x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​രു​ന്നൂ, ലോ​ക​ത്തി​ലേ​ക്കൊ​രു ജെ​ൻ​സി രാ​ജ്ഞി, പിന്നിട്ടത് അതികഠിന മിലിട്ടറി പരിശീലനം

ടി.എ. ജോർജ്
Published: January 19, 2026 02:46 PM IST | Updated: January 19, 2026 02:46 PM IST

മാഡ്രിഡ്: ച​രി​ത്ര​മു​റ​ങ്ങു​ന്ന സ്പെ​യി​നി​ന്‍റെ ത​ല​പ്പ​ത്തേ​ക്ക് 150 വ​ർ​ഷ​ത്തി​നു ​ശേ​ഷം ആ​ദ്യ​മാ​യി ഒ​രു വ​നി​ത​യെ​ത്തു​ന്നു. അതും ഒരു ജെൻസി രാജകുമാരി. ഫി​ലി​പ്പ് ആ​റാ​മ​ൻ രാ​ജാ​വി​ന്‍റെ​യും ലെ​റ്റീ​ഷ്യ രാ​ജ്ഞി​യു​ടെ​യും മ​ക​ളാ​യ 20 കാ​രി ലെ​യ​ണോ​ർ രാ​ജ​കു​മാ​രി​യാ​ണ് രാ​ജ്യ​ത്തി​ന്‍റെ രാ​ജ്ഞി​യാ​കാ​നൊ​രു​ങ്ങു​ന്ന​ത്. അ​ടു​ത്ത കി​രീ​ടാ​വ​കാ​ശി എ​ന്ന​നി​ല​യി​ൽ ഇ​ക്കാ​ല​ങ്ങ​ളി​ൽ ക​ഠി​ന​മാ​യ സൈ​നി​ക​പ​രി​ശീ​ല​നം, ഉ​ന്ന​ത ആ​ഗോ​ള​വി​ദ്യാ​ഭ്യാ​സം തു​ട​ങ്ങി​യ മു​ന്നൊ​രു​ക്ക​ങ്ങ​ൾ ന​ട​ത്തു​ക​യാ​യി​രു​ന്നു ലെ​യ​ണോ​ർ. 1700ക​ൾ മു​ത​ൽ ആ​രം​ഭി​ച്ച ബ​ർ​ബ​ൺ രാ​ജ​വം​ശ​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ൽ പ്ര​ധാ​ന സം​ഭ​വ​മാ​യി​രി​ക്കും ലെ​യ​ണോ​റു​ടെ സ്ഥാ​നാ​രോ​ഹ​ണം.

ചരിത്രം തിരുത്താൻ

ഏ​ക​ദേ​ശം ഒ​ന്ന​ര നൂ​റ്റാ​ണ്ടാ​യി ഒ​രു രാ​ജ്ഞി ഒ​റ്റ​യ്ക്കു സ്പെ​യി​ൻ ഭ​രി​ച്ചി​ട്ടി​ല്ല. ആ ​ച​രി​ത്ര​മാ​ണ് ലെ​യ​ണോ​ർ തി​രു​ത്താ​ൻ പോ​കു​ന്ന​ത്. സ്ഥാ​നാ​രോ​ഹ​ണം സം​ബ​ന്ധി​ച്ച് കൃ​ത്യ​മാ​യ തീ​യ​തി പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. 57കാ​ര​നാ​യ ഫി​ലി​പ്പ് ആ​റാ​മ​ൻ രാ​ജാ​വ് സ്ഥാ​ന​ത്യാ​ഗം ചെ​യ്യു​മ്പോ​ഴോ അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ല​ശേ​ഷ​മോ ലെ​യ​ണോ​ർ രാ​ജ്ഞി​യാ​കും. അ​തു​വ​രെ ഔ​പ​ചാ​രി​ക ത​യാ​റെ​ടു​പ്പ് തു​ട​രും. ലെ​യ​ണോ​ർ സിം​ഹാ​സ​ന​മേ​റ്റെ​ടു​ത്താ​ൽ ഒ​രു രാ​ജാ​വി​നൊ​പ്പ​മ​ല്ലാ​തെ സ്വ​ന്ത​മാ​യി ഭ​രി​ക്കു​ന്ന ആ​ദ്യ​ത്തെ വ​നി​ത​യാ​കും. ആ​ധു​നി​ക സ്പാ​നി​ഷ് രാ​ജ​വാ​ഴ്ച​യി​ൽ അ​തു ച​രി​ത്ര​മാ​യി മാ​റു​ക​യും ചെ​യ്യും. ഇ​സ​ബെ​ല്ല -രണ്ട് രാ​ജ്ഞി​ക്കു​ശേ​ഷം ആ​ദ്യ​മാ​യി രാ​ജ്യ​ത്തി​ന്‍റെ ത​ല​പ്പ​ത്തെ​ത്തു​ന്ന വ​നി​ത​യാ​യിരിക്കും അസ്തൂറി​യ​സി​ലെ രാ​ജ​കു​മാ​രി എ​ന്നറിയപ്പെടുന്ന ​ലെ​യ​ണോ​ർ.

