തൃശൂർ: എക്സൈസ് മന്ത്രിക്ക് എക്സൈസ് ഉദ്യോഗസ്ഥർ എസ്കോർട്ട് നൽകണമെന്ന വിചിത്ര നിർദേശത്തിൽ പ്രതികരിച്ച് എം.ബി. രാജേഷ്. മന്ത്രിക്ക് എസ്കോർട്ട് വേണമെന്ന് എക്സൈസ് കമ്മീഷണർ ഉത്തരവിറക്കിയിട്ടില്ലെന്ന് എം.ബി. രാജേഷ് പറഞ്ഞു.
ഇത് പ്ലാന്റ് ചെയ്ത വിചിത്ര വാർത്തയാണ്. മൂന്നര വർഷമായി എക്സൈസ് മന്ത്രിക്ക് ഇല്ലാത്ത എസ്കോർട്ട് ഇപ്പോൾ എന്തിനാണെന്ന് ചോദിച്ച എം.ബി. രാജേഷ് വാർത്ത പടച്ചുവിട്ടവരെ കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും വ്യക്തമാക്കി.
മന്ത്രിക്ക് എസ്കോർട്ട് നൽകണമെന്ന് എക്സൈസ് കമ്മീഷണർ എം.ആർ. അജിത്കുമാർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. എം.ആർ. അജിത്കുമാർ കഴിഞ്ഞ ദിവസം വിളിച്ചുചേർത്ത ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലായിരുന്നു നിർദേശം.
ഇതുകൂടാതെ ഉദ്യോഗസ്ഥർ സ്വന്തം പണം മുടക്കി എക്സൈസ് ഓഫീസുകൾ വൃത്തിയാക്കണമെന്നും നിർദേശമുണ്ടായിരുന്നു. പിന്നാലെ നിർദേശം വിവാദമായതോടെ ഇതിൽ പ്രതികരിക്കുകയായിരുന്നു എക്സൈസ് മന്ത്രി എം.ബി. രാജേഷ്.
വാർത്ത എക്സൈസ് കമ്മീഷണറെ ലക്ഷ്യംവച്ചുള്ളതാണെങ്കിൽ എന്തിന് മന്ത്രിയെ വലിച്ചിടണമെന്നും എം.ബി. രാജേഷ് ചോദിച്ചു. എസ്കോർട്ട് വേണമെന്ന് ഉത്തരവിറക്കുകയോ വാക്കാൽ നിർദേശിക്കുകയോ ചെയ്തിട്ടില്ലെന്നും മന്ത്രി വാർത്ത സമ്മേളനത്തിൽ അറിയിച്ചു.