Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Manderley

Other Stories

റെ​ബേ​ക്ക നോ​വ​ൽ അ​ധ്യാ​യം- 8

ഡാ​ഫ്നെ ദു ​മോ​റി​യ​ർ സ്വ​ത​ന്ത്ര പ​രി​ഭാ​ഷ സി.​എ​ൽ. ജോ​സ്

മാ​ൻ​ഡെ​ർ​ലി​യി​ൽ എ​ല്ലാ കാ​ര്യ​ങ്ങ​ളും വ​ള​രെ ഭം​ഗി​യി​ലും ചി​ട്ട​യി​ലും ന​ല്ല പ്ലാ​നിം​ഗി​ലു​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് ഞാ​ൻ ഊ​ഹി​ച്ചു​പോ​ലു​മി​ല്ല. ഞാ​ൻ ഓ​ർ​ക്കു​ക​യാ​ണ്, ഒ​ന്നാ​മ​ത്തെ ദി​വ​സം രാ​വി​ലെ​ത്ത​ന്നെ മാ​ക്സിം എ​ഴു​ന്നേ​റ്റ് പു​തി​യ ഡ്രെ​സ് ധ​രി​ച്ച് പ​ല​ർ​ക്കും ക​ത്തു​ക​ൾ എ​ഴു​തു​ന്നു. എ​ന്നെ വി​ളി​ച്ചു​ണ​ർ​ത്താ​തെ, ബ്രേ​ക്ക്ഫാ​സ്റ്റി​നു മു​ന്പു​ത​ന്നെ അ​ങ്ങ​നെ പ​ല ജോ​ലി​ക​ളും ചെ​യ്യു​ന്നു.

തു​ട​ർ​ന്ന് ഒ​റ്റ​യ്ക്ക് ബ്രേ​ക്ക്ഫാ​സ്റ്റ് ക​ഴി​ക്കു​ന്നു. ഞാ​നോ.. അ​ന്ന് മു​ക​ളി​ൽ​നി​ന്ന് താ​ഴേ​ക്ക് ഇ​റ​ങ്ങി​വ​ന്ന​പ്പോ​ൾ സ​മ​യം ഒ​ന്പ​തു​മ​ണി. ഉ​റ​ക്ക​ത്തി​ൽ പെ​ട്ടു​പോ​യി. എ​നി​ക്കു കു​റ്റ​ബോ​ധ​വും ച​മ്മ​ലു​മു​ണ്ടാ​യി.
മാ​ക്സിം എ​ന്നെ​നോ​ക്കി മ​ന്ദ​ഹ​സി​ച്ചു. എ​ന്നി​ട്ടു പ​റ​ഞ്ഞു: ""ഇ​വി​ട​ത്തെ രീ​തി​ക​ളൊ​ക്കെ ഇ​ങ്ങ​നെ​യാ​ണ്. ഇ​തെ​ല്ലാം ശീ​ല​മാ​ക്ക​ണം.''

ഇ​തു പ​റ​ഞ്ഞ​ശേ​ഷം ക​ത്തു​ക​ളെ​ഴു​തു​ന്ന ജോ​ലി​യി​ലേ​ക്കു തി​രി​ഞ്ഞു.

പി​ന്നീ​ട് ഞാ​ൻ ഓ​ർ​ത്തു. അ​ന്ന് ആ​ദ്യ​മാ​യി ഹോ​ട്ട​ലി​ൽ​വ​ച്ചു ക​ണ്ട​പ്പോ​ഴ​ത്തേ​ക്കാ​ൾ എ​ത്ര​യോ വ്യ​ത്യ​സ്ത​നാ​ണ്. ഇ​വി​ടെ എ​ന്തൊ​രു ജോ​ലി​ത്തി​ര​ക്ക്. ച​ടു​ല​മാ​യി കാ​ര്യ​ങ്ങ​ൾ നീ​ക്കു​ന്നു. ദി​നം​പ്ര​തി സ​ന്ദ​ർ​ശ​ക​രാ​യി സു​ഹൃ​ത്തു​ക്ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ, മാ​നേ​ജ​ർ​മാ​ർ, ജോ​ലി​ക്കാ​ർ എ​ന്നി​വ​ർ വ​രു​ന്നു. അ​വ​രു​മാ​യി സം​സാ​രി​ക്കു​ന്നു, ബാ​ങ്ക് ഇ​ട​പാ​ടു​ക​ൾ ന​ട​ത്തു​ന്നു, ബി​ല്ലു​ക​ൾ പാ​സാ​ക്കു​ന്നു, പു​തി​യ​വ​യ്ക്ക് ഓ​ർ​ഡ​ർ കൊ​ടു​ക്കു​ന്നു.. ഇ​തി​നി​ടെ ഫോ​ണ്‍ കോ​ളു​ക​ൾ വ​രു​ന്നു.