നേ​ടി​യ​ത് അ​തി​തീ​വ്ര പ​രി​ശീ​ല​നം

സ്പാ​നി​ഷ് നി​യ​മ​പ്ര​കാ​രം അ​ടു​ത്ത​താ​യി സിം​ഹാ​സ​ന​ത്തി​ലേ​റേ​ണ്ട​യാ​ൾ നി​ർ​ബ​ന്ധ​മാ​യും സൈ​നി​ക​പ​രി​ശീ​ല​നം നേ​ട​ണം. ക​ര​സേ​ന, നാ​വി​ക​സേ​ന, വ്യോ​മ​സേ​ന എ​ന്നി​വ​യു​ടെ​യെ​ല്ലാം പ​രി​ശീ​ല​നം ഭാ​വി രാ​ജ്ഞി​ക്ക് ആ​വ​ശ്യ​മാ​ണ്. വി​ദ്യാ​ഭ്യാ​സ​ത്തി​നു​ ശേ​ഷം ലെ​യ​ണോ​ർ സ​മു​ദ്ര​യാ​ത്ര​ക​ൾ ന​ട​ത്തി​യും വ്യോ​മ​സേ​നാ​വി​മാ​ന​ങ്ങ​ൾ ഒ​റ്റ​യ്ക്കു പ​റ​ത്തി​യു​മെ​ല്ലാം സൈ​നി​ക​ പ​രി​ശീ​ല​നം നേ​ടി.
2023 ഓ​ഗ​സ്റ്റി​ലാ​ണ് ലെ​യ​ണോ​ർ ക​ര​സേ​ന​യി​ൽ സൈ​നി​ക​പ​രി​ശീ​ല​നം ആ​രം​ഭി​ക്കു​ന്ന​ത്. സ​ര​ഗോ​സ​യി​ൽ വ​ച്ചാ​യി​രു​ന്നു ഇ​ത്. ഇ​തി​നു​ശേ​ഷം 2024ൽ ​ലെ​യ​ണോ​ർ ഗ​ലീ​ഷ്യ​യി​ൽ നാ​വി​ക പ​രി​ശീ​ല​ന​ത്തി​നാ​യി പോ​യി. പ​രി​ശീ​ല​ന​ത്തി​നി​ടെ സ്പെ​യി​നി​ന്‍റെ പ്ര​ശ​സ്ത​മാ​യ പ​രി​ശീ​ല​ന​ക്ക​പ്പ​ലാ​യ ജു​വാ​ൻ സെ​ബാ​സ്റ്റ്യ​ൻ ഡി ​എ​ൽ​ക്കാ​നോ​യി​ൽ 17,000 മൈ​ലു​ക​ൾ താ​ണ്ടി അ​റ്റ്ലാ​ന്‍റി​ക് സ​മു​ദ്രം ക​ട​ന്ന് തെ​ക്കേ അ​മേ​രി​ക്ക​യി​ൽ ചു​റ്റി സ​ഞ്ച​രി​ച്ച് ന്യൂ​യോ​ർ​ക്ക് വ​രെ 140 ദി​വ​സ​ത്തെ സാ​ഹ​സി​ക യാ​ത്ര ന​ട​ത്തി. യാ​ത്ര​യ്ക്കി​ടെ ക്രൂ ​അം​ഗ​മാ​യും ജോ​ലി ചെ​യ്തു.

