Kerala
പാലക്കാട്: ദേശീയപാത ഉപരോധിച്ചതുമായി ബന്ധപ്പെട്ട കേസിൽ ഷാഫി പറമ്പിൽ എംപി ഇന്ന് കോടതിയിൽ ഹാജരാകും. 2022 ജൂൺ 24 ന് പാലക്കാട് കസബ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഹാജരാവുക.
നിരന്തരം കോടതിയിൽ എത്താത്തതിനെ തുടർന്ന് കഴിഞ്ഞ ആഴ്ച ഷാഫിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. വയനാട്ടിൽ രാഹുൽഗാന്ധിയുടെ എം.പി. ഓഫിസ് എസ്എഫ്ഐ പ്രവർത്തകർ തല്ലിതകർത്തതിൽ പ്രതിഷേധിച്ചായിരുന്നു ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ നാൽപ്പതോളം വരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചന്ദ്രനഗറിൽ ചെമ്പലോട് പാലത്തിന് സമീപം ദേശീയപാത ഉപരോധിച്ചത്.
അന്ന് യൂത്ത് കോൺഗ്രസിന്റെ ഭാഗമായിരുന്ന പി. സരിൻ കേസിൽ ഒമ്പതാം പ്രതിയായിരുന്നു. നേരത്തെ കോടതിയിൽ ഹാജരായ പി. സരിനെ 500 രൂപ പിഴയും കോടതി പിരിയും വരെ തടവിനും ശിക്ഷിച്ചിരുന്നു.
National
ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ രവിശങ്കർ പ്രസാദിന്റെ വീട്ടിൽ തീപിടിത്തം. ഡൽഹിയിലുള്ള വീട്ടിലാണ് തീപിടിത്തമുണ്ടായത്.
ഇന്ന് രാവിലെയാണ് തീപിടിത്തമുണ്ടായത്. അഗ്നിരക്ഷാസേനയുടെ മൂന്ന് യൂണിറ്റുകൾ സ്ഥലത്തെത്തി തീയണച്ചു. ഒരു റൂമിലുണ്ടായിരുന്ന ബെഡിന് തീപിടിക്കുകയായിരുന്നുവെന്ന് അഗ്നിരക്ഷാ സേനയുടെ ഉദ്യോഗസ്ഥർ പറഞ്ഞു.
തീപിടിത്തത്തിൽ നാശനഷ്ടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തില്ല. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തിൽ ഡൽഹി പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala
വയനാട്: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കരുതെന്ന് കോൺഗ്രസ് നേതാവ് ബെന്നി ബെഹനാൻ എംപി. ഈ തെരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കാൻ മുതിരരുതെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.
"മുൻപ് മത്സരിച്ചിട്ടുള്ളത് അന്നത്തെ സാഹചര്യം ആവശ്യപ്പെട്ടതിനാലാണ്. എംപിമാർ മത്സരിച്ചാൽ അനാവശ്യ ആശയക്കുഴപ്പമുണ്ടാകുമെന്നും ഉപതെരഞ്ഞെടുപ്പിലേയ്ക്ക് പോകേണ്ടിവരുമെന്നും ബെന്നി ബെഹനാൻ ചൂണ്ടിക്കാട്ടി. ഞാൻ എന്തായാലും മത്സരിക്കാനില്ല'.-ബെന്നി ബെഹനാൻ വ്യക്തമാക്കി
യുഡിഎഫ് ശക്തിപ്പെടുമ്പോൾ പല പാർട്ടികളും അപ്രസക്തമാകും. മുന്നണി വിപുലീകരണം ഇതുവരെ ചർച്ച ചെയ്തിട്ടില്ലെന്നും അത് യുഡിഎഫ് ചർച്ച ചെയ്യേണ്ട വിഷയമാണെന്നും ബെന്നി ബെഹനാൻ കൂട്ടിച്ചേർത്തു.
നിയമസഭാ തെരഞ്ഞെടുപ്പിൽ അധികാരം പിടിക്കാനുള്ള കോൺഗ്രസിന്റെ ‘മിഷൻ 2026’ വയനാട് ബത്തേരിയിൽ നടക്കുന്ന നേതൃക്യാമ്പിൽ ഇന്ന് അവതരിപ്പിക്കും. 100 സീറ്റ് നേടി ഭരണത്തിൽ എത്താനുള്ള കർമ്മ പദ്ധതി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആണ് ക്യാമ്പിൽ അവതരിപ്പിക്കുക. തൊട്ടു പിന്നാലെ പൊതു ചർച്ച ഉണ്ടാകും.
സ്ഥാനാർഥി നിർണയം നേരത്തെ ആക്കാനുള്ള സംഘടനാ ദൗത്യത്തിനാണ് മുഖ്യ പരിഗണന. ഫെബ്രുവരി ആദ്യവാരത്തിനുള്ളിൽ 70 സ്ഥാനാർഥികളെ സംബന്ധിച്ച് ധാരണയിലെത്താനും പ്രതിപക്ഷ നേതാവ് നയിക്കുന്ന കേരള യാത്രയിൽ സ്ഥാനാർഥികളെ അവതരിപ്പിക്കാനും ആണ് നീക്കം.
National
ന്യൂഡൽഹി: പ്രഥമ സവർക്കർ പുരസ്കാരം ശശി തരൂർ എംപിക്ക് പ്രഖ്യാപിച്ചെങ്കിലും ഏറ്റുവാങ്ങില്ലെന്നു പ്രതികരിച്ച് എംപിയുടെ ഓഫീസ്. എന്നാൽ, അവാർഡ് ദാനത്തിനു തരൂർ എത്തുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെന്നു സംഘാടകർ പ്രതികരിച്ചു. എച്ച്ആർഡിഎസ് ഇന്ത്യയാണ് പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്. ഇവർ സംഘടിപ്പിക്കുന്ന പരിപാടിയിൽ രാജ്നാഥ് സിംഗാണ് പുരസ്കാരങ്ങൾ സമ്മാനിക്കുക.
