Kerala
കോഴിക്കോട്: കൂത്താളി വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ ഗ്രൗണ്ടില്‍ കുട്ടികള്‍ക്കിടയിലേക്ക് കാര്‍ ഓടിച്ചു കയറ്റി അഭ്യാസ പ്രകടനം നടത്തിയ സംഭവത്തിൽ സുവരെ ലൈസൻസ് നൽകില്ലെന്ന് എംവിഡിനടപടി.
കാർ ഓടിച്ച16കാരന് ലൈസൻസ് നൽകുന്നത് 25 വയസുവരെ തടഞ്ഞു. വാഹനം പോലീസ് കസ്റ്റഡിയിൽ എടുത്തു. കാറിന്റെ ആർസി സസ്പെൻഡ് ചെയ്യുമെന്ന് എംവിഡി അറിയിച്ചു.
ഉപജില്ലാ കലോത്സവത്തെ തുടർന്ന് കൂത്താളി വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളിന് അവധി നല്‍കിയിരുന്നു. ഫുട്ബോള്‍ ടീം അംഗങ്ങളായ വിദ്യാർഥികള്‍ രാവിലെ പത്തരയോടെ സ്കൂള്‍ ഗ്രൗണ്ടില്‍ പരിശീലനം നടത്തുന്നതിനിടയിലാണ് കാറെത്തിയത്.
വളരെ വേഗത്തിലെത്തിയ കാര്‍ കുട്ടികള്‍ക്കിടയിലേക്ക് പാഞ്ഞടുക്കുകയായിരുന്നു. പലരും ഓടി മാറിയതിനാലാണ് അപകടം ഒഴിവായത്. ശബ്ദം കേട്ട് അധ്യാപകരെത്തിയപ്പോഴേക്കും കാര്‍ റോഡിലേക്ക് കടന്നു. പിന്നീട് അതിവേഗം ഓടിച്ചു പോയി.
അധ്യാപകര്‍ ഉടൻതന്നെ പോലീസില്‍ പരാതി നല്കി. അന്വേഷണത്തില്‍ പൈതോത്ത് സ്വദേശിയുടേതാണ് കാറെന്ന് തിരിച്ചറിയുകയും നടപടി സ്വീകരിക്കുകയുമായിരുന്നു.
Kerala
ഇടുക്കി: വിനോദ സഞ്ചാരിയായ യുവതിയെ മൂന്നാറിൽ ടാക്സി ഡ്രൈവര്‍മാര്‍ തടഞ്ഞുവച്ച സംഭവത്തിൽ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. സംഭവത്തിൽ ടാക്സി ഡ്രൈവർമാരായ വിനായകൻ, വിജയകുമാർ, അനീഷ് കുമാർ എന്നിവരുടെ ലൈസൻസ് സസ്പെന്‍ഡ് ചെയ്തു.
ആറുമാസത്തേക്കാണ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. ഒക്ടോബർ 30ന് മൂന്നാറിലെത്തിയ മുംബൈ സ്വദേശിനി ജാൻവിക്കാണ് ദുരനുഭവം ഉണ്ടായത്. ഊബർ ടാക്സി വിളിച്ച് യാത്ര ചെയ്തപ്പോൾ മൂന്നാറിലെ ഡ്രൈവർമാർ തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു.
തനിക്കുണ്ടായ ദുരനുഭവം സാമൂഹ്യ മാധ്യമ അക്കൗണ്ടിലൂടെയാണ് യുവതി വെളിപ്പെടുത്തിയത്. സ്ഥലത്തെത്തിയ പോലീസും ടാക്സി ഡ്രൈവർമാർക്ക് അനുകൂല നിലപാടെടുത്തെന്നും യുവതിയുടെ വീഡിയോയിൽ പറയുന്നു. ഇത്രയും മോശം അനുഭവമുണ്ടായതിനാൽ ഇനി കേരളത്തിലേക്കില്ലെന്നും പറഞ്ഞാണ് ജാൻവി വീഡിയോ അവസാനിപ്പിക്കുന്നത്.
സംഭവത്തിൽ രണ്ടു പോലീസുകാരെ സസ്പെന്‍ഡ് ചെയ്തിരുന്നു. ടാക്സി ഡ്രൈവർമാരായ വിനായകൻ, വിജയകുമാർ, അനീഷ് കുമാർ എന്നിവർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് മോട്ടോര്‍ വാഹന വകുപ്പും നടപടിയെടുത്തത്.
