ഡാഫ്നെ ദു മോറിയർ സ്വതന്ത്ര പരിഭാഷ സി.എൽ. ജോസ്
മാൻഡെർലിയിൽ എല്ലാ കാര്യങ്ങളും വളരെ ഭംഗിയിലും ചിട്ടയിലും നല്ല പ്ലാനിംഗിലുമാണ് നടക്കുന്നതെന്ന് ഞാൻ ഊഹിച്ചുപോലുമില്ല. ഞാൻ ഓർക്കുകയാണ്, ഒന്നാമത്തെ ദിവസം രാവിലെത്തന്നെ മാക്സിം എഴുന്നേറ്റ് പുതിയ ഡ്രെസ് ധരിച്ച് പലർക്കും കത്തുകൾ എഴുതുന്നു. എന്നെ വിളിച്ചുണർത്താതെ, ബ്രേക്ക്ഫാസ്റ്റിനു മുന്പുതന്നെ അങ്ങനെ പല ജോലികളും ചെയ്യുന്നു.
തുടർന്ന് ഒറ്റയ്ക്ക് ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്നു. ഞാനോ.. അന്ന് മുകളിൽനിന്ന് താഴേക്ക് ഇറങ്ങിവന്നപ്പോൾ സമയം ഒന്പതുമണി. ഉറക്കത്തിൽ പെട്ടുപോയി. എനിക്കു കുറ്റബോധവും ചമ്മലുമുണ്ടായി.
മാക്സിം എന്നെനോക്കി മന്ദഹസിച്ചു. എന്നിട്ടു പറഞ്ഞു: ""ഇവിടത്തെ രീതികളൊക്കെ ഇങ്ങനെയാണ്. ഇതെല്ലാം ശീലമാക്കണം.''
ഇതു പറഞ്ഞശേഷം കത്തുകളെഴുതുന്ന ജോലിയിലേക്കു തിരിഞ്ഞു.
പിന്നീട് ഞാൻ ഓർത്തു. അന്ന് ആദ്യമായി ഹോട്ടലിൽവച്ചു കണ്ടപ്പോഴത്തേക്കാൾ എത്രയോ വ്യത്യസ്തനാണ്. ഇവിടെ എന്തൊരു ജോലിത്തിരക്ക്. ചടുലമായി കാര്യങ്ങൾ നീക്കുന്നു. ദിനംപ്രതി സന്ദർശകരായി സുഹൃത്തുക്കൾ, ഉദ്യോഗസ്ഥർ, മാനേജർമാർ, ജോലിക്കാർ എന്നിവർ വരുന്നു. അവരുമായി സംസാരിക്കുന്നു, ബാങ്ക് ഇടപാടുകൾ നടത്തുന്നു, ബില്ലുകൾ പാസാക്കുന്നു, പുതിയവയ്ക്ക് ഓർഡർ കൊടുക്കുന്നു.. ഇതിനിടെ ഫോണ് കോളുകൾ വരുന്നു.
മാക്സിം എഴുന്നേറ്റു. എന്നിട്ടു പറഞ്ഞു: ""ഞാൻ ബ്രേക്ക്ഫാസ്റ്റ് കഴിച്ചതാണ്. എങ്കിലും വരൂ. നമുക്കൊരുമിച്ചിരിക്കാം.'' ബ്രേക്ക്ഫാസ്റ്റിന് നിരത്തിയിരിക്കുന്ന വിഭവങ്ങൾ കണ്ട് ഞാൻ അന്തംവിട്ടു. ബ്രഡ്, ബട്ടർ, ജാം, അപ്പം, മുട്ടക്കറി, മുട്ട പുഴുങ്ങിയത്, ഓംലെറ്റ്, അണ്ടിപ്പരിപ്പ്, പഴവർഗങ്ങൾ, ചായ, കാപ്പി തുടങ്ങിയ മേശനിറയെ വിവിധ ഇനങ്ങൾ. അല്പം മാത്രം ഞങ്ങൾ കഴിച്ചു. ബാക്കിയെല്ലാം ബാക്കിതന്നെ. വല്ലാത്ത ധാരാളിത്തം, പാഴ്ചെലവ്. ബാക്കിവന്നതെല്ലാം എന്തുചെയ്യും? അടുക്കള ചീഫ് ഡാൻവേഴ്സിനേ അതറിയൂ. ഞാൻ വൈകി ചെന്നതിലുള്ള അതൃപ്തി ആ മുഖത്തു തെളിഞ്ഞിരുന്നു. ഞങ്ങൾ എഴുന്നേറ്റു.