മാ​ക്സിം എ​ഴു​ന്നേ​റ്റു. എ​ന്നി​ട്ടു പ​റ​ഞ്ഞു: ""ഞാ​ൻ ബ്രേ​ക്ക്ഫാ​സ്റ്റ് ക​ഴി​ച്ച​താ​ണ്. എ​ങ്കി​ലും വ​രൂ. ന​മു​ക്കൊ​രു​മി​ച്ചി​രി​ക്കാം.'' ബ്രേ​ക്ക്ഫാ​സ്റ്റി​ന് നി​ര​ത്തി​യി​രി​ക്കു​ന്ന വി​ഭ​വ​ങ്ങ​ൾ ക​ണ്ട് ഞാ​ൻ അ​ന്തം​വി​ട്ടു. ബ്ര​ഡ്, ബ​ട്ട​ർ, ജാം, ​അ​പ്പം, മു​ട്ട​ക്ക​റി, മു​ട്ട പു​ഴു​ങ്ങി​യ​ത്, ഓം​ലെ​റ്റ്, അ​ണ്ടി​പ്പ​രി​പ്പ്, പ​ഴ​വ​ർ​ഗ​ങ്ങ​ൾ, ചാ​യ, കാ​പ്പി തു​ട​ങ്ങി​യ മേ​ശ​നി​റ​യെ വി​വി​ധ ഇ​ന​ങ്ങ​ൾ. അ​ല്പം മാ​ത്രം ഞ​ങ്ങ​ൾ ക​ഴി​ച്ചു. ബാ​ക്കി​യെ​ല്ലാം ബാ​ക്കി​ത​ന്നെ. വ​ല്ലാ​ത്ത ധാ​രാ​ളി​ത്തം, പാ​ഴ്ചെ​ല​വ്. ബാ​ക്കി​വ​ന്ന​തെ​ല്ലാം എ​ന്തു​ചെ​യ്യും? അ​ടു​ക്ക​ള ചീ​ഫ് ഡാ​ൻ​വേ​ഴ്സി​നേ അ​ത​റി​യൂ. ഞാ​ൻ വൈ​കി ചെ​ന്ന​തി​ലു​ള്ള അ​തൃ​പ്തി ആ ​മു​ഖ​ത്തു തെ​ളി​ഞ്ഞി​രു​ന്നു. ഞ​ങ്ങ​ൾ എ​ഴു​ന്നേ​റ്റു.

മാ​ക്സിം പ​റ​ഞ്ഞു: ""വ​ന്ന ക​ത്തു​ക​ളു​ടെ കൂ​ട്ട​ത്തി​ൽ എ​ന്‍റെ ഏ​ക സ​ഹോ​ദ​രി ബി​യാ​ട്രീ​സി​ന്‍റെ ക​ത്തു​ണ്ട്. അ​ടു​ത്തു​ത​ന്നെ ഒ​രു​ദി​വ​സം പു​തി​യ മ​ണ​വാ​ട്ടി​യെ കാ​ണാ​ൻ വ​രു​ന്നു​ണ്ടെ​ന്ന്. ക​ണ്ട​ത് അ​പ്പോ​ൾ​ത​ന്നെ നേ​രി​ട്ടു പ​റ​യും.''

ഇ​ന്നു വ​രു​മോ? എ​നി​ക്ക് ഉ​ൾ​ഭ​യ​മാ​യി. വ​രു​ന്പോ​ൾ വ​ര​ട്ടെ.

