സംഘര്‍ഷ കലുഷിതമായ സ്വന്തം നാട്ടില്‍നിന്ന് അറുപതോളം വിദ്യാര്‍ഥികള്‍ മൂന്നുവര്‍ഷം മുന്‍പ് തിരുവനന്തപുരത്തേക്കു ട്രെയിന്‍ കയറിയത് ചെറുതല്ലാത്ത ആശങ്കയോടെയായിരുന്നു.
മണിപ്പുരില്‍ കുക്കി-മെയ്ത്തി-നാഗാ സംഘര്‍ഷത്തിന് ഇപ്പോഴും അയവു വന്നിട്ടില്ല. എന്നാല്‍ കുറ്റിച്ചല്‍ ലൂര്‍ദ് മാതാ കോളജില്‍ ഡിഗ്രി പഠനത്തിനെത്തിയ മണിപ്പുരി വിദ്യാര്‍ഥികള്‍ മൂന്നു വര്‍ഷങ്ങള്‍ക്കിപ്പുറം മടങ്ങാനൊരുങ്ങുന്നത് ചങ്ങനാശേരി അതിരൂപതയും കോളജും കൂട്ടുകാരുമെല്ലാം നല്കിയ ആത്മവിശ്വാസം കൈമുതലാക്കിയാണ്.
ഭീതിജനകമായ അന്തരീക്ഷം
പേടിപ്പെടുത്തുന്ന അന്തരീക്ഷത്തില്‍നിന്നാണ് തങ്ങള്‍ ലൂര്‍ദ് മാതാ കോളജിന്റെ സ്നേഹത്തണലിലേക്ക് എത്തിയതെന്നു ബികോം വിദ്യാര്‍ഥിനിയായ മേരി പറയുന്നു. ആദ്യമായാണ് കേരളത്തിലേക്കു വരുന്നത്. മണിപ്പുരിലെ ചുരാചന്ദ്പുര്‍ ജില്ലയിലെ താമസക്കാരാണ് കുടുംബം. പത്താം ക്ലാസും പ്ലസ്ടുവുമെല്ലാം നല്ല മാര്‍ക്കോടെ പാസായി.
പ്ലസ്ടുവിനുശേഷം ഞങ്ങളുടെ അടുത്തുതന്നെയുള്ള ഒരു കോളജില്‍ പഠിക്കണമെന്ന ആഗ്രഹത്തിലായിരുന്നു. അപ്പോഴാണ് മണിപ്പുരില്‍ സംഘര്‍ഷം രൂക്ഷമായത്. 2023 മേയ് ആയപ്പോഴേക്കും പ്രശ്നങ്ങള്‍ കടുത്തു. അതോടെ ഉപരിപഠനം എന്ന സ്വപ്നം മങ്ങി. സ്കൂളുകളുടെയും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും നിലച്ചിരുന്നു.
ദിവസം ചെല്ലുംതോറും പ്രശ്നങ്ങള്‍ കൂടുതല്‍ വഷളായിക്കൊണ്ടിരുന്നു. ട്രൈബല്‍ വില്ലേജുകള്‍ കത്തിച്ചതായിരുന്നു പ്രശ്നങ്ങള്‍ ഏറെ വഷളാക്കിയത്. രാത്രി വീടുകളില്‍നിന്ന് ഇറങ്ങി ഓടിരക്ഷപ്പെടുന്ന കാഴ്ച പറഞ്ഞറിയിക്കാനാകില്ല.
അച്ഛനും അമ്മയും അഞ്ചു കുട്ടികളും അടങ്ങുന്നതാണ് തങ്ങളുടെ കുടുംബം. ഇതില്‍ ഏറ്റവും ഇളയയാളാണ് ഞാന്‍. എന്നില്‍ എല്ലാവര്ക്കും വലിയ പ്രതീക്ഷയുണ്ടായിരുന്നു. പഠനം നിലച്ചുപോകുമെന്ന സാഹചര്യത്തിലാണ് ലൂര്‍ദ് മാതാ കോളജ് സഹായഹസ്തവുമായി ഞങ്ങള്‍ക്കു മുന്നിലെത്തിയത്.
