ആദർശവും സത്യസന്ധവുമായ നിലപാടുകളിലൂടെ മുന്നോട്ടുപോകുന്ന വ്യക്തിയാണ് മല്ലിക സുകുമാരനെന്ന് സംവിധായകൻ ആലപ്പി അഷ്റഫ്. നടൻ സുകുമാരനെപ്പോലെ തന്നെ വിട്ടുവീഴ്ചയില്ലാത്ത സ്ത്രീയാണ് അവരെന്നും അദ്ദേഹം പറയുന്നു.
അച്ഛന്റെയും അമ്മയുടെയും അതേ ആദർശങ്ങളാണ് മക്കൾക്കും കിട്ടിയിരിക്കുന്നതെന്നും അഷറഫ് യുട്യൂബ് വീഡിയോയിൽ പറഞ്ഞു. സുകുമാരനും മല്ലികയും തമ്മിലുണ്ടായിരുന്ന പരസ്പര ബഹുമാനത്തെക്കുറിച്ചും അദ്ദേഹം പറയുന്നുണ്ട്.
‘‘ജീവിതത്തിലെ മുറിപ്പാടുകളെ നക്ഷത്ര ചിഹ്നമാക്കി മാറ്റുന്നവരാണ് ജീവിതത്തിൽ വിജയിക്കുന്നത്. തീവ്രമായ ആഗ്രഹവും ലക്ഷ്യബോധവും അർപ്പണ മനോഭാവവും കഠിനാധ്വാനത്തിന് ആവശ്യമായ അച്ചടക്കവും കൊണ്ട് പ്രതികൂല സാഹചര്യങ്ങളെയും അവസരങ്ങളെയും അനുകൂലമാക്കി മാറ്റി, ജീവിത വിജയം കൈവരിച്ച നടി മല്ലിക സുകുമാരന്റെയും അവരുടെ മക്കളുടെയും വളർച്ചയുടെ നാൾവഴികളാകട്ടെ ഈ എപ്പിസോഡ്.
കലയും സാഹിത്യവും സിനിമയും ഒക്കെ കൂട്ടുപിണഞ്ഞു കിടക്കുന്ന ഒരു ജീവിതമാണ് മല്ലിക സുകുമാരന്റേത്. ജീവിതത്തിൽ ഒരുപാട് വളവുതിരുവുകളിലൂടെ സഞ്ചരിച്ച് ജീവിതാ അനുഭവങ്ങളിലൂടെ പാഠം പഠിച്ചുവന്നവരാണ് അവർ. ഇന്നും ആ പഠനം തുടർന്നുകൊണ്ടേയിരിക്കുകയാണ്.
കോടമ്പക്കത്ത് എരിഞ്ഞടങ്ങി തീരേണ്ട ജീവിതം തിരിച്ചുപിടിച്ച പെൺകരുത്താണവർ. മലയാള സിനിമയിലെ വിവരവും വിദ്യാഭ്യാസവും നിലപാടുമുള്ള നായകൻ സുകുമാരൻ പോലും മോഹിച്ച് അംഗീകരിച്ച് ജീവിത സഖിയാക്കിയതാണ് ഈ മോഹമല്ലികയെ.
നടൻ സുകുമാരനുമായി എനിക്ക് വ്യക്തിപരമായി അടുപ്പവും സ്നേഹവും ഉണ്ടായിരുന്നു. വിവരവും വിദ്യാഭ്യാസവും സ്ട്രൈറ്റ് ഫോർവേർഡുമാണ് അദ്ദേഹമെന്ന് എനിക്കും കൂടുതലടുത്തപ്പോൾ മനസ്സിലാക്കാൻ സാധിച്ചു.