""ബെ​ല്ലും ബ്രേ​ക്കു​മി​ല്ലാ​തെ സം​സാ​രി​ക്കു​ന്ന കൂ​ട്ട​ത്തി​ലാ​ണ്. ക​ണ്ട​കാ​ര്യം മു​ഖം​നോ​ക്കാ​തെ പ​റ​യും.''
""അ​തെ​ങ്ങ​നെ? മു​ഖം​നോ​ക്കാ​ന​ല്ലേ വ​രു​ന്ന​ത്?'' നേ​രി​യ ചി​രി​യോ​ടെ ഞാ​ൻ പ​റ​ഞ്ഞു.
""ഹോ! ​മി​ടു​ക്കി! ത​മാ​ശ പ​റ​ഞ്ഞു​തു​ട​ങ്ങി​യോ? കൊ​ള്ളാം. ഈ ​ന​ർ​മം എ​നി​ക്കി​ഷ്ട​മാ​ണ്.''

ഒ​രു സി​ഗ​ര​റ്റ് ക​ത്തി​ച്ചു വ​ലി​ച്ചു​കൊ​ണ്ടു പ​റ​ഞ്ഞു: ""ഒ​രു​പാ​ട് ജോ​ലി ബാ​ക്കി​യു​ണ്ട്. നി​ന്നെ​യും​കൊ​ണ്ട് കൈ​കോ​ർ​ത്തു​പി​ടി​ച്ച് റോ​സ് ഗാ​ർ​ഡ​നി​ൽ ഒ​ന്നു ക​റ​ങ്ങ​ണ​മെ​ന്നു​ണ്ടാ​യി​രു​ന്നു. പ​ക്ഷേ എ​ന്‍റെ ഏ​ജ​ന്‍റ് ഫ്രാ​ങ്ക് അ​ല്പം​ക​ഴി​ഞ്ഞാ​ൽ വ​രും. സു​പ്ര​ധാ​ന​മാ​യ എ​ല്ലാ ബി​സി​ന​സ് കാ​ര്യ​ങ്ങ​ളും നോ​ക്കു​ന്ന​ത് അ​യാ​ളാ​ണ്. ഇ​ന്ന് ന​മ്മു​ടെ​കൂ​ടെ ല​ഞ്ചി​നു​ണ്ടാ​കും.''
ഇ​തും പ​റ​ഞ്ഞ് മാ​ക്സിം പോ​യി.

മ​റ്റൊ​ന്നും ചെ​യ്യാ​നി​ല്ലാ​ത്ത​തു​കൊ​ണ്ട് ഞാ​ൻ ഗോ​വ​ണി ക​യ​റി എ​ന്‍റെ ബെ​ഡ്റൂ​മി​ലേ​ക്കു പോ​യി. വാ​തി​ൽ തു​റ​ന്ന​പ്പോ​ൾ എ​ന്‍റെ പ​രി​ചാ​രി​ക ആ​ലീ​സ് അ​ട​ക്കം വീ​ട്ടു​ജോ​ലി​ക്കാ​ർ മു​റി വൃ​ത്തി​യാ​ക്കു​ക​യാ​ണ്. അ​ടി​ച്ചു​വാ​രു​ന്നു, നി​ലം​തു​ട​യ്ക്കു​ന്നു, പൊ​ടി​ത​ട്ടു​ന്നു... അ​വ​രെ ശ​ല്യ​പ്പെ​ടു​ത്താ​തെ ഞാ​ൻ താ​ഴേ​യ്ക്ക് ഇ​റ​ങ്ങു​ന്പോ​ഴേ​ക്കും ആ​ലീ​സ് ഓ​ടി​വ​ന്നു.