കൃഷിയാണ് ഞങ്ങളുടെ കുടുംബത്തിന്റെ പ്രധാന വരുമാനം. കൃഷിയിലൂടെ കുടുംബം ജീവിതം കരുപ്പിടുപ്പിച്ചുവരുന്ന സാഹചര്യത്തിലാണ് മണിപ്പുരില്‍ വലിയ സംഘര്‍ഷം പൊട്ടിപ്പുറപ്പെടുന്നതും ഒട്ടും സുരക്ഷിതമല്ലാത്ത ഇടമായി ഞങ്ങളുടെ നാട് മാറിയതും.
ഞങ്ങളുടെ ജില്ലയില്‍ രണ്ടു സര്‍ക്കാര്‍ കോളജുകളും ഒരു സ്വകാര്യ കോളജുമുണ്ട്. ഇതില്‍ ഒരു സര്‍ക്കാര്‍ കോളജില്‍ ഉപരിപഠനത്തിനായി പ്രവേശനം ലഭിച്ചിരുന്നു. എന്നാല്‍ ക്ലാസുകളുടെ കാര്യത്തില്‍ അനിശ്ചിതാവസ്ഥ തുടര്‍ന്നു. ക്ലാസുകള്‍ തുടങ്ങാനുള്ള സമയമായിട്ടും സ്കൂളുകളും കോളജുകളും അടഞ്ഞുതന്നെ കിടന്നു.
മണിപ്പുരില്‍ മെയ്ത്തി, കുക്കി, സോമി, നാഗ വിഭാഗക്കാർ സംഘർഷത്തിന്റെ പാതയിലായിരുന്നെങ്കിൽ ഇവിടെ ഈ നാലു വിഭാഗക്കാരും ഒരു കുടുംബത്തിലെ അംഗങ്ങളേപ്പോലെ കഴിയുന്നുവെന്നതാണ് പ്രത്യേകത.
മണിപ്പുരിലെ പള്ളി വഴിയാണ് ഞങ്ങള്‍ തിരുവനന്തപുരത്തുള്ള ലൂര്‍ദ് മാതാ കോളജിനെക്കുറിച്ച് അറിഞ്ഞത്. അങ്ങനെയാണ് ഇവിടെ പഠിക്കുന്നതിനായി അപേക്ഷ അയച്ചത്. ഇവിടെ പ്രവേശനം ലഭിക്കുമെന്ന് യാതൊരു പ്രതീക്ഷയുമില്ലായിരുന്നു. എന്നാല്‍ ഇവിടെ പഠിക്കാന്‍ അവസരം ലഭിച്ചുവെന്ന വാര്‍ത്ത കുടുംബാംഗങ്ങള്‍ക്ക് വലിയ സന്തോഷംനല്കി.
ഇവിടേക്കു വരാനും പ്രയാസങ്ങളുണ്ടായിരുന്നു. ആദ്യമായാണ് ഞങ്ങള്‍ മണിപ്പുര്വിട്ട് പുറത്തേക്കു പോകുന്നത്. വീട്ടുകാര്‍ക്ക് ഏറെ ആശങ്കകള്‍ ഉണ്ടായിരുന്നു. ഒടുവില്‍ 2023 ജൂലൈയില്‍ തിരുവനന്തപുരത്തേക്ക് ട്രെയിന്‍കയറി.
കോളജിലെത്തിയശേഷം ഞങ്ങള്‍ക്ക് ഒരു കുറവും ഉണ്ടായില്ല. കോളജ് മാനേജ്മെന്റ് ഞങ്ങളെ ഇരുകൈയുംനീട്ടി സ്വീകരിച്ചു, സഹപാഠികളും. ഭക്ഷണവും താമസവും പഠനവുമെല്ലാം സൗജന്യം. ഇത്തരത്തില്‍ ഒരു സാഹചര്യം തങ്ങള്‍ക്ക് സ്വപ്നം കാണാവുന്നതിനേക്കാള്‍ വലുതായിരുന്നുവെന്നും മേരി പറയുന്നു.
