നടി ആക്രമണക്കേസിന്റെ നിർണായകമായ കോടതിവിധി പുറത്തുവന്നപ്പോൾ വർഷങ്ങൾക്കുമുമ്പ് നടന്ന രണ്ടു പ്രസംഗങ്ങൾ വീണ്ടും ചർച്ചയാകുന്നു.
ആക്രമിക്കപ്പെട്ട നടിക്ക് ഐക്യദാർഢ്യമറിയിക്കാൻ സംഭവം നടന്ന് രണ്ടു ദിവസത്തിനുശേഷം 2019 ഫെബ്രുവരി 19ന് എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ സിനിമാപ്രവർത്തകർ നടത്തിയ സംഗമത്തിൽ മഞ്ജു വാര്യരും ദിലീപും നടത്തിയ പ്രസംഗങ്ങളാണു കോടതിവിധിയുടെ പശ്ചാത്തലത്തിൽ വീണ്ടും ചർച്ചയാകുന്നത്.
നടി ആക്രമിക്കപ്പെട്ടതിനുപിന്നിൽ ക്രിമിനൽ ഗൂഢാലോചനയെന്ന ആരോപണം ആദ്യമായി ഉന്നയിക്കുന്നത് അന്നത്തെ പ്രസംഗത്തിൽ മഞ്ജു വാര്യരാണ്. അന്ന് അതിനെ അനുകൂലിച്ച പലരും പിന്നീട് നിലപാട് മാറ്റിയപ്പോഴും മഞ്ജു അതിജീവിതയ്ക്കൊപ്പം ശക്തമായി നിന്നു. അതേസമയം നടിക്കു പിന്തുണയറിയിക്കുന്നതായിരുന്നു ദിലീപിന്റെയും പ്രസംഗം. ഇരുവരുടെയും പ്രസംഗങ്ങളിലെ പ്രധാന ഭാഗങ്ങൾ ഇങ്ങനെ:
ഇവിടെ ഇരിക്കുന്ന പലരെയും, ഞാനടക്കമുള്ള പലരെയും പല അര്‍ധരാത്രികളിലും അസമയങ്ങളിലും ഞങ്ങളുടെ വീടുകളില്‍ സുരക്ഷിതരായി കൊണ്ടാക്കിയ ഡ്രൈവര്‍മാരുണ്ട്. അതുകൊണ്ട് എല്ലാ സഹപ്രവര്‍ത്തകരെയും അങ്ങനെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. പക്ഷേ, ഇതിനുപിന്നില്‍ നടന്നിരിക്കുന്നത് ക്രിമിനല്‍ ഗൂഢാലോചനയാണ്.
ഈ ഗൂഢാലോചനയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അങ്ങേയറ്റം പൂര്‍ണമായ പിന്തുണ നല്‍കുക എന്നതാണ് നമുക്കിവിടെ ചെയ്യാന്‍ സാധിക്കുക. അതു മാത്രമല്ല, ഒരു സ്ത്രീക്ക് വീടിനകത്തും പുറത്തും അവള് പുരുഷന് നല്കുന്ന ബഹുമാനം അതേ അളവില്‍ തിരിച്ചുകിട്ടാനുള്ള അര്‍ഹതയുണ്ട്.
ആ ഒരു സന്ദേശമാണ് ഞാനിവിടെ എല്ലാവരെയും അറിയിക്കാന്‍ ആഗ്രഹിക്കുന്നത്. നമ്മുടെ സമൂഹത്തിന് എല്ലാ നന്മകളും ഉണ്ടാകട്ടേയെന്ന് എല്ലാവരോടും അഭ്യര്‍ഥിക്കുന്നു.
എന്റെ കൂടെ ഏറ്റവും കൂടുതൽ സിനിമ ചെയ്തിട്ടുള്ള കുട്ടികൂടിയാണ് ആക്രമിക്കപ്പെട്ടത്. ശരിക്കു പറഞ്ഞാല്‍ നമ്മള് ഉടനെ നമ്മുടെ വീടിന്റെ അകത്തേക്കുതന്നെയാണ് നോക്കിപ്പോകുന്നത്. വളരെ ഭയക്കുന്നത്, ഇതു സിനിമയില്‍ സംഭവിച്ചു എന്നതിനെക്കാളേറെ നമ്മുടെ നാട്ടില്‍ സംഭവിച്ചു എന്നതാണ്.
സത്യസന്ധമായ രീതിയിലാണ് പോലീസ് അതിന്റെ അന്വേഷണമെല്ലാം മുന്നോട്ടു കൊണ്ടുപോകുന്നത്. എല്ലാവരും വളരെ സജീവമായി ഇതിന്റെ പിന്നിലുള്ള ആളുകളുടെ പിന്നാലെതന്നെയുണ്ട്. മീഡിയക്കാരോട് പ്രത്യേകിച്ചു പറയാനുള്ളത്, വാര്‍ത്തകള്‍ വളച്ചൊടിക്കാനല്ല ശ്രമിക്കേണ്ടത്. ഇത് സിനിമയില്‍ സംഭവിച്ചുവെന്ന് പറയുമ്പോള്‍ അതില്‍ ഇത്രയും കൂട്ടായ്മയുണ്ടായി.
പക്ഷേ, നമ്മുടെ ഒരു സാധാരണക്കാരന്റെ വീട്ടില്‍ നടക്കുന്ന സംഭവമായി എടുത്ത് ഇനി ഈ നാട്ടില്‍ ഇതു സംഭവിക്കാതിരിക്കാന്‍ നമുക്ക് ഒരുമിച്ചു നില്ക്കാം. അതിന്റെ ഭാഗത്ത് ഞാനുമുണ്ടാകും.
Tags : Those speeches discussed Manju warrier dileep court