"നീതിക്കുവേണ്ടി കരഞ്ഞുഴന്നീടവേ
ഗീത ചൊല്ലിക്കേട്ടൊരര്ജുനനല്ല ഞാന്‍
വീണ്ടുമീ മണ്ണില്‍ ജനിച്ചു വളര്‍ന്നൊരു
വേദനകെട്ടിയ കൊച്ചുകൂടാണു ഞാന്‍''
മഹാകവി അയ്യപ്പപ്പണിക്കരുടെ കുരുക്ഷേത്രം എന്ന കവിതയിലെ വരികള്‍ നമ്മുടെ മനസില്‍ മിക്കപ്പോഴും തിളച്ചുമറിയാറുണ്ട്. എന്നാല്‍ നീതിയുടെ പക്ഷത്തുനിന്നു പോരാടാനുള്ള ആത്മീയജ്വാല എത്രപേര്‍ക്കുണ്ട്?.
പുറമ്പോക്കുകളിലേക്കു വലിച്ചെറിയപ്പെടുകയും ഉണ്ണാനും ഉടുക്കാനും കിടക്കാനും ചികിത്സിക്കാനും വകയില്ലാതെ കണ്ണീര്‍ക്കയത്തില്‍ മുങ്ങിത്താഴുകയും ചെയ്യുന്ന ഹതഭാഗ്യരെ കാണുമ്പോള്‍ നിസംഗതയോടെയും നിര്‍വികാരതയോടെയും മുഖംതിരിച്ചു കടന്നുപോകാനല്ലേ നമ്മുടെ പ്രവണത?.
നവമുതലാളിത്തം നമ്മുടെമേല്‍ അടിച്ചേല്പിച്ച കമ്പോളവത്കരണത്തിന്റെ ഭോഗപരതയില്‍ ആറാടുമ്പോള്‍ പാവപ്പെട്ടവരുടെയും ചൂഷിതരുടെയും രോദനം കേള്‍ക്കാന്‍ നമുക്കാവുന്നില്ല. ഇവിടെ നീതിയുടെയും ധര്‍മത്തിന്റെയും തിരിനാളം തെളിയിക്കാന്‍ ആരുണ്ട്?
ബിസി എട്ടാം നൂറ്റാണ്ടിന്റെ ഒന്നാം പകുതിയില്‍ ഇസ്രയേല്‍ ദേശത്തെ ബഥേലില്‍ വരേണ്യവര്‍ഗത്തിന്റെ അഴിമതിക്കും അധാര്‍മികതയ്ക്കുമെതിരേ സിംഹഗര്‍ജനം മുഴക്കി കടന്നുവന്ന തെക്കോവാക്കാരന് ആട്ടിടയനായ ആമോസ് ഒരു പ്രകാശഗോപുരംപോലെ നമ്മുടെ മുന്നില്‍ ഉയര്ന്നുനില്ക്കുന്നു. ആമോസിന്റെ പ്രവചനങ്ങള്‍ ഇന്നത്തെ സമൂഹത്തില്‍ സാമൂഹികനീതിയുടെ പടവാളായിത്തീരാന് നമ്മെ പ്രാപ്തരാക്കും.
കാലഘട്ടം
ജറോബോവാം രണ്ടാമന് രാജാവ് ഇസ്രയേല്‍ ഭരിക്കുന്ന കാലഘട്ടം (ബിസി 783- 743) കാര്‍ഷിക-വ്യവസായ രംഗങ്ങളില്‍ പുരോഗതിയുണ്ടായി. അന്തര്‍ദേശീയ വ്യാപാരത്തിലൂടെ സമ്പത്ത് കുന്നുകൂടി. പക്ഷേ ഈ ഭൗതികാഭിവൃദ്ധി സമൂഹത്തിലെ ധനികരെ മാത്രമേ സഹായിച്ചുള്ളൂ. ധനികരും ദരിദ്രരും തമ്മിലുള്ള വിടവു വര്‍ധിച്ചു. ധനികര്‍ ദരിദ്രരെ ചൂഷണംചെയ്ത് പീഡിപ്പിച്ചു.