മാക്സിം പറഞ്ഞു: ""വന്ന കത്തുകളുടെ കൂട്ടത്തിൽ എന്റെ ഏക സഹോദരി ബിയാട്രീസിന്റെ കത്തുണ്ട്. അടുത്തുതന്നെ ഒരുദിവസം പുതിയ മണവാട്ടിയെ കാണാൻ വരുന്നുണ്ടെന്ന്. കണ്ടത് അപ്പോൾതന്നെ നേരിട്ടു പറയും.''
ഇന്നു വരുമോ? എനിക്ക് ഉൾഭയമായി. വരുന്പോൾ വരട്ടെ.
""ബെല്ലും ബ്രേക്കുമില്ലാതെ സംസാരിക്കുന്ന കൂട്ടത്തിലാണ്. കണ്ടകാര്യം മുഖംനോക്കാതെ പറയും.''
""അതെങ്ങനെ? മുഖംനോക്കാനല്ലേ വരുന്നത്?'' നേരിയ ചിരിയോടെ ഞാൻ പറഞ്ഞു.
""ഹോ! മിടുക്കി! തമാശ പറഞ്ഞുതുടങ്ങിയോ? കൊള്ളാം. ഈ നർമം എനിക്കിഷ്ടമാണ്.''
ഒരു സിഗരറ്റ് കത്തിച്ചു വലിച്ചുകൊണ്ടു പറഞ്ഞു: ""ഒരുപാട് ജോലി ബാക്കിയുണ്ട്. നിന്നെയുംകൊണ്ട് കൈകോർത്തുപിടിച്ച് റോസ് ഗാർഡനിൽ ഒന്നു കറങ്ങണമെന്നുണ്ടായിരുന്നു. പക്ഷേ എന്റെ ഏജന്റ് ഫ്രാങ്ക് അല്പംകഴിഞ്ഞാൽ വരും. സുപ്രധാനമായ എല്ലാ ബിസിനസ് കാര്യങ്ങളും നോക്കുന്നത് അയാളാണ്. ഇന്ന് നമ്മുടെകൂടെ ലഞ്ചിനുണ്ടാകും.''
ഇതും പറഞ്ഞ് മാക്സിം പോയി.
മറ്റൊന്നും ചെയ്യാനില്ലാത്തതുകൊണ്ട് ഞാൻ ഗോവണി കയറി എന്റെ ബെഡ്റൂമിലേക്കു പോയി. വാതിൽ തുറന്നപ്പോൾ എന്റെ പരിചാരിക ആലീസ് അടക്കം വീട്ടുജോലിക്കാർ മുറി വൃത്തിയാക്കുകയാണ്. അടിച്ചുവാരുന്നു, നിലംതുടയ്ക്കുന്നു, പൊടിതട്ടുന്നു... അവരെ ശല്യപ്പെടുത്താതെ ഞാൻ താഴേയ്ക്ക് ഇറങ്ങുന്പോഴേക്കും ആലീസ് ഓടിവന്നു.