സുകുവേട്ടന്റെ വർഷങ്ങളുടെ അഭിനയ ഗ്യാപ്പിലാണ് എന്റെ ‘ഒരു മുത്തശ്ശികഥ’ എന്ന ചിത്രത്തിൽ അഭിനയിക്കാൻ വരുന്നത്. മദ്രാസിലെ ഡബ്ബിംഗ് കഴിഞ്ഞ് ഞാൻ അദ്ദേഹത്തിന് ബാക്കി പണം സെറ്റിൽ ചെയ്തപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞു, ‘എനിക്ക് ജെമിനി റൗണ്ടിലുള്ള കുമ്മിടി ബംഗാര ജ്വല്ലറിയിൽ ഒന്ന് പോകണമെന്ന്’. അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോകുമ്പോൾ ഞാൻ ചോദിച്ചു, മല്ലിക ചേച്ചിക്ക് സ്വർണം വാങ്ങാനാണോ എന്ന്. ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു അതിനല്ല ‘എനിക്കൊരു നവരത്ന മോതിരം വാങ്ങണം’.
ഞാനപ്പോൾ ചോദിച്ചു, ‘സുകുവേട്ടൻ വലിയ കമ്മ്യൂണിസ്റ്റുകാരനല്ലേ ഇതിലൊക്കെ വിശ്വാസമുണ്ടോ?’ അപ്പോൾ അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു, മല്ലിക പറഞ്ഞിട്ടാ അവരുടെ നിർബന്ധമാ. അന്ന് സുകുവേട്ടന്റെ കൈയിൽ അളവ് നോക്കുമ്പോഴാണ് ഞാൻ നവരത്ന മോതിരം ആദ്യമായി അടുത്ത് കാണുന്നത്.
ഗൗരവക്കാരനായി നടിക്കുന്ന ആളാണെങ്കിലും മല്ലിക ചേച്ചി പറയുന്നതൊക്കെ അംഗീകരിക്കുന്ന ആളാണെന്ന് അപ്പോൾ എനിക്ക് മനസിലായി. പ്രതിഭാധനന്മാരായ രണ്ട് പുത്രന്മാരെ മലയാള സിനിമയ്ക്ക് സംഭാവന ചെയ്ത അമ്മയാണ് മല്ലിക സുകുമാരൻ.
ഈ നന്ദിയില്ലാത്ത സിനിമാ ലോകത്തെക്കുറിച്ച് സംസാരിക്കുമ്പോഴും തന്നെ വാക്കുകൊണ്ട് പോലും സഹായിച്ചവരെ നന്ദിപൂർവം ഓർത്തും മറ്റുള്ളവരെ ഓർമിപ്പിച്ചും നിരന്തരം സംസാരിക്കുന്ന നടിയാണവർ. നല്ല കുടുംബപശ്ചാത്തലമുള്ള കൈനിക്കര കുടുംബത്തിൽ ജനിച്ചു വളർന്ന മോഹമല്ലികയ്ക്ക് നിലപാടുകളുടെ രാജകുമാരനായ നടൻ സുകുമാരനെ കൂടി ജീവിതത്തിൽ ലഭിച്ചപ്പോൾ അതിന്റെയൊക്കെ ഗുണങ്ങൾ അവർക്ക് ലഭിക്കുകയും അവരിലൂടെ തന്റെ മക്കൾക്ക് പകർന്നു നൽകുകയും ചെയ്തു. സുകുമാരനെപ്പോലെ തന്നെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുള്ള സ്ത്രീയാണ് മല്ലിക സുകുമാരൻ.
ഇന്നിവിടെ സിനിമാ രംഗത്ത് നടികളെ നിശബ്ദരാക്കുന്ന രീതികളൊന്നും മല്ലികയോട് നടക്കില്ല. സാംസ്കാരിക നിശബ്ദതയെ എതിർക്കുന്നവരാണവർ. അതുകൊണ്ടുതന്നെ അവരെ പലർക്കും ഭയവുമാണ്. അവരുടെ എല്ലാ എതിരഭിപ്രായത്തിലും യുക്തിയുണ്ടാകും.
അവരുടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ പ്രയാസമേറുമെന്നതാണ് സത്യം. സത്യസന്ധമായ നിഗമനങ്ങളിലൂടെയാണ് അവരുടെ പെരുമാറ്റവും യാത്രയും. നടി ആക്രമിക്കപ്പെട്ട കേസിൽ വിധി വന്നതിനുശേഷം അവർ ഉന്നയിച്ച ചോദ്യത്തിന് ഏറെ പ്രസക്തിയുണ്ട്. ഗൂഢാലോചനയിൽ ദിലീപിനെ വിട്ടയച്ചപ്പോൾ മല്ലികച്ചേച്ചി ചോദിക്കുന്നു, അയാളല്ലെങ്കിൽ പിന്നെ മറ്റൊരാളുണ്ടാകുമല്ലോ? അതാരാണ് അയാൾ എവിടെയോ മറയത്ത് നിൽപ്പുണ്ടല്ലോ. അയാളെ കണ്ടുപിടിക്കണ്ടേ?
സിനിമയിൽ 53 വർഷമായി നിലനിൽക്കുന്ന ആദർശം പണയപ്പെടുത്താത്ത ഒരു മുതിർന്ന നടി പൊതുസമൂഹത്തോടും അധികാരികളോടും തൊടുത്തുവിട്ട ചോദ്യമാണിത്. ദിലീപ് അല്ലെങ്കിൽ പിന്നെ ആരെന്ന ചോദ്യത്തിന് മറുപടി വേണ്ടേ? അത് അന്വേഷിക്കേണ്ടതല്ലേ? ശത്രുക്കൾ ഉണ്ടാകുമെന്ന് ഉത്തമ ബോധ്യമുണ്ടായിട്ടും അതൊന്നും കാര്യമാക്കാതെ മല്ലികച്ചേച്ചിയും മക്കളും അതിജീവിതയോടൊപ്പം ഉറച്ചുനിന്നു.
അവരുടെ ഈ ഉറച്ച നിലപാടുകൾ അന്തസുയർത്തുന്നവയായിരുന്നു. 30 വെള്ളിക്കാശിനു വേണ്ടിയോ മറ്റുള്ളവരുടെ പ്രീതിക്കുവേണ്ടിയോ എന്തെങ്കിലും കാര്യസാധ്യത്തിനു വേണ്ടിയോ തന്റെ സഹപ്രവർത്തകയായ അതിജീവിതയെ തള്ളിപ്പറഞ്ഞില്ല എന്നുമാത്രമല്ല, ഒപ്പം നിന്നശേഷം പിന്നീട് കാൽ മാറിയതുമില്ല.
ഇതിൽ നിന്നൊക്കെ മനസിലാക്കാമല്ലോ ഉറച്ച നിലപാടുകൾ ഉള്ളവരുടെ വ്യക്തിത്വം. ഡബ്ല്യുസിസിയോട് അനുഭാവപൂർവമായ നിലപാടാണ് സ്വീകരിച്ചിരുന്നതെങ്കിലും അവരുടെ തെറ്റുകളും മല്ലിക ചേച്ചി ചൂണ്ടിക്കാണിച്ചിരുന്നു.
ചേച്ചി ‘അമ്മ’യിൽ തുടരുമ്പോഴും അവിടെ നടക്കുന്ന അനീതിക്കെതിരെ ശബ്ദമുയർത്തുന്നവരുടെ പക്ഷം ധൈര്യപൂർവം ചേച്ചി നിലകൊള്ളുന്നതും കാണാം. അതിജീവിതയുടെ മെമ്മറി കാർഡ് വിഷയം പോലെ തന്നെ ‘അമ്മ’ സംഘടനയിലും ഒരു മെമ്മറി കാർഡ് വിഷയം ഉണ്ടായിരുന്നല്ലോ. ഹേമ കമ്മിറ്റി റിപ്പോർട്ടിനുശേഷം ‘അമ്മ’യിലെ വനിതാ അംഗങ്ങൾ നേരിടുന്ന പീഡനങ്ങൾ സംഘടന നേരിട്ട് പരാതി സ്വീകരിക്കുന്നതായി പറഞ്ഞ് ചിലർ രഹസ്യമായി ഒരു കമ്മിറ്റിയെ നിയോഗിച്ചു.