 

K-Rail Survey

യുദ്ധക്കപ്പലിലും

ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ലൈ​യി​ൽ കാ​ഡി​സി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നു​മു​മ്പ് ലെ​യ​ണോ​ർ യു​ദ്ധ​ക്ക​പ്പ​ലാ​യ ബ്ലാ​സ് ഡി ​ലെ​സോ​യി​ലും സേ​വ​ന​മ​നു​ഷ്ഠി​ച്ചു. 2024ൽ ​സാ​ര​ഗൊ​സ​യി​ൽ 560 കേ​ഡ​റ്റു​ക​ൾ​ക്കൊ​പ്പം ആ​ർ​മി ബൂ​ട്ട് ക്യാ​ന്പി​ൽ പ​ങ്കെ​ടു​ത്തു. രാ​ജ​കു​മാ​രി​യെ​ന്ന യാ​തൊ​രു​വി​ധ പ​രി​ഗ​ണ​ന​യും ല​ഭി​ക്കാ​തെ​യാ​യി​രു​ന്നു തീ​വ്രപ​രി​ശീ​ല​നം. പ​രി​ശീ​ല​ന​ക്ക​പ്പ​ലാ​യ ജു​വാ​ൻ സെ​ബാ​സ്റ്റ്യ​ൻ ദെ ​എ​ൽ​കാ​നോ​യി​ൽ യാ​ത്ര ചെ​യ്തു. യു​ദ്ധ​ക്ക​പ്പ​ലി​ലും പ​രി​ശീ​ല​നം നേ​ടി​യി​ട്ടു​ണ്ട്.
ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ ലെ​യ​ണോ​ർ വീ​ണ്ടും ച​രി​ത്രം സൃ​ഷ്‌​ടി​ച്ചു. പി​ലാ​റ്റ​സ് പി​സി-21 വി​മാ​ന​ത്തി​ൽ ത​നി​ച്ചു വി​മാ​നം പ​റ​ത്തി​യാ​യി​രു​ന്നു ഈ ​നേ​ട്ടം. ഈ ​നേ​ട്ടം കൈ​വ​രി​ക്കു​ന്ന സ്പാ​നി​ഷ് രാ​ജ​കു​ടും​ബ​ത്തി​ലെ ആ​ദ്യ വ​നി​താ അം​ഗ​മാ​ണ് ലെ​യ​ണോ​ർ. നി​ല​വി​ൽ മു​ർ​സി​യ​യി​ലെ സാ​ൻ ജാ​വി​യ​ർ എ​യ​ർ ആ​ൻ​ഡ് സ്പേ​സ് അ​ക്കാ​ദ​മി​യി​ൽ പ​രി​ശീ​ല​നം നേ​ടി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ് ലെ​യ​ണോ​ർ.