എ​ന്‍റെ സ്വ​ന്തം പ​രി​ചാ​രി​ക. ന​ല്ല പ്ര​കൃ​ത​മു​ള്ള വി​ശ്വ​സ്ത. മി​ടു​ക്കി​യാ​ണ്. നി​ന്‍റെ ജോ​ലി​ക​ൾ തു​ട​ർ​ന്നോ​ളൂ എ​ന്നു പ​റ​ഞ്ഞ് അ​വ​ളെ പ​റ​ഞ്ഞ​യ​ച്ചു. ആ ​നി​മി​ഷ​ത്തി​ൽ ഞാ​ൻ ഓ​ർ​ത്തു​പോ​യി- മി​സി​സ് വാ​ൻ​ഹോ​പ്പ​റി​ന്‍റെ പ​രി​ചാ​രി​ക​യാ​യി​രു​ന്നു ഞാ​ൻ. ആ ​എ​നി​ക്ക് ര​ണ്ടു മാ​സം ക​ഴി​ഞ്ഞ​പ്പോ​ഴേ​ക്കും സ്വ​ന്തം പ​രി​ചാ​രി​ക. വേ​റെ വേ​ല​ക്കാ​ർ ഇ​വി​ടെ​യു​ണ്ടെ​ങ്കി​ലും ഇ​വ​ൾ എ​നി​ക്കു​മാ​ത്ര​മാ​യി നി​യ​മി​ക്ക​പ്പെ​ട്ട​വ​ൾ. ഹോ! ​ദൈ​വ​ത്തി​ന്‍റെ ഓ​രോ വി​നോ​ദ​ങ്ങ​ൾ!

ഞാ​ൻ ചു​മ്മാ നി​ൽ​ക്കു​ന്ന​തു​ക​ണ്ട് ഫ്രി​ത്ത് വി​ന​യ​പൂ​ർ​വം അ​ടു​ക്ക​ലേ​ക്കു വ​ന്നു. ""മാ​ഡം ത​ൽ​ക്കാ​ലം മോ​ണിം​ഗ് റൂ​മി​ലേ​ക്കു പൊ​യ്ക്കോ​ളൂ. റെ​ബേ​ക്ക മാ​ഡം ഇ​രി​ക്കാ​റു​ള്ള മു​റി​യാ​ണ്. ന​ല്ല സൗ​ക​ര്യ​മാ​ണ്.'' മു​റി​യി​ലേ​ക്കു​ള്ള വ​ഴി പ​റ​ഞ്ഞു​ത​ന്നു. ഞാ​ൻ അ​ങ്ങോ​ട്ടു ക​ട​ന്നു. പ്ര​തീ​ക്ഷി​ച്ച​തി​നേ​ക്കാ​ൾ ഭം​ഗി​യേ​റി​യ, ക​മ​നീ​യ​മാ​യി അ​ല​ങ്ക​രി​ച്ച മു​റി. ന​ല്ല ഫ​ർ​ണി​ച്ച​ർ. ജ​നാ​ല​യി​ലൂ​ടെ പു​റ​ത്തേ​ക്കു നോ​ക്കി​യാ​ൽ അ​ങ്ങ​ക​ലെ ശാ​ന്ത​മാ​യ ക​ട​ലും മേ​ഘാ​വൃ​ത​മാ​യ ആ​കാ​ശ​വും കാ​ണാം.

ഫ്രി​ത്ത് ഈ ​മു​റി മു​ന്പ് എ​ന്നെ കാ​ണി​ക്കാ​ൻ മ​റ​ന്ന​താ​വും. ഇ​ത് തി​ക​ച്ചും ഒ​രു സ്ത്രീ​യു​ടെ മു​റി​ത​ന്നെ. പ​ണം വാ​രി​ക്കോ​രി ചെ​ല​വ​ഴി​ച്ച, ഇ​ഷ്ട​പ്പെ​ടു​ന്ന​തൊ​ക്കെ വാ​ങ്ങി സം​ഭ​രി​ച്ചി​രി​ക്കു​ന്ന ആ​ഢം​ബ​ര​സ​മൃ​ദ്ധ​മാ​യ ഒ​രു പ്രൈ​വ​റ്റ് മു​റി.