Kerala
കൊച്ചി: കഴിഞ്ഞ ദിവസം പിടിച്ചെടുത്ത എയർ ഹോണുകൾ തകർത്ത റോഡ് റോളറിന് നോട്ടീസ് അയച്ച് മോട്ടോർ വാഹന വകുപ്പ്.
പൊലൂഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാണ് നോട്ടീസ് നൽകിയത്. പൊലൂഷൻ സർട്ടിഫിക്കറ്റ് ഇല്ലെന്ന് കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല സോഷ്യൽ മീഡിയയിൽ പരിഹസിച്ചതിന് തൊട്ടു പിന്നാലെയാണ് നടപടി.
ഏഴു ദിവസത്തിനകം പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് നിർദേശം നൽകി. ശബ്ദമലിനീകരണം തടയാൻ വായു മലിനീകരണം ആകാമെന്ന് പരിഹസിച്ചുകൊണ്ടായിരുന്നു ജ്യോതികുമാർ ചാമക്കാലയുടെ പോസ്റ്റ്.
പിടിച്ചെടുത്ത എയർഹോണുകൾ ഫൈൻ ഈടാക്കിയതിന് പുറമെയാണ് റോഡ്റോളർ കയറ്റി നശിപ്പിച്ചത്. എറണാകുളം ജില്ലയിലെ വിവിധ ഇടങ്ങളിൽ നിന്നായി പിടിച്ചെടുത്ത എയർഹോണുകളാണ് കടവന്ത്രയിലെ കമ്മട്ടിപ്പാടത്ത് എത്തിച്ച് നശിപ്പിച്ചത്.
സംസ്ഥാനത്ത് കുറച്ചധികം ദിവസമായി എയർഹോണുകൾ പിടിച്ചെടുക്കാൻ എംവിഡിയുടെ നേതൃത്വത്തിൽ വലിയ പരിശോധന നടന്നിരുന്നു.
500 ഓളം എയർഹോണുകൾ എറണാകുളത്ത് നിന്ന് മാത്രമായി പിടിച്ചെടുത്തിട്ടുണ്ട്. അന്യസംസ്ഥാനത്ത് നിന്നെത്തുന്ന വാഹനങ്ങളിലാണ് എയർഹോണുകൾ കൂടുതലായി കാണപ്പെടുന്നതെന്ന് എംവിഡി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Kerala
കൊച്ചി: ഗതാഗതമന്ത്രിയുടെ നിർദേശമനുസരിച്ച് മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്ത എയർഹോണുകള്‍ നശിപ്പിച്ചു. കൊച്ചിയില്‍ കമ്മട്ടിപ്പാടത്തെ ഒരു ആളൊഴിഞ്ഞ റോഡില്‍ വെച്ചാണ് ഹോണുകള്‍ റോഡ് റോളര്‍ ഉപയോഗിച്ച് നശിപ്പിച്ചത്. എത്ര ഹോണുകള്‍ നശിപ്പിച്ചെന്നുള്ള വിവരം പിന്നാലെ അറിയിക്കുമെന്ന് എംവിഡി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
സംസ്ഥാനത്ത് ഉടനീളം എയര്‍ഹോണുകള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ പരിശോധിച്ച് ഹോണുകള്‍ പിടിച്ചെടുക്കണമെന്നും ഇവ റോഡ് റോളര്‍ കയറ്റി നശിപ്പിച്ചു കളയണമെന്നുമായിരുന്നു മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ ഉദ്യോഗസ്ഥര്‍ക്ക് നല്കിയ നിര്‍ദേശം.
ഒക്ടോബര്‍ 13 മുതല്‍ 19 വരെയായിരുന്നു വാഹനങ്ങളിലെ എയര്‍ ഹോണ്‍ കണ്ടെത്തുന്നതിനായി മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. നടപടി പൂര്‍ത്തിയായതിന് പിന്നാലെയാണ് ഇന്ന് പിടിച്ചെടുത്ത ഹോണുകള്‍ എല്ലാം നിരത്തിവെച്ച് റോഡ് റോളര്‍ കയറ്റി നശിപ്പിച്ചത്.
കഴിഞ്ഞ ദിവസം കോതമംഗലത്ത് ഗതാഗതമന്ത്രി പങ്കെടുത്ത ഉദ്ഘാടനച്ചടങ്ങിനിടെ അമിതവേഗത്തിലും ഹോണടിച്ചും പാഞ്ഞ ബസുകള്‍ക്കെതിരേ മന്ത്രി ഉടനടി നടപടി എടുത്തിരുന്നു.
