തടിയൂർ: പൊതുവിദ്യാഭ്യാസ വകുപ്പ് വെണ്ണിക്കുളം ഉപജില്ല സംഘടിപ്പിച്ച ലിറ്റിൽ മാസ്റ്റേഴ്സ് പ്രോഗ്രാമിന്റെ ഫോൾഡിംഗ് ആൽബം നിർമാണ ശില്പശാല തടിയൂർ എൻഎം എൽപി സ്കൂളിൽ നടന്നു.
പഠനപ്രകിയയിൽ പാഠപുസ്തകങ്ങളോടൊപ്പം പ്രാധാന്യമുള്ള ദിനപ്പത്രങ്ങളും സൂക്ഷിക്കുന്നതിനാവശ്യമായ ഫോൾഡിംഗ് ആൽബങ്ങളാണ് നിർമിച്ചത്. ഇവ സുരക്ഷിതമായി സൂക്ഷിക്കുന്നതിനും റെഡി റഫറൻസിനും പ്രദർശനത്തിനുമുതകുന്ന ഇത്തരം ആൽബങ്ങൾ എങ്ങനെ നിർമിക്കാമെന്ന് കുട്ടികൾ പഠിച്ചു.
ശില്പശാലയ്ക്ക് ന്യൂഡൽഹി സിസിആർടി റിസോഴ്സ് പേഴ്സണും ഗ്രന്ഥകാരനുമായ എം.എം. ജോസഫ് മേക്കൊഴൂർ നേതൃത്വം നൽകി. വെണ്ണിക്കുളം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പി.ആർ. ബിന്ദു ഉദ്ഘാടനം നിർവഹിച്ചു.കോഓർഡിനേറ്റർ സുനിൽകുമാർ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ സ്റ്റാൻലി നന്ദി പറഞ്ഞു.