ഈ കഷ്ടസ്ഥിതിയിലാണ് നീതി-ധര്‍മങ്ങളുടെ തമ്പുരാനായ യാഹ്വേയായ ദൈവം അപ്രതിരോധ്യമായ ആത്മീയ-ധാര്‍മിക ശക്തി സമൂഹത്തിലേക്കു തുറന്നുവിട്ടത്. അധര്‍മത്തിന്റെ ഭോഗലാലസതയില്‍ അമര്‍ന്നുകിടന്ന മേലാളവര്‍ഗത്തിന് അവിടന്ന് ഒരു "ഷോക്ക് ട്രീറ്റ്മെന്റ്' നല്കി. ആമോസിനെപ്പോലെയുള്ള പരുക്കന്‍ സ്വഭാവക്കാരായ വ്യക്തികളെയാണ് ഈ ധര്‍മസമരത്തിന് നടുനായകത്വം വഹിക്കാന്‍ ദൈവം നിയോഗിച്ചത്.
പേരിന്റെ അര്‍ഥം
ആമോസ് യൂദാരാജ്യത്തെ തെക്കോവായിലാണ് ജനിച്ചത്. ആടുമേയ്ക്കലും കന്നുകാലി വളര്‍ത്തലും കൃഷിയുമായിരുന്നു അയാളുടെ തൊഴില്‍. തന്റെ ജോലിക്കിടയില്‍ സാധാരണജനങ്ങളുടെ ദൈന്യാവസ്ഥ കാണാനും അതില്‍ പങ്കാളിയാവാനും ആമോസിനു കഴിഞ്ഞു.
ആമോസ് എന്ന പേരിന്റെ അര്‍ഥം "ഭാരം വഹിക്കുന്നവന്' എന്നാണ്. പാവപ്പെട്ടവന് പീഡിപ്പിക്കപ്പെട്ടതുമൂലം യാഹ്വേയായ ദൈവത്തിന്റെ ഹൃദയത്തിനേറ്റ മുറിവിന്റെ ഭാരവും, പാവപ്പെട്ടവരുമായി താദാത്മ്യപ്പട്ടതിലൂടെ അവര്‍ അനുഭവിക്കുന്ന കഷ്ടപ്പാടിന്റെ ഭാരവും ഹൃദയത്തില്‍ പേറിയ പ്രവാചകനായിരുന്നു ആമോസ്.
ഒരേസമയം ദൈവത്തിന്റെ വേദനയും ദരിദ്രജനതയുടെ വേദനയും ഉള്ത്തടത്തില് പേറിയ കരുണാമയനായ വിപ്ലവകാരി. തെക്കന്നാട്ടുകാരനായിരുന്നെങ്കിലും വടക്കന്‍ ഇസ്രയേലില്‍ പോയി പ്രവാചക ശുശ്രൂഷ നിര്‍വഹിക്കാനാണ് അയാള്‍ നിയോഗിക്കപ്പെട്ടത്.
അന്തര്‍ദേശീയ നീതി
ആമോസിന്റെ പുസ്തകത്തിന്റെ ആദ്യഭാഗം അന്തര്‍ദേശീയ നീതിയുടെ വിളംബരമാണ് (ആമോ 1:3-2:3). ഇസ്രയേലിനു ചുറ്റുപാടുമുള്ള രാജ്യങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കാതെ യുദ്ധത്തിലേര്‍പ്പെട്ടു ചെയ്തുകൂട്ടിയ പാതകങ്ങളാണ് അന്തര്‍ദേശീയരംഗത്തെ അനീതികളായി ഇവിടെ വിവരിക്കുന്നത്.