District News
തിരുവനന്തപുരം : മോട്ടോർ വാഹന വകുപ്പിന്റെ വാഹന ഫ്ലാഗ് ഓഫ് പരിപാടിയുടെ സംഘാടനത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥന് കാരണം കാണിക്കൽ നോട്ടീസ്.
അസിസ്റ്റന്റ് ട്രാൻസ്പോർട്ട് കമ്മീഷണർ വി. ജോയിയോടാണ് ഗതാഗതമന്ത്രി വിശദീകരണം ആവശ്യപ്പെട്ടത്. ജനപങ്കാളിത്തം കുറഞ്ഞതിനെ തുടർന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ പരിപാടി ഉപേക്ഷിച്ചിരുന്നു.
വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത രീതിയും സദസില്‍ ആളില്ലാത്തതുമാണ് മന്ത്രിയെ പ്രകോപിപ്പിച്ചത്. തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരം പരിസരത്ത് വെച്ച് മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന ചടങ്ങാണ് ആരംഭിച്ചതിന് പിന്നാലെ റദ്ദാക്കുന്നതായി മന്ത്രി അറിയിച്ചത്.
ഫ്ലാഗ്ഓഫ് ചെയ്യേണ്ട വാഹനങ്ങൾ കൊട്ടാരത്തിനു മുന്നിലേക്ക് കയറ്റി നിർത്തണമെന്ന് മന്ത്രി നേരത്തെ തന്നെ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ സംഘാടകർ ഇത് അനുസരിക്കാൻ തയാറായില്ല.
വി.കെ. പ്രശാന്ത് എംഎൽഎയുടെ പ്രസംഗം കഴിഞ്ഞതിന് പിന്നാലെ മന്ത്രി ഉദ്യോഗസ്ഥരെ ശാസിക്കുകയും പരിപാടി റദ്ദാക്കിയതായി അറിയിച്ച് മടങ്ങിപ്പോകുകയുമായിരുന്നു. അഡീഷണൽ ട്രാൻസ്പോർട്ട് കമ്മീഷണർ ഡോ.പി.എസ്. പ്രമോജ് ശങ്കർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ അതിഥികളായി പട്ടികയിലുണ്ടായിരുന്നു.
പരിപാടിയിൽ മോട്ടോർ വാഹന വകുപ്പിന്റെ ഉദ്യോഗസ്ഥരുടെ പ്രാതിനിധ്യം കുറവായിരുന്നു. ഇതും മന്ത്രിയെ ചൊടിപ്പിച്ചു. വളരെ കുറച്ചു കസേരകൾ മാത്രമാണ് വേദിയിൽ ഉണ്ടായിരുന്നത്. കെഎസ്ആർടിസിയാണ് ഒരു പരിപാടി വെച്ചിരുന്നതെങ്കിൽ എല്ലാവരും എത്തിയേനെ.
നിലവിൽ ഇവിടെയുള്ളത് തന്റെ പാർട്ടിക്കാരും കുറച്ച് കെഎസ്ആർടിസി ഉദ്യോഗസ്ഥരും മാത്രമാണെന്നും മന്ത്രി കുറ്റപ്പെടുത്തി. തന്റെ നിർദേശങ്ങൾ പാലിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.
കൊട്ടാരത്തിന്റെ മുന്നിൽ വാഹനങ്ങൾ പാർക്ക് ചെയ്താൽ ടൈല്‍ പൊട്ടിപ്പോകുമെന്നും അതിനാലാണ് വാഹനങ്ങൾ അവിടെ ഇടാഞ്ഞതെന്നും അധികൃതർ വ്യക്തമാക്കി.
Leader Page
സർക്കാരുകൾ മാറിവന്നാലും അഴിമതികൾ തുടരുന്ന വകുപ്പാണ് മോട്ടോർ വാഹനവകുപ്പ്. തലപ്പത്ത് എത്തുന്നവർ ഒരിക്കലും അഴിമതിക്കാരായിരിക്കില്ല. എന്നാൽ, വർഷങ്ങളായി അഴിമതിയുടെ സിരാകേന്ദ്രമാണ് മോട്ടോർവാഹനവകുപ്പ്. സംസ്ഥാനത്തെ 81 ഓഫീസുകളിൽ ഓപ്പറേഷൻ ക്ലീൻ വീൽസ് എന്ന പേരിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ ലക്ഷങ്ങളാണ് പിടിച്ചെടുത്തത്. അഴിമതി തടയാനുള്ള പല കാര്യങ്ങളും നടപ്പിലാക്കാൻ തലപ്പത്തുള്ളവർ ശ്രമിക്കുന്പോഴും വലതായാലും ഇടതായാലും യൂണിയനുകളുടെ കട്ടയ്ക്ക് നിന്നുള്ള എതിർപ്പുകളും തുടരുകയാണ്.