എന്റെ സ്വന്തം പരിചാരിക. നല്ല പ്രകൃതമുള്ള വിശ്വസ്ത. മിടുക്കിയാണ്. നിന്റെ ജോലികൾ തുടർന്നോളൂ എന്നു പറഞ്ഞ് അവളെ പറഞ്ഞയച്ചു. ആ നിമിഷത്തിൽ ഞാൻ ഓർത്തുപോയി- മിസിസ് വാൻഹോപ്പറിന്റെ പരിചാരികയായിരുന്നു ഞാൻ. ആ എനിക്ക് രണ്ടു മാസം കഴിഞ്ഞപ്പോഴേക്കും സ്വന്തം പരിചാരിക. വേറെ വേലക്കാർ ഇവിടെയുണ്ടെങ്കിലും ഇവൾ എനിക്കുമാത്രമായി നിയമിക്കപ്പെട്ടവൾ. ഹോ! ദൈവത്തിന്റെ ഓരോ വിനോദങ്ങൾ!
ഞാൻ ചുമ്മാ നിൽക്കുന്നതുകണ്ട് ഫ്രിത്ത് വിനയപൂർവം അടുക്കലേക്കു വന്നു. ""മാഡം തൽക്കാലം മോണിംഗ് റൂമിലേക്കു പൊയ്ക്കോളൂ. റെബേക്ക മാഡം ഇരിക്കാറുള്ള മുറിയാണ്. നല്ല സൗകര്യമാണ്.'' മുറിയിലേക്കുള്ള വഴി പറഞ്ഞുതന്നു. ഞാൻ അങ്ങോട്ടു കടന്നു. പ്രതീക്ഷിച്ചതിനേക്കാൾ ഭംഗിയേറിയ, കമനീയമായി അലങ്കരിച്ച മുറി. നല്ല ഫർണിച്ചർ. ജനാലയിലൂടെ പുറത്തേക്കു നോക്കിയാൽ അങ്ങകലെ ശാന്തമായ കടലും മേഘാവൃതമായ ആകാശവും കാണാം.
ഫ്രിത്ത് ഈ മുറി മുന്പ് എന്നെ കാണിക്കാൻ മറന്നതാവും. ഇത് തികച്ചും ഒരു സ്ത്രീയുടെ മുറിതന്നെ. പണം വാരിക്കോരി ചെലവഴിച്ച, ഇഷ്ടപ്പെടുന്നതൊക്കെ വാങ്ങി സംഭരിച്ചിരിക്കുന്ന ആഢംബരസമൃദ്ധമായ ഒരു പ്രൈവറ്റ് മുറി.
ഇതുപോലെ പണം ധൂർത്തടിച്ചു സജ്ജമാക്കിയ ഒരു മുറി ഈ വീട്ടിൽ വേറെ ഞാൻ കണ്ടില്ല. അവർ മരിച്ചിട്ട് ഒരു വർഷം കഴിഞ്ഞിട്ടും പുതുമ നശിക്കാതെ ഇത് നിലനിർത്തിയിരിക്കുന്നു. ഫ്ളവർവേസിൽ പുതിയ പൂക്കൾ! എന്തിന്? എന്തുകൊണ്ട്? അപ്പോഴേക്കും ജാസ്പ്പർ മുറിയിലേക്ക് ഓടിയെത്തി എന്നെ ചുറ്റിപ്പറ്റി വാലാട്ടിനിന്നു. പഴയ യജമാനത്തിയുടെ ഓർമവച്ചാവും വന്നത്.
നല്ലൊരു എഴുത്തുമേശ. അതിന്മേൽ സ്വർണനിറമുള്ള മെഴുകുതിരിക്കാലുകൾ. താഴെ ചിതറിക്കിടക്കുന്ന പുസ്തകങ്ങൾ. മേശയ്ക്കരികെ ഞാനിരുന്നു. കത്തുകൾ പലതും ഓരോ കള്ളിയിലും തരംതിരിച്ചു വച്ചിരിക്കുന്നു. മറുപടി എഴുതിയത്, മറുപടി വേണ്ടാത്തത്, ഗാർഹികം, എസ്റ്റേറ്റ്.. അങ്ങനെയങ്ങനെ... ലണ്ടനിലെ വസ്ത്രനിർമാതാവിന് വെള്ള സാറ്റിൻകൊണ്ടുള്ള പുതിയ മോഡൽ ഉടുപ്പിന് ഓർഡർ കൊടുത്തതിന്റെ വിവരം.