സാധാരണ പൗരന്മാര്ക്കുണ്ടായ കൊടിയ മര്‍ദനം, മനുഷ്യക്കടത്ത്, അടിമക്കച്ചവടം, സഹോദരങ്ങളോടുള്ള അവിശ്വസ്തത, ഗര്‍ഭിണികളുടെ ഉദരംപിളര്ന്ന നിന്ദ്യമായ പ്രവൃത്തി, മൃതദേഹത്തോടുള്ള അവഹേളനം മുതലായവയാണ് അന്തര്‍ദേശീയരംഗത്തെ അനീതികള്‍. മതരംഗത്തെയോ ആരാധനാരംഗത്തെയോ പാളിച്ചകളല്ല, മനുഷ്യബന്ധത്തിലെ സാഹോദര്യധ്വംസനമാണ് ആമോസ് എടുത്തുകാട്ടുന്ന അനീതികളെന്നത് ശ്രദ്ധേയമാണ്. ഇവയ്ക്കെല്ലാം ശിക്ഷയുണ്ടാകുമെന്ന് ആമോസ് മുന്നറിയിപ്പുനല്കുന്നു.
സാമൂഹികനീതി
അന്തര്‍ദേശീയ നീതിയെപ്പറ്റി പരാമര്‍ശിച്ച ശേഷം ഇസ്രയേല്‍ സമൂഹത്തില്‍ നടമാടുന്ന കൊടിയ അധര്മങ്ങളിലേക്കാണ് ആമോസ് വിരല്‍ചൂണ്ടുന്നത്. ഈ അധര്‍മങ്ങളെ മൊത്തത്തില്‍ സാമൂഹികമായ അനീതികള്‍ എന്നുവിളിക്കാം.
സാമൂഹിക നീതിയെ കുറിക്കാന്‍ ആമോസ് രണ്ടു ഹീബ്രു പദങ്ങള്‍ ഉപയോഗിക്കുന്നു: മിഷ്പാത്ത്, സ്സെദാക്കാ. ചില വാക്യങ്ങളില്‍ ഈ രണ്ടു പദങ്ങളും ഒന്നിച്ച് ഉപയോഗിച്ചിട്ടുണ്ട് (5:7, 5:24, 6:12). കരുണയില്‍ കുതിര്‍ന്ന നീതിയാണ് മിഷ്പാത്ത്. പാവപ്പെട്ടവര്‍ക്ക് നഷ്ടപ്പെട്ടുപോയ അവകാശങ്ങള്‍ തിരിച്ചുനല്‍കി അവരെ കൈപിടിച്ച് ഉയര്‍ത്തുന്നതാണ് മിഷ്പാത്ത്. പാവങ്ങളോടു പക്ഷം ചേരുന്നതും അവരുടെ വിമോചനത്തിനായി ജീവിതം സമര്‍പ്പിക്കുന്നതുമാണ് മിഷ്പാത്ത്. സ്സെദാക്കായെ ധര്‍മം എന്നു വിവര്ത്തനംചെയ്യുന്നതാണ് ഉചിതം.
മിഷ്പാത്ത്, സ്സെദാക്കാ എന്നീ രണ്ടുപദങ്ങള്‍ ഒന്നിച്ചുപയോഗിക്കുമ്പോള്‍ സാമൂഹികനീതി എന്ന അര്‍ഥം ലഭിക്കും. പല കാരണങ്ങളാല്‍ സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിലേക്കു തള്ളപ്പെട്ടവരെ പ്രത്യേകം സഹായിച്ച്, കൈകൊടുത്തുയര്‍ത്തി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള സാമൂഹികമായ ഉത്തരവാദിത്വമാണ് സാമൂഹികനീതി.