ചെറിയ തുടക്കം
2023ല്‍ മണിപ്പുര്‍ കലാപം അതിന്റെ മുര്ധന്യാവസ്ഥയിലെത്തിയ സമയത്ത് അവിടെയുള്ള ഏതാനും വൈദികരും പാസ്റ്റര്‍മാരുമാണ് കുറച്ചു വിദ്യാര്‍ഥികളെ ലൂര്‍ദ് മാതാ കോളജില്‍ പഠിപ്പിക്കാന്‍ സാധിക്കുമോ എന്നു ചോദിച്ചതെന്നു കോളജ് ഡയറക്ടര്‍ റവ.ഡോ. ബിജോയ് അറയ്ക്കല്‍ പറഞ്ഞു.
പഠനം മുടങ്ങുന്ന സാഹചര്യമുള്ള 10 കുട്ടികളെ പഠിപ്പിക്കാനാണ് ആദ്യം തീരുമാനിച്ചത്. അന്ന് ചങ്ങനാശേരി അതിരൂപത സഹായമെത്രാനും ഇപ്പോള്‍ ആര്‍ച്ച്ബിഷപ്പുമായ മാര്‍ തോമസ് തറയിലിന്റെ പ്രത്യേക താല്പര്യത്തിലാണ് പ്രശ്നബാധിതരായ 60 വിദ്യാര്‍ഥികളെ പഠിപ്പിക്കാമെന്നു തീരുമാനിച്ചത്.
ബികോം, ബിസിഎ, ബിഎ കോഴ്സുകള്‍ക്കാണ് അഡ്മിഷന് നല്‍കിയത്. വളരെ സന്തോഷത്തോടെയാണ് വിദ്യാര്‍ഥികള്‍ ഇവിടെ പഠിക്കാനായി എത്തിയത്. പുതിയ കോളജും സഹപാഠികളും നാടുമെല്ലാമായി വളരെവേഗം അവര്‍ ഇഴുകിച്ചേര്‍ന്നു.
കേരളത്തിലെ ഭക്ഷണവും അവർക്ക് ഇഷ്ടമായി. മലയാളികള്‍ക്കൊപ്പം അവര്‍ സന്തോഷത്തോടെ മുന്നോട്ടുപോയി. പഠനകാര്യത്തില്‍ അവര്‍ വളരെ കര്ക്കശക്കാരായിരുന്നുവെന്നും ഫാ. ബിജോയ് പറയുന്നു. പഠനത്തോട് എന്നും അവര്‍ ആത്മാര്‍ഥത പുലര്‍ത്തി. യൂണിവേഴ്സിറ്റി റാങ്ക് പ്രതീക്ഷയുള്ള കുട്ടികള്‍വരെ ഇക്കൂട്ടത്തിലുണ്ടെന്നും ഫാ. ബിജോയ് പറഞ്ഞു.
പഠിക്കാനെത്തിയ മണിപ്പുരി വിദ്യാര്‍ഥികളില്‍ 60 ശതമാനത്തോളം പേര്‍ക്ക് പ്ലേസ്മെന്റ് നല്‍കാനായി എന്നതാണ് ഏറ്റവും ചാരിതാര്‍ഥ്യം നല്കുന്ന കാര്യം. ടിസിഎസ്, അലയന്‍സ്, എച്ച്ഡിഎഫ്സി തുടങ്ങിയ കമ്പനികളിലാണ് ഇവര്‍ക്ക് ജോലി ലഭിച്ചിരിക്കുന്നത്. ഹോട്ടല്‍ മാനേജ്മെന്റ് വിദ്യാര്‍ഥിയായ ഒരാള്‍ക്ക് സ്പൈസ് ജെറ്റില്‍ ജോലി ലഭിച്ചിരുന്നു. കുറച്ചു കുട്ടികള്‍ ഉപരിപഠനത്തിനു പോകാന്‍ താല്പര്യമുള്ളവരാണ്.