അവരുടെ മുൻപിൽ ചില നടികൾ നടന്മാരിൽ നിന്നും സംവിധായകരിൽ നിന്നും നിർമാതാക്കളിൽ നിന്നുമൊക്കെ അനുഭവിക്കേണ്ടി വന്ന കണ്ണീർ കഥകൾ, രതി വിളയാട്ടങ്ങളുടെ പച്ചയായ സത്യസന്ധമായ കഥകൾ നിഷ്കളങ്കമായി തുറന്നുപറഞ്ഞു. ഇതൊക്കെ രഹസ്യമായി അവർ വിഡിയോയിൽ പകർത്തുന്നുണ്ടായിരുന്നു.
എന്നാൽ ഇതിനൊക്കെ ഒരു പരിഹാരം ഉണ്ടാക്കിയില്ല എന്ന് മാത്രമല്ല അത് പകർത്തിയ വിഡിയോ മെമ്മറി കാർഡ് എവിടെയാണെന്ന് പറയുന്നതുമില്ല. ‘കാലാപാനി’ എന്ന സിനിമയിൽ ഒരു രംഗമുണ്ട് ജയിലിൽ മർദ്ദനമേറ്റു കിടക്കുന്നവരോട് ജയിലധികൃതർ പറയുന്നു, നാളെ നിങ്ങളുടെ പരാതി കേൾക്കാൻ മേലധികാരികൾ വരുന്നുണ്ട്. നിങ്ങൾക്ക് എന്ത് വേണമെങ്കിലും ധൈര്യപൂർവം അവരോട് തുറന്നു പറയാമെന്ന്, അതിന് പരിഹാരമുണ്ടാകുമെന്ന്.
പിറ്റേദിവസം പരിശോധനയ്ക്ക് മേലധികാരികൾ എത്തുന്നു. അവർ പറയുന്നു നിങ്ങൾക്കെന്തുണ്ടെങ്കിലും ഞങ്ങളോട് ധൈര്യപൂർവം പറയാം എല്ലാറ്റിനും നടപടിയുണ്ടാകും ആരെയും ഭയപ്പെടേണ്ടതില്ല എന്ന് നിങ്ങൾ പൂർണ സുരക്ഷിതരായിരിക്കുമെന്നും അവർക്ക് ഉറപ്പ് കൊടുക്കുന്നു. ഇത് കേട്ട പലരും എഴുന്നേറ്റ് നിന്ന് ജയിലറന്മാരുടെ ക്രൂരതകളെക്കുറിച്ചും പീഡനങ്ങളെക്കുറിച്ചും അവരോട് പരാതികൾ പറയുന്നു. എന്നാൽ പരാതി പറഞ്ഞവരെ തൂക്കിയെടുത്ത് നിർദാക്ഷണ്യം ക്രൂര മർദ്ദനത്തിന് വിധേയമാക്കുന്നു. യഥാർത്ഥത്തിൽ പിറ്റേ ദിവസമായിരുന്നു പരിശോധന ഈ നാടകം ജയിൽ ഉദ്യോഗസ്ഥർ അവരുടെ ഉള്ളിലിരിപ്പ് അറിയാൻ വേണ്ടി നടത്തിയ ഒരു തട്ടിപ്പായിരുന്നു.
അതുപോലെതന്നെ ‘അമ്മ’യിൽ പീഡനത്തിന് വിധേയരായ പെൺകുട്ടികളുടെ പരാതികൾ ആർക്കൊക്കെ നേരെയായിരിക്കും എന്നറിയാനുള്ള ഒരു കാഞ്ഞ ബുദ്ധി ഇതിന്റെ പിന്നിലുള്ളതായി വിലയിരുത്തപ്പെടുന്നു. ഇതൊരു ചതിയാണെന്ന് തിരിച്ചറിഞ്ഞ നടിമാർ തങ്ങൾ തുറന്നുപറഞ്ഞ വിഡിയോയുടെ മെമ്മറി കാർഡിന് വേണ്ടി മുറവിളി കൂട്ടി.