സാമൂഹികമായ അനീതിയുടെ മേഖലകള്‍
അഞ്ചു മേഖലകളിലാണ് ആമോസ് സാമൂഹികാനീതി ദര്‍ശിച്ചത്. പാവപ്പെട്ടവരെ അടിച്ചമര്‍ത്തുന്നതാണ് ഒന്നാമത്തെ മേഖല. ""അവര്‍ നീതിമാന്മാരെ വെള്ളിക്കും ഒരു ജോടി ചെരിപ്പിനു സാധുക്കളെയും വില്‍ക്കുന്നു. പാവപ്പെട്ടവരുടെ തല മണ്ണില്‍ ചവിട്ടിമെതിക്കുന്നു. ദരിദ്രരെ വഴിയില്‍നിന്നു തള്ളിമാറ്റുന്നു. അപ്പനും മകനും ഒരേ യുവതിയെ പ്രാപിക്കുന്നു. പണയം കിട്ടിയ വസ്ത്രംധരിച്ച് ഓരോ ബലിപീഠത്തിനും അരികില്‍ അവര്‍ ശയിക്കുന്നു. പിഴയായി ഈടാക്കിയ മദ്യം ദേവാലയത്തില്‍വച്ച് പാനംചെയ്യുന്നു'' (ആമോ 2:6-8).
നീതിന്യായ കോടതിയിലെ അഴിമതിയാണ് ആമോസ് ചൂണ്ടിക്കാണിക്കുന്ന അടുത്ത മേഖല (ആമോ 5:10,12,15). ധനികര്‍ കൈക്കൂലികൊടുത്ത് കോടതിവിധി തങ്ങള്‍ക്കനുകൂലമായി അട്ടിമറിക്കുന്നതിനാല്‍ പാവപ്പെട്ടവര്‍ക്ക് നീതിപീഠങ്ങളില്നിന്ന് നീതി ലഭിക്കുന്നില്ല. കച്ചവടക്കാര്‍ നേരും നെറിയുമില്ലാതെ കള്ളത്തുലാസും കള്ളക്കട്ടികളും ഉപയോഗിച്ച് കച്ചവടംചെയ്ത് പാവപ്പെട്ടവരെ കൊള്ളയടിക്കുന്നതാണ് അനീതിയുടെ മറ്റൊരു മേഖല (ആമോ 8:4-6). ധനികര്‍ ചുറ്റുപാടുമുള്ള ദരിദ്രരെ അവഗണിച്ചുകൊണ്ട് സുഖലോലുപജീവിതം നയിക്കുന്നത് പ്രകടമായ അനീതിതന്നെയാണ്.
അവര്‍ രമ്യഹര്‍മ്യങ്ങളില്‍ വസിച്ചുകൊണ്ട് സുഖഭോഗങ്ങളില്‍ മുഴുകുന്നു. തൊട്ടടുത്തു താമസിക്കുന്ന ദരിദ്രന്റെ കണ്ണീരുകാണാന്‍ അവര്‍ക്കു കണ്ണില്ല (4:1-3, 3:15, 5:11). ദരിദ്രനെ ചവിട്ടിയരച്ചുകൊണ്ട് ചെത്തിയൊരുക്കിയ മാളികകള്‍ പണിതാല്‍ അവിടെ അവര്‍ക്കു വസിക്കാനാവില്ലെന്ന് ആമോസ് മുന്നറിയിപ്പു നല്കുന്നു. മതമേഖലയിലെ അധര്‍മമാണ് ആമോസ് ചൂണ്ടിക്കാണിക്കുന്ന അഞ്ചാമത്തെ അനീതിയുടെ മേഖല. നീതിയും ധര്‍മവും പുലര്‍ത്താതെ, പാവപ്പെട്ടവരെ പീഡിപ്പിച്ചുകൊണ്ടും അന്യായമാര്ഗത്തില് പണം കവര്ന്നെടുത്തുകൊണ്ടും തിരുനാളുകള്‍ ആചരിച്ചാല്‍, ദൈവം അതു സ്വീകരിക്കയില്ലെന്ന് ആമോസ് തീര്‍ത്തുപറഞ്ഞു.