ആ​റിലേറെ ഭാ​ഷ​ക​ളി​ൽ പ്രാ​വീ​ണ്യം

സ്പെ​യി​നി​ലെ ആ​ഡം​ബ​ര സ്കൂ​ളു​ക​ളാ​യ മാ​ഡ്രി​ഡി​ലെ സാ​ന്‍റാ മ​രി​യ ഡി ​ലോ​സ് റൊ​സാ​ലെ​സ് സ്‌​കൂ​ളി​ലാ​ണ് രാ​ജ​കു​മാ​രി വി​ദ്യാ​ഭ്യാ​സം നേ​ടി​യ​ത്. കോ​ള​ജ് വി​ദ്യാ​ഭ്യാ​സം വെ​യി​ൽ​സി​ലെ യു​ഡ​ബ്ല്യു​സി അ​റ്റ്ലാ​ന്‍റി​ക് കോ​ള​ജി​ലാ​യി​രു​ന്നു. ആ​ഗോ​ള നേ​താ​ക്ക​ളെ​യും രാ​ജ​കു​ടും​ബാം​ഗ​ങ്ങ​ളെ​യും സൃ​ഷ്‌​ടി​ച്ച​തി​ന് പേ​രു​കേ​ട്ട ഉ​ന്ന​ത അ​ന്താ​രാ​ഷ്‌​ട്ര സ്ഥാ​പ​ന​മാ​ണി​ത്. ന​യ​ത​ന്ത്രം, ആ​ഗോ​ള കാ​ര്യ​ങ്ങ​ൾ, ഭ​ര​ണ​ഘ​ട​നാ​ത​ത്വ​ങ്ങ​ൾ എ​ന്നി​വ​യാ​ണു കോ​ള​ജി​ൽ പ​ഠി​ച്ച​ത്.
മാതൃഭാഷയായ സ്പാ​നി​ഷിനു പുറമെ ഇം​ഗ്ലീ​ഷ്, ഫ്ര​ഞ്ച്, അ​റ​ബി​ക്, മാ​ൻ​ഡ​റി​ൻ, കാ​റ്റ​ല​ൻ തു​ട​ങ്ങി നി​ര​വ​ധി ഭാ​ഷ​ക​ളി​ൽ ലെ​യ​ണോ​ർ പ്രാ​വീ​ണ്യം നേ​ടി​ക്ക​ഴി​ഞ്ഞു.
2004ലാ​ണ് ഫി​ലി​പ്പ് ആ​റാ​മ​ൻ രാ​ജാ​വ് പ​ത്ര​പ്ര​വ​ർ​ത്ത​ക​യാ​യി​രു​ന്ന ലെ​റ്റീ​ഷ്യ​യെ വി​വാ​ഹം ചെ​യ്യു​ന്ന​ത്. ദ​മ്പ​തി​ക​ളു​ടെ മൂ​ത്ത​മ​ക​ളാ​യി 2005 ഒ​ക്‌​ടോ​ബ​ർ 31ന് ​സ്‌​പെ​യി​നി​ലെ മാ​ഡ്രി​ഡി​ലാ​ണ് ലെ​യ​ണോ​ർ രാ​ജ​കു​മാ​രി ജ​നി​ച്ച​ത്. ലെ​യ​ണോ​റി​ന്‍റെ ഇ​ള​യ സ​ഹോ​ദ​രി ഇ​ൻ​ഫാ​ന്‍റ സോ​ഫി​യ 2007ലാ​ണ് ജ​നി​ച്ച​ത്.


