അറബിക്കടലിന്റെ ശാന്തതയിലേക്ക് നീളുന്ന ബോട്ടുയാത്ര അവസാനിക്കുമ്പോൾ പാറക്കെട്ടുകളിൽ കൊത്തിയെടുത്ത ഒരു പുരാതന ലോകമാണ് മുന്നിൽ അനാവരണം ചെയ്യപ്പെടുന്നത്. നഗരത്തിരക്കിൽനിന്ന് അല്പം മാറി, ചരിത്രത്തിന്റെ ആഴത്തിൽ മുങ്ങിയ ഒരു അത്ഭുതം- എലഫന്റാ ഗുഹകൾ.
മുംബൈ ഗേറ്റ്വേ ഓഫ് ഇന്ത്യയിൽനിന്ന് ഏകദേശം ഒരു മണിക്കൂർ ബോട്ടുയാത്രയ്ക്കപ്പുറമാണ് എലഫന്റാ ദ്വീപ്. പച്ചപ്പും പാറയും ചേർന്ന ദ്വീപിലെ ഗുഹാസമുച്ചയം ഇന്ത്യയുടെ ശില്പകലാ-ആത്മീയ പാരമ്പര്യത്തിന്റെ ഉദാഹരണമായി നിലകൊള്ളുന്നു.
ചരിത്രം
എഡി അഞ്ച്, ആറ് നൂറ്റാണ്ടുകൾക്കിടയിൽ നിർമിക്കപ്പെട്ടതെന്നു കരുതപ്പെടുന്ന ഈ ഗുഹകൾ ആരുടെ നിർമിതിയാണെന്ന് ഇപ്പോഴും അജ്ഞാതമാണ്. പ്രധാനമായും ശൈവസങ്കൽപ്പങ്ങളെ ആസ്പദമാക്കിയാണ് രൂപപ്പെട്ടിരിക്കുന്നത്. പൂർണമായും പാറയിൽനിന്ന് കൊത്തിയെടുത്ത ക്ഷേത്രസങ്കേതം, അന്നത്തെ ശില്പികളുടെ സാങ്കേതിക മികവിനും ദാർശനിക ആഴത്തിനും സാക്ഷ്യമാണ്.
ത്രിമൂർത്തി
ഗുഹകളിലെ ഏറ്റവും വിസ്മയിപ്പിക്കുന്ന ശില്പം ഏകദേശം 20 അടി ഉയരമുള്ള സദാശിവ ത്രിമൂർത്തിയാണ്. സൃഷ്ടി, സ്ഥിതി, സംഹാരം എന്നിങ്ങനെ ശിവന്റെ മൂന്നു ഭാവങ്ങൾ ശാന്തവും ഗൗരവവും നിറഞ്ഞ മുഖഭാവങ്ങളിലൂടെ ഇവിടെ ഒരേസമയം അവതരിക്കുന്നു.
പ്രകൃതിദത്ത വെളിച്ചവും നിഴലും ചേർന്ന് ശില്പത്തിന് നൽകുന്ന ജീവൻ, കാണികളെ വിസ്മയിപ്പിക്കും.
കഥപറയുന്ന ശില്പങ്ങൾ
ശില്പകലയും ആത്മീയതയും കൈകോർക്കുന്ന ഗുഹാസമുച്ചയത്തിലെ വിവിധ ശില്പങ്ങൾ ആരെയും അമ്പരപ്പിക്കും. അർധനാരീശ്വരൻ, നടരാജൻ, ഗംഗാധരൻ... എല്ലാം കഥപറയുന്ന ശില്പങ്ങൾ. മതവിശ്വാസം മാത്രമല്ല, മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധത്തിന്റെ കലാത്മക അവതരണവുമാണ് ഇവ.
യുനെസ്കോ അംഗീകാരം
1987ൽ യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയതോടെ എലഫന്റാ ഗുഹകൾക്ക് ആഗോള ശ്രദ്ധ ലഭിച്ചു. സംരക്ഷണ പ്രവർത്തനങ്ങൾ തുടരുന്നുണ്ടെങ്കിലും, കാലത്തിന്റെയും കാലാവസ്ഥയുടെയും ആഘാതം ശില്പങ്ങളിൽ കാണാം. പോർച്ചുഗീസുകാരാണ് ശില്പങ്ങൾ നശിപ്പിച്ചതെന്ന് സെക്യൂരിറ്റി ഗൈഡുകൾ വിശദമാക്കുന്നുണ്ടെങ്കിലും ചരിത്രപരമായി അതിന് സാധുതയില്ല.
ചരിത്രം അനുഭവിക്കാം
ഗുഹയ്ക്കുള്ളിലേക്ക് കാൽവയ്ക്കുന്ന നിമിഷംമുതൽ പാറയ്ക്കുള്ളിലെ തണുപ്പും ശാന്തതയും മനസിനെ മറ്റൊരു കാലത്തേക്ക് കൊണ്ടുപോകും. കാമറക്കണ്ണിലൂടെ മാത്രമല്ല, ഹൃദയത്തിലൂടെയാണ് ഈ ഇടം കാണേണ്ടത്. ചരിത്രം ഇവിടെ വായിക്കാനല്ല അനുഭവിക്കാനാണ് നമ്മെ പ്രേരിപ്പിക്കുക. ഗുഹകൾ കാണുന്നതിനൊപ്പം, ദ്വീപിന്റെ പ്രകൃതിസൗന്ദര്യവും ആസ്വദിക്കാം. ഇതൊരു യാത്രയല്ല, ഒരു ചരിത്രസന്ദർശനംതന്നെ.