മട്ടന്നൂർ: ബൈക്കിൽ കടത്തുകയായിരുന്ന മദ്യവുമായി മധ്യവയസ്കൻ എക്സൈസ് പിടിയിൽ. ശ്രീകണ്ഠപുരം കൂട്ടുമുഖം സ്വദേശി വി.സി. മാത്യു (58) വിനെയാണ് അറസ്റ്റു ചെയ്തത്. ഇരിട്ടി സർക്കിൾ ഓഫീസിലെ അസി. എക്സൈസ് ഇൻസ്പെകടർ ബഷീർ പിലാട്ടിന്റെ നേതൃത്വ ത്തിൽ കല്ലൂരിൽ വാഹന പരിശോധനനടത്തുന്നതിനിടെയാണ് ബൈക്കിൽ കടത്തിയ 32 കുപ്പി (17 ലിറ്റർ) മാഹിമദ്യവുമായി വി.സി. മാത്യു പിടിയിലാകുന്നത്.
ഇയാളിൽ നിന്ന് 500 മില്ലിയുടെ 30 കുപ്പിയും ഒരു ലിറ്ററിന്റെ രണ്ടു കുപ്പിയുമാണ് പിടിയിലായത്. മദ്യം കടത്താൻ ഉപയോഗിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു. ശ്രീകണ്ഠപുരം റേഞ്ചിലെ മുൻ അബ്കാരി കേസ് പ്രതിയാണ് ഇയാളെന്ന് എക്സൈസ് അറിയിച്ചു.
മാഹി മദ്യം കടത്തുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ നിരീക്ഷണത്തിലായിരുന്നു ഇയാൾ.എക്സൈസ് സംഘത്തിൽ അസി. എക്സൈസ് ഇൻസ്പെക്ടർ കെ.കെ. ഷാജി, പ്രിവന്റീവ് ഓഫീസർ പി.എൻ. സതീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ ബെൻഹർ കോട്ടത്തു വളപ്പിൽ, ടി.പി. സുദീപ്, ടി. അഭിജിത്ത്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ കെ.പി. ജുനീഷ് എന്നിവരും പരിശോധനയിൽ ഉണ്ടായിരുന്നു.