കേരളത്തില്‍ മൂന്നു വര്‍ഷത്തോളം താമസിച്ചതുകൊണ്ടാകാം ഇപ്പോള്‍ ഇവിടത്തെ ഭക്ഷണങ്ങള്‍ ഇവര്‍ക്ക് വലിയ ഇഷ്ടമാണ്. അതേസമയം മണിപ്പുരിലെ ഉത്സവവേളകളില്‍ വിദ്യാര്‍ഥികള്‍ ആവശ്യപ്പെടാതെതന്നെ അവര്‍ക്കു പരമ്പരാഗത മണിപ്പുരി ഭക്ഷ്യവിഭവങ്ങള്‍ ഉണ്ടാക്കി നല്‍കാറുമുണ്ട്. അവരുടെ ഭക്ഷണം മലയാളി വിദ്യാര്‍ഥികളുമായി പങ്കുവയ്ക്കുന്നതിനെല്ലാം അവര്‍ക്കു വലിയ സന്തോഷമാണ്.
ആദ്യം കൗണ്‍സലിംഗ്
മനസിനേറ്റ വലിയ മുറിവുമായാണ് മണിപ്പുരില്‍ നിന്നു വിദ്യാര്‍ഥികള്‍ കേരളത്തിലേക്കു ട്രെയിന്‍ കയറിയത്. പഠനം മുടങ്ങുമോ എന്ന ചിന്തയും ജീവിത്തെക്കുറിച്ചുള്ള ആശങ്കകളും കുടുംബത്തിന്റെ അവസ്ഥകളുമെല്ലാം നിറഞ്ഞ വലിയ പ്രതിസന്ധിയിലായിരുന്നു അവര്‍ മാസങ്ങളോളം കഴിഞ്ഞത്.
അതുകൊണ്ടുതന്നെ കോളജിലെത്തിയ കുട്ടികള്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയാണ് ആദ്യം ചെയ്തത്. സ്കില്‍ ട്രെയിനിംഗ്, കംപ്യൂട്ടര്‍ പരിശീലനം, പേഴ്സണാലിറ്റി ഡെവലപ്മെന്റ് തുടങ്ങിയവയെല്ലാം ആദ്യഘട്ടത്തില്‍ ഇവര്‍ക്കു നല്‍കിയിരുന്നു.
മലയാളം പഠിക്കും, മണിപ്പുരി സംഗീതം പഠിപ്പിക്കും
മണിപ്പുരി വിദ്യാര്‍ഥികള്‍ക്കു മലയാളം പഠിക്കുന്നതിനു വലിയ താല്പര്യമാണ്. വാക്കുകളും അര്ഥങ്ങളുമെല്ലാം അവര്‍ കൂട്ടുകാരോടു ചോദിച്ചു മനസിലാക്കും. പകരമായി മലയാളി കുട്ടികള്‍ക്ക് മണിപ്പുരി സംഗീതം പഠിപ്പിച്ചു കൊടുക്കും. യൂണിവേഴ്സിറ്റി തലത്തില്‍ വിവിധ മത്സരങ്ങളില്‍ സമ്മാനങ്ങള്‍ നേടിയിട്ടുള്ള ഇവര്‍ക്ക് ആഘോഷവേളകളില്‍ പരമ്പരാഗത മണിപ്പുരി സംഗീതം അവതരിപ്പിക്കുന്നതിനും ആവേശമാണ്.
