പഴയങ്ങാടി: ജൈവ വൈവിധ്യങ്ങളുടെ കലവറയായ മാടായിപ്പാറയിൽവീണ്ടും തീപിടിത്തം. ഏക്കറുകണക്കിന് ജൈവ വൈവിധ്യങ്ങളും അപൂർവം സസ്യയിടങ്ങളും പുൽമേടുകളും അഗ്നിക്കിരയായി. ഇന്നലെ വൈകുന്നേരം നാലോടെയാണ് മാടായി കോളജിന് മുൻവശത്തെ സ്ഥലത്ത് തീപിടിത്തം ഉണ്ടായത്.
കഴിഞ്ഞ ദിവസം ഉച്ചയോടെ ഇതിന് സമീപത്ത് വൻ അഗ്നിബാധ ഉണ്ടായിരുന്നു. ചൂട് കാറ്റിൽ നിയന്ത്രിക്കാൻ കഴിയാത്ത വിധത്തിൽ തീ പടർന്നത് നാട്ടുകാരിലും പരിഭ്രാന്തി പടർത്തിയിരുന്നു. മാടായിപ്പാറയിൽ അടിക്കടി ഉണ്ടാവുന്ന തീപിടിത്തത്തിനു പിന്നിൽ സാമൂഹ്യ വിരുദ്ധരുടെ ഇടപെടലാണെന്ന ആരോപണം ഉയരുന്നുണ്ട്.
പയ്യന്നൂരിൽ നിന്ന് എത്തിയ ഫയർഫോഴ്സും പഴയങ്ങാടി പോലീസും ചേർന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്. കഴിഞ്ഞ രണ്ട് മാസങ്ങൾക്ക് ഉള്ളിൽ പത്തിൽ കൂടുതൽ തവണയാണ് തീപിടിത്തം ഉണ്ടായത്.