ഈ നീതികേടിനെതിരെ ശബ്ദമുയർത്തിക്കൊണ്ട് മല്ലികച്ചേച്ചിയും രംഗത്ത് വന്നു. എന്നാൽ ഇതിനൊന്നും പരിഹാരം കാണത്തുമില്ല, മെമ്മറി കാർഡ് ഒട്ട് കിട്ടാനും പോകുന്നില്ല. കുറച്ചുപേരുടെ വിരോധം പിടിച്ചുപറ്റിയെന്നു മാത്രം. അവർ ആരെക്കുറിച്ചൊക്കെയാണ് പരാതി പറഞ്ഞത്, അവരുടെയൊക്കെ ശത്രുതയ്ക്ക് ഇവർ പാത്രമാകുകയും ചെയ്യും. ‘അമ്മ’യിൽ നടക്കുന്ന പല അനീതികളും പൊതുജനമധ്യത്തിൽ വിളിച്ചു പറയുന്നത് മല്ലിക ചേച്ചിയാണ്. അതുകൊണ്ട് തന്നെ വലിയൊരു ശത്രുനിരയും അവർക്കെതിരെ അവിടെയുണ്ട്. അവരൊരു ലൂസ് ടോക്കറാണെന്നാണ് ചിലർ പറയുന്നത്.
മല്ലിക ചേച്ചിയും പുത്രന്മാരും അവരുടെ ഭാര്യമാരും അതിജീവിതയ്ക്കൊപ്പമെന്ന ഉറച്ച നിലപാട് എടുത്തപ്പോൾ ഇവരുടെയൊക്കെ വായ അടപ്പിക്കണമെങ്കിൽ ആദ്യം പൃഥ്വിരാജിനെ ഒതുക്കണമെന്ന ചാണക്യതന്ത്രം നടപ്പാക്കാൻ ശ്രമിച്ചു. അങ്ങനെ പൃഥ്വിരാജും എതിർകക്ഷികളും തമ്മിൽ ശീതയുദ്ധം ആരംഭിച്ചു.
അതിന്നും ശക്തമായി നിലനിൽക്കുന്നു എന്നതാണ് സത്യം. എന്നാൽ പൃഥ്വിരാജി്റെ സിനിമാ രംഗത്തെ കുതിച്ചുള്ള മുന്നേറ്റം അവരെ അസ്വസ്ഥമാക്കുന്നു. മല്ലിക ചേച്ചി പറയുന്നു ഇതിപ്പോഴൊന്നും തുടങ്ങിയതല്ല, ‘അനന്തഭദ്രം’ സിനിമയിൽ പൃഥ്വിയെ അഭിനയിപ്പിക്കരുതെന്ന് ദിലീപ് പറഞ്ഞതായി പലരും എന്നോടു പറഞ്ഞിട്ടുണ്ട്.
ഇന്നുവരെ ഞാനത് ദിലീപിനോട് ചോദിച്ചിട്ടില്ല. പൃഥ്വിരാജ് കയറിവരുമെന്ന് തോന്നുന്നതുകൊണ്ടാണെന്ന് വേറെ ചിലരും എന്നോടു പറഞ്ഞു. പിന്നീട് ‘റോമിയോ’ എന്ന സിനിമയിൽ ഞാൻ ദിലീപിന്റെ അമ്മയായി അഭിനയിച്ചു. എന്നോടൊരു പിണക്കവും ദിലീപ് കാണിച്ചിട്ടില്ല.
എന്റെ മകനോടെന്തിനാണ് ഇത്ര ദേഷ്യം. സുകുവേട്ടനെ സിനിമയിൽ നിന്നു മാറ്റി നിർത്തിയ പോലെ രാജുവിനോടും ചെയ്യുമോ എന്ന് ഞാൻ ആശങ്കപ്പെട്ടു. എന്നാൽ എന്റെ മക്കളെ ഇതൊന്നും ബാധിക്കില്ല. അവരെ പറഞ്ഞാൽ അവർ തന്നെ മറുപടി പറഞ്ഞുകൊള്ളും.
അതുപോലെ തന്നെ ദിലീപിന്റെ ‘ഭഭബ’യിൽ പൃഥ്വിരാജിനെ പരിഹസിച്ചുകൊണ്ടുള്ള രംഗങ്ങൾ ഉൾപ്പെടുത്തിയതിനെതിരെ മല്ലിക ചേച്ചി പ്രതികരിച്ചിരുന്നു. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പണ്ട് പൃഥ്വിരാജ് നടത്തിയ പ്രസ്താവനകളെ സിനിമയിൽ പരിഹാസരൂപേണ ഉപയോഗിച്ചതിനെയാണ് മല്ലിക ചേച്ചി വിമർശിച്ചത്.
