Movies
വിമർശനങ്ങൾ തുടരുന്നതിനിടയിലും കൈയടി നേടി മുന്നേറുകയാണ് രഞ്ജിത്ത് ഒരുക്കിയ ഹ്രസ്വചിത്രം ആരോ. ശ്യാമപ്രസാദും മഞ്ജു വാര്യരും കഥാപാത്രങ്ങളായ ചിത്രം രണ്ടു ദിവസം കൊണ്ട് പത്ത് ലക്ഷം പേരാണ് കണ്ടുതീർത്തത്.
മമ്മൂട്ടി കമ്പനി ആദ്യമായി നിർമിച്ച ഹ്രസ്വചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. ചിത്രത്തില്‍ അസീസ് നെടുമങ്ങാടും അഭിനയിക്കുന്നു. 21 മിനിറ്റാണ് ദൈർഘ്യം.
മമ്മൂട്ടി കമ്പനിയുടെ യൂട്യൂബ് ചാനലിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്. ക്യാപിറ്റോൾ തിയേറ്ററുമായി സഹകരിച്ചാണ് മമ്മൂട്ടി കമ്പനി ഈ ചിത്രം നിർമിച്ചത്.
ഒരു ഇടവേളയ്ക്ക് ശേഷം ആരോയിലൂടെ രഞ്ജിത്ത് വീണ്ടും സംവിധാന വേഷത്തിൽ എത്തിയ ചിത്രം കൂടിയാണിത്. ആരോയുടെ കഥയും സംഭാഷണവും വി.ആർ. സുധീഷിന്റേതാണ്. ദേശീയ, രാജ്യാന്തര ചലച്ചിത്രോത്സവങ്ങളിൽ ചിത്രം പ്രദർശിപ്പിക്കും. പശ്ചാത്തല സംഗീതം- ബിജിബാൽ. ആർട്-സന്തോഷ് രാമൻ. എഡിറ്റിംഗ്- രതിൻ രാധാകൃഷ്ണൻ. കോസ്റ്റ്യൂം- സമീറ സനീഷ്. മേക്കപ്പ്- രഞ്ജിത്ത് അമ്പാടി.
Movies
ശ്യാമപ്രസാദിനെയും മഞ്ജു വാര്യരെയും കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ ‘ആരോ’ എന്ന ഹ്രസ്വചിത്രത്തെ പ്രശംസിച്ച് ജോയ് മാത്യു. ആൺ പെൺ വ്യത്യാസമില്ലാതെ ഇത്രയധികം വ്യാജ ബുജികൾ ഭൂമി മലയാളത്തിൽ ഉണ്ടെന്നറിഞ്ഞത് ‘ആരോ’ എന്ന ചിത്രം യൂട്യൂബിൽ എത്തിയ ശേഷമാണെന്ന് അദ്ദേഹം പറയുന്നു.
ജോയ് മാത്യുവിന്റെ കുറിപ്പ്
‘ആരോ’, ആൺ പെൺ വ്യത്യാസമില്ലാതെ ഇത്രയധികം വ്യാജ ബുജികൾ ഭൂമി മലയാളത്തിൽ ഉണ്ടെന്നറിഞ്ഞത് രഞ്ജിത്തിന്റെ ‘ആരോ’ എന്ന ഷോർട് ഫിക്ഷന്റെ യൂട്യൂബ് റിലീസിംഗ് കഴിഞ്ഞപ്പോഴാണ്. ചിലർക്ക് അസഹിഷ്ണുത, ചിലർക്ക് വ്യക്തി വിരോധം, ചിലർക്ക് വെറും പരിഹാസം.
തർക്കോവ്സ്കി തലക്ക് പിടിച്ചവർക്കും കിസ്ലോവ്സ്കിയെ കീശയിലാക്കി കൊണ്ടുനടക്കുന്നവർക്കും ഗൊദാർദിൽ പിഎച്ച്ഡി എടുത്തവർക്കും ഉള്ളതല്ല ആരോ എന്ന് ആരെങ്കിലും ഇവർക്ക് പറഞ്ഞുകൊടുക്കുന്നത് നന്നായിരിക്കും.
ചില തോന്നലുകൾ, ഭ്രമങ്ങൾ അല്ലെങ്കിൽ വിഭ്രമങ്ങൾ ഇതൊക്കെ എല്ലാ മനുഷ്യരിലും കൂടിയും കുറഞ്ഞുമിരിക്കും-ആ അർഥത്തിൽ രണ്ടാമതും മൂന്നാമതും കാണുവാൻ തോന്നിപ്പിക്കുന്ന എന്തോ ഒന്ന് നല്ല കലാസൃഷ്ടികളുടെ പ്രത്യേകതയാണ്-അതുകൊണ്ടാണ് അത്ര വ്യാജൻ അല്ലാത്ത ഞാൻ ഈ കാവ്യത്തെ ഇഷ്ടപ്പെടുന്നത്. അത് എത്ര ജനപ്രിയമായി എന്ന് അതിൽ തന്നെ അറിയാനും കഴിയും.
Movies
സ്ത്രീ സുരക്ഷയ്ക്ക് വേണ്ടിയുള്ള വി.എസ്. അച്യുതാനന്ദന്റെ നിലപാടുകള്‍ കാലത്തിന്റെ ആവശ്യകതയായിരുന്നുവെന്ന് നടി മഞ്ജു വാര്യർ. മുന്‍മുഖ്യമന്ത്രിയും സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി പങ്കുവച്ച കുറിപ്പിലാണ് നടി ഇക്കാര്യം പങ്കുവച്ചത്.
""വി.എസ്.അച്യുതാനന്ദന്റെ കാൽപാദത്തില് ഒരു മുറിവിന്റെ ഇന്നും മായാത്ത പാടുള്ളതായി ഒരിക്കല്‍ വായിച്ചതോര്‍ക്കുന്നു. പുന്നപ്ര- വയലാര്‍ സമരത്തിന്റെ ഓര്‍മയായ ബയണറ്റ് അടയാളം. ആ കാല്പാദം കൊണ്ടാണ് അദ്ദേഹം ജനഹൃദയങ്ങളിലേക്ക് നടന്നുകയറിയത്.
അത് ഓരോ ചുവടിലും സൂക്ഷിച്ചിരുന്നതുകൊണ്ടാണ് അദ്ദേഹം എന്നുമൊരു പോരാളിയായിരുന്നതും. സ്ത്രീ സുരക്ഷയ്ക്ക് വേണ്ടിയുള്ള വി.എസിന്റെ നിലപാടുകള്‍ കാലത്തിന്റെ ആവശ്യകത കൂടിയായിരുന്നു. പേരിനെ ശരിയടയാളമാക്കിയ നേതാവിന് ആദരാഞ്ജലി.'' മഞ്ജു കുറിച്ചു.
തിങ്കളാഴ്ച വൈകുന്നേരം 3:20-നാണ് വേലിക്കകത്ത് ശങ്കരന് അച്യുതാനന്ദന് എന്ന വി.എസ്. അച്യുതാനന്ദന് വിടവാങ്ങിയത്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ജൂണ്‍ 23 മുതല്‍ തിരുവനന്തപുരത്തെ എസ്യുടി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മരണസമയത്ത് ഭാര്യ വസുമതിയും മക്കളായ വി.എ. അരുണ്‍കുമാറും വി.വി. ആശയും ഒപ്പമുണ്ടായിരുന്നു.