ഒരിക്കല്‍ ഇവര്‍ ലൂര്‍ദ് മാതാ കോളജിലെ വിദ്യാര്‍ഥികള്‍ക്കായി എക്സിബിഷന് ഒരുക്കി. മണിപ്പുരി വസ്ത്രധാരണ രീതി, ഭക്ഷണ വൈവിധ്യങ്ങള്‍ തുടങ്ങിയവയെല്ലാം മലയാളികളായ വിദ്യാര്‍ഥികള്‍ക്കു മനസിലാക്കുന്നതിനുള്ള പരിപാടിയായിരുന്നു അത്.
മലയാളി വിദ്യാര്‍ഥികൾക്ക് അതൊരു കള്‍ച്ചറല്‍ എക്സ്ചേഞ്ചായിരുന്നു. മണിപ്പുരി കൂട്ടുകാരുടെ നല്ല ശീലങ്ങള്‍ മലയാളി വിദ്യാര്‍ഥികള്‍ പാഠമാക്കിയിട്ടുമുണ്ട്. പ്രത്യേകിച്ച് കായിക വിനോദങ്ങളുടെ കാര്യത്തിൽ.
മാതാപിതാക്കളുമായി നല്ല ബന്ധം
പഠനത്തിനെത്തിയതുമുതല് മണിപ്പുരി വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ കോളജ് അധികൃതരുമായി മികച്ച ബന്ധമാണ് കാത്തുസൂക്ഷിക്കുന്നത്. ലൂര്‍ദ് മാതായോടും ചങ്ങനാശേരി അതിരൂപതയോടും അവര്‍ നല്ല അടുപ്പവും സ്നേഹവും കാത്തുസൂക്ഷിക്കുന്നു.
വലിയ പ്രതിസന്ധിയില്‍ സഹായിച്ച ചങ്ങനാശേരി അതിരൂപതയോടും കോളജ് അധികൃതരോടും അവര്‍ നന്ദിപറയുകയാണ്. മണിപ്പുരി വിദ്യാര്‍ഥികള്‍ പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മുന്നിലാണെന്ന് അധ്യാപകര്‍ പറയുന്നു.
സഹായപ്രവാഹം
ചങ്ങനാശേരി അതിരൂപതയിലെ വിവിധ ഇടവകകളില്‍നിന്നാണ് ഇവര്‍ക്കു പഠനം മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള സഹായങ്ങള്‍ ലഭിക്കുന്നത്. വിദ്യാര്‍ഥികളുടെ ഭക്ഷണം, താമസം, ഫീസ്, മറ്റു ചെലവുകള്‍ എല്ലാം സൗജന്യമാണ്. കോളജ് അധികൃതരുടെ സഹായങ്ങളും മലയാളികളുടെ ആതിഥ്യ മര്യാദയും സ്നേഹവുമെല്ലാം ഇവര്‍ വളരെ സന്തോഷത്തോടെയാണ് സ്വീകരിക്കുന്നത്.
"മോസ്റ്റ് ലവബില് പീപ്പിള്‍' എന്നാണ് മണിപ്പുരി വിദ്യാര്‍ഥികള്‍ കോളജിലെ സഹപാഠികളായ വിദ്യാര്‍ഥികളെക്കുറിച്ചു പറയുന്നത്.
അതിജീവന കഥയുമായി ബെറ്റി
മണിപ്പുരില്‍ സംഘര്‍ഷം രൂക്ഷമായ സമയത്താണ് തന്റെ പിതാവിന് പക്ഷാഘാതം വന്നതെന്നു കോമേഴ്സ് വിദ്യാർഥിനിയായ ബെറ്റി പറയുന്നു. പിതാവിന്റെ അസുഖവും നാട്ടിലെ കലാപവുമെല്ലാം വലിയ ആഘാതമാണ് ഞങ്ങളുടെ കുടുംബത്തിനുണ്ടാക്കിയത്.