K-Rail Survey

ച​രി​ത്രം തി​രു​ത്ത​പ്പെ​ടു​ന്നു

വി​വാ​ദ​ങ്ങ​ൾ​ക്കി​ടെ ജു​വാ​ൻ കാ​ർ​ലോ​സ് ഒ​ന്നാ​മ​ൻ രാ​ജാ​വ് സ്ഥാ​ന​ത്യാ​ഗം ചെ​യ്ത​തി​നെ​ത്തു​ട​ർ​ന്ന് മ​ക​നാ​യ ഫി​ലി​പ്പ് ആ​റാ​മ​ൻ 2014ലാ​ണ് രാ​ജാ​വാ​യ​ത്. 1700ക​ൾ മു​ത​ൽ ആ​രം​ഭി​ച്ച ബ​ർ​ബ​ൺ രാ​ജ​വം​ശ​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ൽ രാ​ജ്ഞി​മാ​ർ​ക്ക് ഒ​രു കാ​ര്യ​ത്തി​ലും വ​ലി​യ പ​ങ്കി​ല്ലാ​യി​രു​ന്നു. രാ​ജാ​ക്ക​ന്മാ​രു​ടെ ഭാ​ര്യ​മാ​രാ​കാ​ൻ മാ​ത്രം വി​ധി​ക്ക​പ്പെ​ട്ട​വ​ർ. എ​ന്നാ​ൽ, ലെ​യ​ണോ​ർ രാ​ജ​കു​മാ​രി​യു​ടെ വ​ര​വോ​ടെ ച​രി​ത്രം തി​രു​ത്ത​പ്പെ​ടു​ക​യാ​ണ്. രാ​ജ്യ​ത്തി​ന്‍റെ നി​യ​മ​വാ​ഴ്ച​യി​ലേ​ക്ക് ലിം​ഗ​സ​മ​ത്വ​ത്തി​ന്‍റെ​യും പു​തു​മ​യു​ടെ​യും അ​ധ്യാ​യ​ങ്ങ​ൾ ര​ചി​ച്ചു​കൊ​ണ്ടാ​ണ് ലെ​യ​ണോ​റി​ന്‍റെ ക​ട​ന്നു​വ​ര​വ്.ജു​വാ​ൻ കാ​ർ​ലോ​സ് രാ​ജാ​വി​ന്‍റെ കാ​ല​ത്ത് 1975ക​ളി​ൽ ആ​രം​ഭി​ച്ച രാ​ജ​വാ​ഴ്ച​യി​ലെ ജ​നാ​ധി​പ​ത്യ​വ​ത്ക​ര​ണ​മാ​ണ് ഇ​പ്പോ​ൾ പു​തി​യ ത​ല​ത്തി​ലേ​ക്ക് എ​ത്താ​ൻ പോ​കു​ന്ന​ത്.

സ്പാ​നി​ഷ് പി​ന്തു​ട​ർ​ച്ചാ​വ​കാ​ശ യു​ദ്ധ​ത്തി​ൽ ഹാ​ബ്സ്ബ​ർ​ഗു​ക​ളെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​തി​നു​ശേ​ഷം 1700ക​ളു​ടെ തു​ട​ക്കം മു​ത​ൽ ബ​ർ​ബ​ൺ രാ​ജ​വം​ശ​മാ​ണ് സ്പെ​യി​ൻ ഭ​രി​ച്ച​ത്. പ​തി​റ്റാ​ണ്ടു​ക​ളോ​ളം നീ​ണ്ടു​നി​ന്ന ജ​ന​റ​ൽ ഫ്രാ​ൻ​സി​സ്കോ ഫ്രാ​ങ്കോ​യു​ടെ സ്വേ​ച്ഛാ​ധി​പ​ത്യ​കാ​ല​ത്ത് രാ​ജ​വാ​ഴ്ച പി​ന്നീ​ട് നീ​ക്കം ചെ​യ്യ​പ്പെ​ട്ടു. ഫ്രാ​ങ്കോ​യു​ടെ മ​ര​ണ​ശേ​ഷം 1975ൽ ​രാ​ജ​വാ​ഴ്ച പു​നഃ​സ്ഥാ​പി​ക്ക​പ്പെ​ട്ടു. ജു​വാ​ൻ കാ​ർ​ലോ​സ് ഒ​ന്നാ​മ​ൻ രാ​ജാ​വ് സിം​ഹാ​സ​നം ഏ​റ്റെ​ടു​ത്തു. രാ​ജ്യ​ത്തെ ജ​നാ​ധി​പ​ത്യ​ത്തി​ലേ​ക്കു ന​യി​ക്കു​ന്ന​തി​ൽ അ​ദ്ദേ​ഹം ഒ​രു പ്ര​ധാ​ന പ​ങ്ക് വ​ഹി​ച്ചു. 2014ൽ ​ജു​വാ​ൻ കാ​ർ​ലോ​സ് സ്ഥാ​ന​ത്യാ​ഗം ചെ​യ്ത​തോ​ടെ അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​ൻ രാ​ജാ​വ് ഫി​ലി​പ്പ് ആ​റാ​മ​ൻ രാ​ജാ​വാ​യി.

Tags : Spain youngest princess Leonor Spain's future queen preparing military training

Recent News

Up