തരൂരിന്റെ പ്രതികരണത്തിനായി മാധ്യമങ്ങൾ വീട്ടിലെത്തിയെങ്കിലും അദ്ദേഹം നേരിട്ടു പ്രതികരിക്കാൻ തയാറായില്ല. പിന്നീട് ഓഫീസ് ആണ് നിലപാട് അറിയിച്ചത്. തരൂർ സർവർക്കറുടെ പേരിലുള്ള പുരസ്കാരം ഏറ്റുവാങ്ങുന്നതിൽ നേരത്തെ കോൺഗ്രസ് കടുത്ത അതൃപ്തി അറിയിച്ചിരുന്നു. പാർട്ടിയോട് തരൂർ ഇക്കാര്യം ആലോചിച്ചിട്ടില്ലെന്നും പാർട്ടിവൃത്തങ്ങൾ പറഞ്ഞിരുന്നു.
കോൺഗ്രസ് കടുത്ത നിലപാട് സ്വീകരിച്ചതിനിടെയാണ് പുരസ്കാരം ഏറ്റുവാങ്ങില്ലെന്ന് തരൂരിന്റെ ഒാഫീസ് അറിയിച്ചിരിക്കുന്നത്. കോൺഗ്രസ് പ്രത്യയശാസ്ത്രപരമായി എതിർക്കുന്ന സർവർക്കറുടെ പേരിലുള്ള പുരസ്കാരം തരൂർ ഏറ്റുവാങ്ങിയാൽ കോൺഗ്രസ് കടുത്ത വിഷമഘട്ടത്തിലാകുമായിരുന്നു. അവാർഡ് ദാനം നടക്കുന്ന ദിവസം മറ്റൊരു പരിപാടിയിൽ പങ്കെടുക്കാനായി കോൽക്കത്തയിലേക്കു പോകുമെന്നും തരൂരിന്റെ ഓഫീസ് അറിയിച്ചു.
National
ഷിംല: 2026ൽ പശ്ചിമ ബംഗാളിൽ ബിജെപി അധികാരത്തിലെത്തുമെന്ന് ബിജെപി നേതാവ് അനുരാഗ് ഠാക്കൂർ എംപി. വൻ ഭൂരിപക്ഷത്തിലായിരിക്കും ബിജെപി ബംഗാളിൽ വിജയിക്കുകയെന്നും അനുരാഗ് പറഞ്ഞു.
"ബിഹാറിലെ പോലെ വലിയ വിജയമായിരിക്കും ബംഗാളിലും. ബിജെപി അധികാരത്തിലെത്താൻ സംസ്ഥാനത്തെ ജനങ്ങൾ കാത്തിരിക്കുകയാണ്. തൃണമൂലിനെയും മമത ബാനർജിയേയും അവർക്ക് മടുത്തു. ഇനി അവർ തൃണൂലിനെ വിജയിപ്പിക്കില്ല.'-അനുരാഗ് പറഞ്ഞു.
"പരാജയ ഭീതിയിലാണ് മമതയും പാർട്ടിയും. അധികാരത്തിന്റെ അവസാന നാളുകളിലാണ് തൃണമൂൽ. അഴിമതിയും കുറ്റകൃത്യങ്ങളും കൊണ്ട് സംസ്ഥാനം പൊറുമുട്ടിരിക്കുകയാണ്. ബംഗാളിൽ പരാജയപ്പെടുമെന്ന് മമതയ്ക്ക് തന്നെ അറിയാം. അതുകൊണ്ടാണ് അവർ സംഘർഷത്തിലേയ്ക്ക് നീങ്ങും എന്നൊക്കെ പറയുന്നത്.'-അനുരാഗ് കൂട്ടിച്ചേർത്തു.
Kerala
കോഴിക്കോട്: ശശി തരൂരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ എംപി. രക്തസാക്ഷി പരിവേഷത്തോടെ പാർട്ടി വിടാമെന്ന് ശശി തരൂർ കരുതേണ്ടെന്നും തരൂരിന് എല്ലാ പരിഗണനയും പാർട്ടി നൽകിയിട്ടുണ്ടെന്നും ഉണ്ണിത്താൻ പറഞ്ഞു.
ശശി തരൂരിന് വേണമെങ്കിൽ പാർട്ടിയിൽ നിന്ന് പുറത്തുപോകാം. കോൺഗ്രസിന് ഗുണം ചെയ്യുന്ന പ്രവർത്തനമല്ല തരൂർ നടത്തുന്നതെന്നും ഉണ്ണിത്താൻ പറഞ്ഞു.
കഴിഞ്ഞ ദിവസം ട്രംപ് മംദാനി സംഭാഷണത്തിന്റെ ദൃശ്യങ്ങള്‍ പങ്ക് വച്ച് കോണ്‍ഗ്രസിനെതിരെ വീണ്ടും ഒളിയമ്പെയ്തിരുന്നു ശശി തരൂർ. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ രാഷ്ട്രീയ എതിരാളികള്‍ സഹകരിച്ച് മുന്പോട്ട് പോകണമെന്നും, രാജ്യ താല്പര്യത്തിനായി ഒന്നിച്ച് നില്‍ക്കണമെന്നും തരൂര്‍ പറഞ്ഞു. ഇന്ത്യയിലും അത്തരമൊരു സാഹചര്യമാണ് ഉണ്ടാകേണ്ടത്. തന്നാലാകും വിധം പ്രവര്‍ത്തിക്കുകയാണെന്നും തരൂര്‍ പറഞ്ഞു.