മോട്ടോർവാഹന വകുപ്പിൽ കേന്ദ്രസർക്കാർ നിർദേശിക്കുന്ന പദ്ധതികളിൽ പലതും ഉത്തരവിന്റെ രൂപത്തിൽ സംസ്ഥാനത്തിനു ലഭിക്കുന്പോഴും സർക്കുലർ നടപ്പിലാക്കുന്നതിൽ മോട്ടോർവാഹന വകുപ്പ് വിമുഖത കാണിക്കുകയാണ്. നടപ്പിലായാൽ ‘കിന്പളം’ ലഭിക്കില്ലെന്നറിയാം. എല്ലാക്കാലത്തും ഭരണത്തിന്റെ തലപ്പത്ത് അഴിമതിയുടെ വിഹിതം പറ്റുന്ന രാഷ്ട്രീയ-ഉദ്യോഗസ്ഥ മേധാവികൾ ഉണ്ടാകും. ഇവർ ഈ വകുപ്പിലെ അഴിമതിയെ പ്രോത്സാഹിപ്പിക്കുകയും അഴിമതിക്കാരെ സംരക്ഷിക്കുകയും ചെയ്യും. അതിനാൽ, വിജിലൻസ് പിടികൂടുന്ന കൈക്കൂലിക്കേസുകളിൽ ആർക്കെതിരേയും നടപടിയില്ല. കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ നിർദേശങ്ങൾ സംസ്ഥാനത്ത് നടപ്പിലാക്കിയാൽ മോട്ടോർ വാഹനവകുപ്പിലെ അഴിമതിക്ക് ഒരു പരിധിവരെ തടയിടാനാകും.
ചെക്ക്പോസ്റ്റുകൾ പൂട്ടണം
ചെക്ക്പോസ്റ്റുകളിലൂടെ കോടികളുടെ അഴിമതിയാണു നടക്കുന്നത്. ചെക്ക്പോസ്റ്റുകൾ പൂട്ടുവാൻ 2021 മുതൽ കേന്ദ്രം ആവശ്യപ്പെട്ടിട്ടും കേരളം നടപ്പാക്കിയിട്ടില്ല. ചെക്ക്പോസ്റ്റിൽ വിജിലൻസ് റെയ്ഡ് സ്ഥിരമായപ്പോൾ അഴിമതി ഇല്ലാതാക്കാൻ ട്രാൻസ്പോർട്ട് കമ്മീഷണർ ചെക്ക്പോസ്റ്റ് പ്രവർത്തനസമയം രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചുവരെയാക്കി. ഇതോടെ, ഇവിടുത്തെ പണപ്പിരിവിൽ കുറവു വന്നെങ്കിലും വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ സംഘടന മൂന്ന് ഷിഫ്റ്റ് വേണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നിരുന്നാലും പകൽവെളിച്ചത്തിൽ ഗൂഗിൾ പേയിലൂടെ അഴിമതി നിർബാധം തുടരുകയാണ്.
അക്രഡിറ്റഡ് ഡ്രൈവിംഗ് ട്രെയിനിംഗ് സെന്റർ നടപ്പിലാക്കണം
സംസ്ഥാനത്ത് അക്രഡിറ്റഡ് ഡ്രൈവിംഗ് ട്രെയിനിംഗ് സെന്റർ ആരംഭിക്കാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കത്തെയും കേരളം അട്ടിമറിച്ചു. 2021ലാണ് കേന്ദ്രസർക്കാർ മോട്ടോർ വാഹന ചട്ടങ്ങൾ ഭേദഗതി ചെയ്ത് ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്നതിന് അക്രഡിറ്റഡ് ഡ്രൈവിംഗ് ട്രെയിനിംഗ് സെന്റർ എന്ന സ്വതന്ത്ര സ്ഥാപനം രൂപീകരിക്കുന്നതിനായി വിജ്ഞാപനം ചെയ്തത്. ഇത് കേരളത്തിൽ നടപ്പാക്കാതിരിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായ ഒത്തുകളികളാണ് ഇപ്പോൾ നടക്കുന്നത്. വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ കൈയിൽനിന്നു ഡ്രൈവിംഗ് ടെസ്റ്റ് പോകാതിരിക്കാനുള്ള ശ്രമങ്ങളാണ് ഡ്രൈവിംഗ് സ്കൂളുകാരെ മുൻനിർത്തി വകുപ്പിലെ ചില ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഇപ്പോൾ നടക്കുന്നത്.
