെയണോർ സമുദ്രയാത്രകൾ നടത്തിയും വ്യോമസേനാവിമാനങ്ങൾ ഒറ്റയ്ക്കു പറത്തിയുമെല്ലാം സൈനിക പരിശീലനം നേടി.
2023 ഓഗസ്റ്റിലാണ് ലെയണോർ കരസേനയിൽ സൈനികപരിശീലനം ആരംഭിക്കുന്നത്. സരഗോസയിൽ വച്ചായിരുന്നു ഇത്. ഇതിനുശേഷം 2024ൽ ലെയണോർ ഗലീഷ്യയിൽ നാവിക പരിശീലനത്തിനായി പോയി. പരിശീലനത്തിനിടെ സ്പെയിനിന്റെ പ്രശസ്തമായ പരിശീലനക്കപ്പലായ ജുവാൻ സെബാസ്റ്റ്യൻ ഡി എൽക്കാനോയിൽ 17,000 മൈലുകൾ താണ്ടി അറ്റ്ലാന്റിക് സമുദ്രം കടന്ന് തെക്കേ അമേരിക്കയിൽ ചുറ്റി സഞ്ചരിച്ച് ന്യൂയോർക്ക് വരെ 140 ദിവസത്തെ സാഹസിക യാത്ര നടത്തി. യാത്രയ്ക്കിടെ ക്രൂ അംഗമായും ജോലി ചെയ്തു.