പഠനം അവസാനിപ്പിക്കുകയും എന്തെങ്കിലും ജോലി കണ്ടെത്തുകയും ചെയ്യേണ്ട അവസ്ഥയിലായിരുന്നു. അത്തരം ചിന്തകളിലേക്കു പോകുന്നതിനിടെയാണ് ലൂര്‍ദ് മാതാ കെയര്‍ സഹായഹസ്തവുമായെത്തിയത്. തന്റെ ജീവിതത്തിലേ ഏറ്റവും സന്തോഷകരമായ ഒരു മുഹൂര്‍ത്തമായിരുന്നു അതെന്നു ബെറ്റി ഓര്‍മിക്കുന്നു.
ഇവിടെയെത്തിയപ്പോള്‍ മറ്റു കുട്ടികളുമായി ഏങ്ങനെ ഇടപഴകുമെന്ന കാര്യത്തില്‍ ആശങ്കയുണ്ടായിരുന്നു. എന്നാല്‍ മലായളികളായ കൂട്ടുകാര്‍ ഞങ്ങള്‍ക്ക് സ്നേഹവും പഠിക്കാന്‍ പ്രോത്സാഹനവും നല്കി. ഒരിക്കലും മറക്കാനാകാത്ത ഓര്‍മകളാണ് ലൂര്‍ദ് മാതാ കോളജ് ഞങ്ങള്‍ക്കു സമ്മാനിക്കുന്നത്.
ലൂര്‍ദ് മാതാ കോളജ്
ചങ്ങനാശേരി അതിരൂപതയ്ക്കു കീഴില്‍ കഴിഞ്ഞ കാല്‍നൂറ്റാണ്ടോളമായി പ്രവര്‍ത്തിച്ചുവരുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് കുറ്റിച്ചല്‍ ലൂര്‍ദ് മാതാ കോളജ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി. ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ രക്ഷാധികാരിയായ ഈ സ്ഥാപനത്തിന്റെ പ്രസിഡന്റും മാനേജരും ചങ്ങനാശേരി അതിരൂപത വികാരി ജനറാളും ലൂര്‍ദ് ഫൊറോന വികാരിയുമായ മോണ്‍.ഡോ. ജോണ്‍ വര്‍ഗീസ് തെക്കേക്കരയാണ്.
റവ.ഡോ. ബിജോയ് അറയ്ക്കല്‍ ഡയറക്ടറായും അഡ്വ.ഫാ. ജോണ്‍ വടക്കേക്കളം ബര്‍സാറായും പ്രവര്‍ത്തിക്കുന്നു. ഫാ.സെബാസ്റ്റ്യന്‍ ചാലയ്ക്കലാണ് ഹോസ്റ്റല്‍ വാര്ഡന്.
ഡോ. ബഷിബ വിത്സന് എന്‍ജിനീയറിംഗ് കോളജ് പ്രിന്‍സിപ്പലായും ഡോ.സെബി പി. മാത്യൂസ് ഹോട്ടല്‍ മാനേജ്മെന്റ് കോളജ് പ്രിന്‍സിപ്പലായും ഡോ.അനു ബാലകൃഷ്ണന് ആര്‍ട്സ് കോളജ് പ്രിന്‍സിപ്പലായും പ്രവര്‍ത്തിക്കുന്നു.
മണിപ്പുരിനു പുറമേ ജമ്മു കാഷ്മീര്‍ ഉള്‍പ്പെടെ രാജ്യത്തെ എട്ടു സംസ്ഥാനങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ ഇന്ന് ലൂര്‍ദ് മാതാ കോളജില്‍ പഠിക്കുന്നുണ്ട്. കോളജിലെ അച്ചടക്കവും കുട്ടികളുടെ പഠനമികവും പ്ലേസ്മെന്റുമെല്ലാം ഇതിനു കാരണങ്ങളാണ്.
പഠന മികവു പുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍ക്കായി വിവിധ തരത്തിലുള്ള സ്കോളര്‍ഷിപ്പുകളാണ് ചങ്ങനാശേരി അതിരൂപത നല്‍കിവരുന്നത്. കേരളത്തിലെ ആദ്യത്തെ കാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് വരുന്നത് ഈ കോളജിലാണെന്നതും ഏറെ അഭിമാനകരം.