ആകാംക്ഷയിൽ മേശയുടെ ഒരു വലിപ്പ് ഞാൻ തുറന്നു. അതിൽ വലിയ ഡയറിപോലുള്ള ബുക്ക് കണ്ടു. ഞാനത് വെറുതേ തുറന്നുനോക്കി. "മാൻഡെർലിയിലെ അതിഥികൾ' എന്ന ശീർഷകത്തിൽ പലതും വിവരിച്ചിരിക്കുന്നു. ആഴ്ചകൾ, മാസങ്ങൾ, വന്നുപോയ അതിഥികൾ, ഉപയോഗിച്ച മുറികൾ, താമസിച്ച ദിവസങ്ങൾ, കഴിച്ച ഭക്ഷണവിഭവങ്ങൾ.. അങ്ങനെ ഒട്ടേറെ വിവരങ്ങൾ. തുടർന്ന് പേജുകൾ മറിച്ചുനോക്കിയപ്പോൾ മൊത്തം ഒരു വർഷത്തെ പരിപാടികളുടെ വിവരണം. പിന്നെ സ്വഭാവശുദ്ധിയിൽ സംശയം ജനിപ്പിക്കുന്ന ചില പ്രത്യേക വിവരങ്ങൾ.
സാമാന്യ മര്യാദയുടെ പേരിൽ ഞാൻ അവയൊന്നും തുടർന്നു വായിച്ചില്ല. പുസ്തകം തിരികെ മേശയിൽ വച്ചു.
ഈ സമയത്ത് പെട്ടെന്ന് ഫോണിന്റെ ബെല്ലടി. സത്യത്തിൽ ഞാൻ ഞെട്ടി. ഭയന്നു. ബെല്ലടി തുടർന്നപ്പോൾ റിസീവർ ഞാനെടുത്തു ചോദിച്ചു: ""ആരാണ്?... ആരെയാണ് വേണ്ടത്?''
മറുപടിയായി ഏതാണ്ടു പതിഞ്ഞ ശബ്ദത്തിൽ പരുഷമായ സ്വരത്തിലുള്ള ചോദ്യം: ""മിസിസ് മാക്സിം ഡിവെന്റർ?''
ഞാൻ പറഞ്ഞു: ""നിങ്ങൾക്ക് ആളെ തെറ്റി. അവർ കഴിഞ്ഞവർഷം മരിച്ചുപോയി.''
ഉടനെ ഫോണിലൂടെ വന്ന ശബ്ദം: ""മാഡം, ഇതു ഞാനാണ്. മിസിസ് ഡാൻവേഴ്സ്. വീട്ടുഫോണിലൂടെയാണ് സംസാരിക്കുന്നത്.''
""ഓ, സോറി! വിളി എനിക്കാണെന്നു മനസിലായില്ല. എന്തിനാ വിളിച്ചത്?''
""ഇന്നത്തെ മെനു തയാറാക്കിയിട്ടുണ്ട്. മാഡത്തിന്റെ അംഗീകാരം വേണം. അതൊന്നു നോക്കിയാൽ...''
""വേണ്ട. ഞാൻ അവ പൂർണമായി അംഗീകരിക്കുന്നു. പോരേ? നിങ്ങൾ അതേപ്പറ്റി ഒട്ടും വേവലാതിപ്പെടേണ്ട.''
""അതല്ല, വന്നാൽ സന്തോഷമായി.''
""ശരി. ഞാനിതാ വരുന്നു.''
(തുടരും)
Tags : Rebecca Novel Daphne du Maurier Manderley