കേന്ദ്രസർക്കാരിന്റെ വിജ്ഞാപന പ്രകാരം സംസ്ഥാനത്തെ സ്റ്റേറ്റ് ട്രാൻസ്പോർട്ട് അഥോറിറ്റിക്കോ അല്ലെങ്കിൽ കേന്ദ്രസർക്കാർ ഇതിനായി അധികാരപ്പെടുത്തുന്ന ഏജൻസിക്കോ ഏതൊരു സംസ്ഥാനത്തും അക്രഡിറ്റഡ് ഡ്രൈവിംഗ് ട്രെയിനിംഗ് സെന്ററിന് അനുമതി നല്‍കാം. കേന്ദ്രസർക്കാർ നിർദേശിച്ചിരിക്കുന്ന സിലബസ് അനുസരിച്ചു പരിശീലനം നൽകണം. കേന്ദ്രത്തിന്റെ പുതിയ നിയമപ്രകാരം ഡ്രൈവിംഗ് സ്കൂളുകാർക്കോ വെഹിക്കിൾ ഇൻസ്പെക്ടർമാർക്കോ മുകളിൽ പറഞ്ഞ കാര്യങ്ങളിൽ യാതൊരു പങ്കുമില്ല.
എന്നാൽ, മോട്ടോർ വാഹനവകുപ്പിൽ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടുകളിലാണ് രണ്ടാമത്തെ വലിയ പിരിവ് നടക്കുന്നത്. ഡ്രൈവിംഗ് ടെസ്റ്റ്, വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റ് എന്നിവ വളരെ വേഗത്തിൽ ലഭിക്കണമെങ്കിൽ ഏജന്റുമാരുടെ സഹായം ആവശ്യമാണ്. ഏജന്റില്ലാതെ വന്നാൽ ഒരു ടെസ്റ്റും വളരെ എളുപ്പത്തിൽ പാസാകില്ല. ഇതിനൊക്കെ, ഡ്രൈവിംഗ് സ്കൂളുകാർ പിരിവെടുത്ത് ഒരു തുക വെഹിക്കിൾ ഇൻസ്പെക്ടർമാർക്ക് കൊടുക്കണമെന്നത് പരമമായ സത്യമാണ്. അക്രഡിറ്റഡ് ഡ്രൈവിംഗ് ട്രെയിനിംഗ് സെന്റർ നടപ്പിലായാൽ ഈ പിരിവുകളും ഇല്ലാതാകും.
ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് സ്റ്റേഷനും ചുവപ്പുകൊടി
ഫിറ്റ്നസ് ടെസ്റ്റിലും അഴിമതി വ്യാപകമാണ്. ഫിറ്റ്നസ് ടെസ്റ്റിനും ഓരോ വാഹനത്തിനും ഫിക്സഡ് റേറ്റുണ്ട്. അത് കൂടാതെ ഫിറ്റ്നസ് ടെസ്റ്റിന് വരുന്ന വാഹനത്തിന് എന്തെങ്കിലും പോരായ്മ ഉണ്ടെങ്കിൽ അതിനു വേറെ പൈസ കൊടുക്കണം. എന്നാൽ, ട്രാൻസ്പോർട്ട് വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റിൽ കേന്ദ്രനിയമം പ്രാബല്യത്തിൽ വന്നെങ്കിലും കേരളത്തിൽ നടപ്പാക്കുന്നില്ല. നടപ്പാക്കിയാൽ, ഈ മേഖലയും പൂർണമായും അഴിമതിരഹിതമാകും. 2025 ഏപ്രിൽ ഒന്നുമുതൽ രാജ്യത്തെ എല്ലാ വാഹനങ്ങളും ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് സ്റ്റേഷനിൽ ഫിറ്റ്നസ് ടെസ്റ്റ് ചെയ്യണം എന്നാണ് നിയമം. എന്നാൽ, ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് സ്റ്റേഷൻ ആരംഭിക്കാൻ 2021ൽ കേന്ദ്രം നിർദേശം നൽകിയിട്ടും കേരളത്തിൽ നടപ്പിലാക്കിയിട്ടില്ല.
ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് സ്റ്റേഷൻ (എടിഎസ്) എന്നത് ആർടി ഓഫീസുകളുടെ കീഴിൽ വെഹിക്കിൾ ഇൻസ്പെക്ടർമാർ വാഹനം ടെസ്റ്റ് ചെയ്യുന്ന സംവിധാനമല്ല. പൊതുമേഖലയിലോ സ്വകാര്യമേഖലയിലോ എടിഎസ് സ്ഥാപിക്കാം. അവിടെ വാഹനം വിവിധ മെഷീൻ ഉപയോഗിച്ച് ടെസ്റ്റ് ചെയ്ത് അവിടുത്തെ സർട്ടിഫിക്കറ്റ് നൽകുകയാണു ചെയ്യുന്നത്. ഇത് സ്ഥാപിതമായാൽ വെഹിക്കിൾ ഇൻസ്പെക്ടർമാർ ഗ്രൗണ്ടിൽ മാനുവലായിട്ട് ചെയ്യുന്ന ടെസ്റ്റ് ഇല്ലാതാകും. വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ സംഘടനയുടെ സമ്മർദം കാരണമാണ് കേരളത്തിൽ ഇതുവരെയും എടിഎസിന് അനുമതി നല്‍കാത്തതെന്ന ആരോപണം ശക്തമാണ്.
ഓവർലോഡിനും വീതംവയ്പ്
ടിപ്പർ ലോറിക്കാരുടെ കൈയിൽനിന്നു വലിയൊരു തുക മോട്ടോർ വകുപ്പ് ഉദ്യോഗസ്ഥർക്ക് ലഭിക്കുന്നു എന്നതാണു മറ്റൊരു ആരോപണം. ഓരോ ടിപ്പറിനും മാസം 5,000 രൂപ വീതം കൊടുക്കണമെന്നതാണു പരസ്യമായ രഹസ്യം. ഓവർലോഡ് പിടിക്കാതിരിക്കാനാണ് ഈ പണം. ഏജന്റുമാർ വഴിയാണ് ഉദ്യോഗസ്ഥർക്കു പണം നല്‍കുന്നത്. എല്ലാ ടിപ്പറും ഓവർലോഡാണ്. ഓവർലോഡ് വാഹനങ്ങൾ പരിശോധിച്ചു പിഴയീടാക്കാനുള്ള അധികാരം നിലവിൽ മോട്ടോർ വാഹന കുപ്പിലെ എംവിഐ, എഎംവിഐമാർക്ക് മാത്രമാണുള്ളത്. ഇതിനുള്ള അധികാരം പോലീസിലെ ഗ്രേഡ് എസ്ഐമാർക്കുകൂടി നൽകിയാൽ ഈ പിരിവും അവസാനിക്കും.
വാഹൻ സോഫ്റ്റ്വെയർ വന്നതോടെ വലിയ ഒരു ഭാഗം അപേക്ഷകൾ ഫെയ്സ്ലെസ് ആകുകയും ടാക്സ്, ഫീസ് ഇവ ഓൺലൈൻ ആകുകയും ചെയ്തതോടെ ഓഫീസുകളിലുള്ള അഴിമതി കുറഞ്ഞു. കേന്ദ്രസർക്കാർ നിർദേശങ്ങളായ ചെക്ക്പോസ്റ്റുകൾ ഒഴിവാക്കൽ, ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് സ്റ്റേഷനുകളും അക്രെഡിറ്റഡ് ഡ്രൈവിംഗ് ട്രെയിനിംഗ് സെന്ററുകളും സ്ഥാപിക്കൽ തുടങ്ങിയ കാര്യങ്ങൾ നടപ്പിലായാൽ മോട്ടോർവാഹന വകുപ്പിനെ ഒരുപരിധിവരെ അഴിമതിരഹിതമാക്കാം. എന്നാൽ, അഴിമതിയുടെ കാര്യത്തിൽ യൂണിയനുകൾ ഒറ്റക്കെട്ടായി നിൽക്കുന്നതിനാൽ ചെറുത്തുതോല്പിക്കാനാണ് സാധ്യത.
Editorial