""നിങ്ങളുടെ ഉത്സവങ്ങളോട് എനിക്കു വെറുപ്പാണ്. അവജ്ഞയാണ്. നിങ്ങളുടെ മഹാസമ്മേളനങ്ങളില്‍ എനിക്കു പ്രസാദമില്ല. നിങ്ങളുടെ ദഹനബലികളും ധാന്യബലികളും ഞാന്‍ സ്വീകരിക്കുകയില്ല. നിങ്ങളുടെ ഗാനങ്ങളുടെ ശബ്ദം എനിക്കു കേള്‍ക്കേണ്ട. നീതി ജലംപോലെ ഒഴുകട്ടെ. ധര്‍മം വറ്റാത്ത നീര്‍ച്ചാലുപോലെയും'' (ആമോ 5:21-24).
സാമൂഹിക നീതിക്കെതിരേ, പാവപ്പെട്ടവരുടെ അവകാശങ്ങള്‍ക്കെതിരേ ധനികവര്‍ഗം ചെയ്തുകൂട്ടുന്ന ഏഴു തിന്മകള് ആമോസ് അവതരിപ്പിക്കുമ്പോള്‍ അവ ഇന്നത്തെ സമൂഹത്തെ ജീര്ണതയിലാഴ്ത്തുന്ന തിന്മകള് തന്നെയാണ് നാം തിരിച്ചറിയും.
അവ ഇങ്ങനെ സംഗ്രഹിക്കാം: മനുഷ്യാവകാശ ലംഘനം, മനുഷ്യക്കടത്ത്, ദരിദ്രരെ അടിമകളാക്കുന്ന സാമൂഹിക വ്യവസ്ഥിതി, പാവപ്പെട്ടവരുടെ വളര്‍ച്ചയെ പ്രതിരോധിക്കുന്ന ദുഷ്കൃത്യങ്ങള്‍, ലൈംഗിക മണ്ഡലത്തിലെ കുറ്റകൃത്യങ്ങള്‍, പാവപ്പെട്ടവരുടെ വസ്തുവകകള്‍ കൈയേറുന്ന ഹീനകൃത്യം, പാവപ്പെട്ടവരെ ഞെരുക്കിക്കൊണ്ട് സുഖഭോഗങ്ങളില്‍ രമിക്കുന്ന ധനികരുടെ ആഡംബരജീവിതം.
സമത്വവും സാഹോദര്യവും തകര്‍ന്നുകൊണ്ടിരിക്കുന്ന ഒരു സമൂഹത്തില്‍ നീതിപുലരുന്നുണ്ടെന്നു പറയാനാവുമോ? സമ്പന്നരും ദരിദ്രരും തമ്മിലുള്ള വിടവ് ഭീകരമാംവിധം വര്‍ധിച്ചുകൊണ്ടിരിക്കുമ്പോള്‍ നമ്മുടെ രാഷ്ട്രം സാമ്പത്തികമായ ഉത്കര്‍ഷം നേടുന്നുണ്ടെന്നു പറയാനാവുമോ? വര്‍ഗീയ ധ്രുവീകരണവും മതസ്പര്‍ധയും ഭയാനകമാംവിധം വളരുന്നിടത്ത്, ജാതിയുടെയും മതത്തിന്റെയും പേരില്‍ മനുഷ്യര്‍ തമ്മിലടിക്കുന്നിടത്ത് ക്ഷേമരാഷ്ട്രമുണ്ടെന്നു പറയാനാവുമോ? ദളിതരും ന്യൂനപക്ഷങ്ങളും ഭീതിയുടെ മുള്‍മുനയില്‍ കഴിയുന്നിടത്ത് മതേതര സമഭാവനയും സാഹോദര്യവുമുണ്ടെന്നു പറയാനാവുമോ?