ഇ​തു​പോ​ലെ പ​ണം ധൂ​ർ​ത്ത​ടി​ച്ചു സ​ജ്ജ​മാ​ക്കി​യ ഒ​രു മു​റി ഈ ​വീ​ട്ടി​ൽ വേ​റെ ഞാ​ൻ ക​ണ്ടി​ല്ല. അ​വ​ർ മ​രി​ച്ചി​ട്ട് ഒ​രു വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും പു​തു​മ ന​ശി​ക്കാ​തെ ഇ​ത് നി​ല​നി​ർ​ത്തി​യി​രി​ക്കു​ന്നു. ഫ്ള​വ​ർ​വേ​സി​ൽ പു​തി​യ പൂ​ക്ക​ൾ! എ​ന്തി​ന്? എ​ന്തു​കൊ​ണ്ട്? അ​പ്പോ​ഴേ​ക്കും ജാ​സ്പ്പ​ർ മു​റി​യി​ലേ​ക്ക് ഓ​ടി​യെ​ത്തി എ​ന്നെ ചു​റ്റി​പ്പ​റ്റി വാ​ലാ​ട്ടി​നി​ന്നു. പ​ഴ​യ യ​ജ​മാ​ന​ത്തി​യു​ടെ ഓ​ർ​മ​വ​ച്ചാ​വും വ​ന്ന​ത്.

ന​ല്ലൊ​രു എ​ഴു​ത്തു​മേ​ശ. അ​തി​ന്മേ​ൽ സ്വ​ർ​ണ​നി​റ​മു​ള്ള മെ​ഴു​കു​തി​രി​ക്കാ​ലു​ക​ൾ. താ​ഴെ ചി​ത​റി​ക്കി​ട​ക്കു​ന്ന പു​സ്ത​ക​ങ്ങ​ൾ. മേ​ശ​യ്ക്ക​രി​കെ ഞാ​നി​രു​ന്നു. ക​ത്തു​ക​ൾ പ​ല​തും ഓ​രോ ക​ള്ളി​യി​ലും ത​രം​തി​രി​ച്ചു വ​ച്ചി​രി​ക്കു​ന്നു. മ​റു​പ​ടി എ​ഴു​തി​യ​ത്, മ​റു​പ​ടി വേ​ണ്ടാ​ത്ത​ത്, ഗാ​ർ​ഹി​കം, എ​സ്റ്റേ​റ്റ്.. അ​ങ്ങ​നെ​യ​ങ്ങ​നെ... ല​ണ്ട​നി​ലെ വ​സ്ത്ര​നി​ർ​മാ​താ​വി​ന് വെ​ള്ള സാ​റ്റി​ൻ​കൊ​ണ്ടു​ള്ള പു​തി​യ മോ​ഡ​ൽ ഉ​ടു​പ്പി​ന് ഓ​ർ​ഡ​ർ കൊ​ടു​ത്ത​തി​ന്‍റെ വി​വ​രം.

ആ​കാം​ക്ഷ​യി​ൽ മേ​ശ​യു​ടെ ഒ​രു വ​ലി​പ്പ് ഞാ​ൻ തു​റ​ന്നു. അ​തി​ൽ വ​ലി​യ ഡ​യ​റി​പോ​ലു​ള്ള ബു​ക്ക് ക​ണ്ടു. ഞാ​ന​ത് വെ​റു​തേ തു​റ​ന്നു​നോ​ക്കി. "മാ​ൻ​ഡെ​ർ​ലി​യി​ലെ അ​തി​ഥി​ക​ൾ' എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ പ​ല​തും വി​വ​രി​ച്ചി​രി​ക്കു​ന്നു. ആ​ഴ്ച​ക​ൾ, മാ​സ​ങ്ങ​ൾ, വ​ന്നു​പോ​യ അ​തി​ഥി​ക​ൾ, ഉ​പ​യോ​ഗി​ച്ച മു​റി​ക​ൾ, താ​മ​സി​ച്ച ദി​വ​സ​ങ്ങ​ൾ, ക​ഴി​ച്ച ഭ​ക്ഷ​ണ​വി​ഭ​വ​ങ്ങ​ൾ.. അ​ങ്ങ​നെ ഒ​ട്ടേ​റെ വി​വ​ര​ങ്ങ​ൾ. തു​ട​ർ​ന്ന് പേ​ജു​ക​ൾ മ​റി​ച്ചു​നോ​ക്കി​യ​പ്പോ​ൾ മൊ​ത്തം ഒ​രു വ​ർ​ഷ​ത്തെ പ​രി​പാ​ടി​ക​ളു​ടെ വി​വ​ര​ണം. പി​ന്നെ സ്വ​ഭാ​വ​ശു​ദ്ധി​യി​ൽ സം​ശ​യം ജ​നി​പ്പി​ക്കു​ന്ന ചി​ല പ്ര​ത്യേ​ക വി​വ​ര​ങ്ങ​ൾ.