‘ധ്യാൻ ശ്രീനിവാസന്റെ കഥാപാത്രത്തിലൂടെയാണ് പൃഥ്വിരാജിനെ സിനിമയിൽ പരിഹസിക്കുന്നത്. വിവരമുള്ള ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഈ ഡയലോഗ് ഇപ്പോൾ പറയേണ്ട എന്ന് പറയുമായിരുന്നു. നിർമാതാവോ സംവിധായകനോ ആകും ഇത് പറയിപ്പിച്ചത്. പിന്നെ സിനിമയ്ക്ക് വലിയ ഗുണമൊന്നുമില്ലാത്തതുകൊണ്ട് അത് ആരും അധികം കണ്ടിട്ടുണ്ടാവില്ല’. പൃഥ്വിരാജിന് നേരെ ആസൂത്രിത നീക്കങ്ങൾ നടക്കുന്നുവെന്ന് മല്ലിക സുകുമാരൻ ആരോപിച്ചു.
പൃഥ്വിക്കെതിരെ സംസാരിക്കുന്നവർക്ക് ഭാവിയിൽ തങ്ങൾ പറഞ്ഞത് അബദ്ധമായി പോയി എന്ന് തിരുത്തേണ്ടി വരുമെന്ന് താൻ നൂറുശതമാനം വിശ്വസിക്കുന്നുവെന്നും മല്ലികച്ചേച്ചി പറയുന്നു. പൃഥ്വിരാജ് ‘എമ്പുരാൻ’ എന്ന സിനിമയ്ക്ക് വേണ്ടി സെൻസർ ബോർഡിന്റെ മുൻപിൽ കരഞ്ഞ് കാലുപിടിച്ചുവെന്നും പിന്നെ പ്രതിയോഗിയെ ഒതുക്കുന്ന സ്ഥിരം ഡയലോഗ് രാജ്യസ്നേഹം അതുപോലും പൃഥ്വിരാജിന് നേരെ ഇറക്കി.
എന്നാൽ ഇതൊന്നും ഒരു തരിമ്പ് പോലും പൃഥ്വിരാജിനെ ഏശിയിട്ടില്ല. മാത്രമല്ല മമ്മൂട്ടിയെ പോലെയും മോഹൻലാലിനെ പോലെയും ഇനിയും പതിറ്റാണ്ടുകൾ നിലനിൽക്കാൻ ഇപ്പോൾ സാധ്യതയുള്ള ഏകനടൻ പൃഥ്വിരാജ് ആണെന്ന് ഓർക്കണം.
വെല്ലുവിളികൾ പൃഥ്വിരാജിന് പുതുമയൊന്നുമില്ല. അതൊക്കെ ഉയരങ്ങൾ കീഴടക്കാനുള്ള ചവിട്ടുപടികളായി കണ്ട് മുന്നോട്ട് നീങ്ങുകയാണ്. സിനിമയുടെ സമസ്ത മേഖലകളിലും പൃഥ്വിരാജിന്റെ തേരോട്ടം തുടരുകയാണ്. മല്ലിക ചേച്ചിക്കും കുടുംബത്തിനും എല്ലാവിധ ഭാവുകങ്ങളും നേരുന്നു. നമ്മുടെ ആദർശം മറ്റുള്ളവരുടെ പ്രീതിക്കായി ഇല്ലാതാക്കേണ്ടതല്ല നമ്മൾ മാറണം നിരന്തരം പുതുക്കണം. പക്ഷേ അതാരാന്റെ ബോധ്യങ്ങളെ അല്ല സ്വന്തം ബോധ്യങ്ങൾ ആകണം മാറ്റത്തിന്റെ അടിസ്ഥാനം. മാറാൻ ആഗ്രഹിക്കണം മാറ്റപ്പെടാൻ നിന്ന് കൊടുക്കരുത്.’’–ആലപ്പി അഷ്റഫിന്റെ വാക്കുകൾ.