ചില മതചര്യകളുടെ പേരില്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ അരങ്ങേറുന്നിടത്ത് നീതിപൂര്‍വമായ സാമൂഹിക വ്യവസ്ഥിതിയുണ്ടെന്നു പറയാനാവുമോ? അംബരചുംബികളായ ദേവാലയങ്ങളും ക്ഷേത്രങ്ങളും മിനാരങ്ങളും പണിതുയര്‍ത്തുകയും അതിനുവേണ്ടി നിര്‍ബന്ധ പിരിവു നടത്തുകയും മതാഘോഷങ്ങള്‍ പൊടിപൊടിക്കുകയും ചെയ്യുമ്പോഴും ദരിദ്രന്റെ ആര്‍ത്തനാദം കേള്‍ക്കാതിരിക്കാന്‍ ചെവിപൊത്തുന്നെങ്കില് നാം ഈശ്വരവിശ്വാസികളാണെന്നു പറയാനാവുമോ? "മാധവസേവ മാനവസേവ'യാണെന്ന തിരിച്ചറിവിലേക്ക് നാം വളരുന്നതെപ്പോള്?
നമ്മുടെ പ്രത്യേക തെരഞ്ഞെടുപ്പും സാമ്പത്തിക സമൃദ്ധിയും പാവപ്പെട്ടവരെ മോചിപ്പിക്കാന്‍ ദൈവം കനിഞ്ഞുനല്കിയിരിക്കുന്നതാണെന്ന ബോധ്യം ആമോസിനുണ്ടായിരുന്നു (3:2). കര്‍ത്താവിന്റെ ദിനത്തെക്കുറിച്ചുള്ള പ്രത്യയശാസ്ത്രവും (5:18-20), പുറപ്പാടിന്റെ അനന്യതയെക്കുറിച്ചുള്ള പ്രത്യയശാസ്ത്രവും (9:7) തകിടംമറിച്ചുകൊണ്ട് എല്ലാ മനുഷ്യരും തുല്യരാണെന്നും മനുഷ്യന്റെ മേന്മ പാവപ്പെട്ടവരെ ശുശ്രൂഷിക്കുന്നതില്‍ മാത്രമാണെന്നും ആമോസ് പ്രഘോഷിച്ചപ്പോള്‍ ഒരു പുതുയുഗത്തിനുവേണ്ടിയുള്ള ആഭേരി അദ്ദേഹം മുഴക്കുകയായിരുന്നു.
സംഘട്ടനം
സാമൂഹികനീതിക്കുവേണ്ടിയുള്ള ആമോസിന്റെ പ്രവചനങ്ങളെ ബഥേലിലെ പുരോഹിതനായ അമസിയാ നേരിട്ടെതിര്‍ത്തു (7:10-17). ആമോസ് ധീരമായി ചെറുത്തുനിന്നു. അമസിയാ പലപ്രാവശ്യം ആമോസിനെ പ്രഹരിച്ചു. അമസിയായുടെ മകന് കുന്തമെറിഞ്ഞ് ആമോസിനെ കൊലപ്പെടുത്തിയെന്നാണ് ഇസ്രയേല്ക്കാരുടെയിടയിലെ പാരമ്പര്യം.
സ്ഥാപനാത്മകതയുടെ വക്താക്കള്‍ സത്യപ്രവാചകര്ക്കെതിരേ തിരിയും. സ്ഥാപനത്തിന്റെ ജീര്‍ണത മറനീക്കിക്കാണിക്കുകയും സ്ഥാപനത്തിന്റെ ശുദ്ധീകരണത്തിനുവേണ്ടി വചനത്തിന്റെ വാള് ചുഴറ്റുകയും ചെയ്യുന്നതുകൊണ്ടാണ്, സ്ഥാപനത്തിന്റെ വക്താക്കള്‍ പ്രവാചകനെതിരേ തിരിയുന്നത്.
രക്തരൂക്ഷിതമായ പോരാട്ടത്തില്‍ പ്രവാചകന് മൃതിപ്പെട്ടെന്നുവരും. എന്നാല്‍ അവര്‍ കൊളുത്തിയ നവോത്ഥാനത്തിന്റെ അഗ്നി കെടാതെ കത്തിജ്വലിക്കുകതന്നെ ചെയ്യും.