സാ​മാ​ന്യ മ​ര്യാ​ദ​യു​ടെ പേ​രി​ൽ ഞാ​ൻ അ​വ​യൊ​ന്നും തു​ട​ർ​ന്നു വാ​യി​ച്ചി​ല്ല. പു​സ്ത​കം തി​രി​കെ മേ​ശ​യി​ൽ വ​ച്ചു.

ഈ ​സ​മ​യ​ത്ത് പെ​ട്ടെ​ന്ന് ഫോ​ണി​ന്‍റെ ബെ​ല്ല​ടി. സ​ത്യ​ത്തി​ൽ ഞാ​ൻ ഞെ​ട്ടി. ഭ​യ​ന്നു. ബെ​ല്ല​ടി തു​ട​ർ​ന്ന​പ്പോ​ൾ റി​സീ​വ​ർ ഞാ​നെ​ടു​ത്തു ചോ​ദി​ച്ചു: ""ആ​രാ​ണ്?... ആ​രെ​യാ​ണ് വേ​ണ്ട​ത്?''
മ​റു​പ​ടി​യാ​യി ഏ​താ​ണ്ടു പ​തി​ഞ്ഞ ശ​ബ്ദ​ത്തി​ൽ പ​രു​ഷ​മാ​യ സ്വ​ര​ത്തി​ലു​ള്ള ചോ​ദ്യം: ""മി​സി​സ് മാ​ക്സിം ഡി​വെ​ന്‍റ​ർ?''

ഞാ​ൻ പ​റ​ഞ്ഞു: ""നി​ങ്ങ​ൾ​ക്ക് ആ​ളെ തെ​റ്റി. അ​വ​ർ ക​ഴി​ഞ്ഞ​വ​ർ​ഷം മ​രി​ച്ചു​പോ​യി.''
ഉ​ട​നെ ഫോ​ണി​ലൂ​ടെ വ​ന്ന ശ​ബ്ദം: ""മാ​ഡം, ഇ​തു ഞാ​നാ​ണ്. മി​സി​സ് ഡാ​ൻ​വേ​ഴ്സ്. വീ​ട്ടു​ഫോ​ണി​ലൂ​ടെ​യാ​ണ് സം​സാ​രി​ക്കു​ന്ന​ത്.''

""ഓ, ​സോ​റി! വി​ളി എ​നി​ക്കാ​ണെ​ന്നു മ​ന​സി​ലാ​യി​ല്ല. എ​ന്തി​നാ വി​ളി​ച്ച​ത്?''
""ഇ​ന്ന​ത്തെ മെ​നു ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. മാ​ഡ​ത്തി​ന്‍റെ അം​ഗീ​കാ​രം വേ​ണം. അ​തൊ​ന്നു നോ​ക്കി​യാ​ൽ...''
""വേ​ണ്ട. ഞാ​ൻ അ​വ പൂ​ർ​ണ​മാ​യി അം​ഗീ​ക​രി​ക്കു​ന്നു. പോ​രേ? നി​ങ്ങ​ൾ അ​തേ​പ്പ​റ്റി ഒ​ട്ടും വേ​വ​ലാ​തി​പ്പെ​ടേ​ണ്ട.''

""അ​ത​ല്ല, വ​ന്നാ​ൽ സ​ന്തോ​ഷ​മാ​യി.''
""ശ​രി. ഞാ​നി​താ വ​രു​ന്നു.''
(തു​ട​രും)

Latest News

Up