കൊച്ചി: മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ സ്ത്രീകളുടെ സാമ്പത്തിക പുരോഗതി ലക്ഷ്യമിട്ടുള്ള സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമെന്‍ (സാഫ്) സംരംഭകര്‍ സംസ്ഥാനത്തു വലിയ മുന്നേറ്റമാണ് നടത്തുന്നതെന്നും മികച്ച പ്രവര്‍ത്തനങ്ങളിലൂടെ പ്രതിവര്‍ഷം ഇവര്‍ക്ക് 150 കോടി രൂപയുടെ ബിസിനസ് നേടാനാകുന്നുണ്ടെന്നും മന്ത്രി സജി ചെറിയാന്.
എറണാകുളം കലൂര്‍ ഗോകുലം പാര്‍ക്ക് കണ്വന്ഷന് സെന്ററില്‍ സഫലം 2026 എന്നപേരില്‍ സംഘടിപ്പിച്ച സാഫ് സംരംഭകരുടെ സംസ്ഥാനതല സംഗമവും 200 മത്സ്യത്തൊഴിലാളി വനിതാസംരംഭങ്ങളുടെ പ്രവര്‍ത്തനോദ്ഘാടനവും നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ വരുംകാലങ്ങളില്‍ ഏറ്റവും കൂടുതല്‍ മൂലധന നിക്ഷേപം ഉണ്ടാകുന്ന മേഖല ഫിഷറീസ് മേഖലയായിരിക്കും. കടലിലെ മത്സ്യ ഉത്പാദനം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. ഉള്‍നാടന്‍ മത്സ്യ മേഖലയില്‍ നിലവിലുണ്ടായിരുന്ന ഉത്പാദനശേഷി ഇരട്ടിയായി വര്‍ധിപ്പിക്കാന്‍ കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ സാഫിന്റെ പുതിയ വസ്ത്ര ബ്രാന്‍ഡായ സാഫ് കോറല്‍ ബ്ലൂംസ് ബ്രാന്‍ഡിന്റെ പ്രകാശനം ഹൈബി ഈഡന് എംപി നിര്‍വഹിച്ചു. ചടങ്ങില്‍ മികച്ച സാഫ് സംരംഭകര്‍ക്കുള്ള അവാര്‍ഡുകളും പുതിയ സംരംഭങ്ങള്‍ക്കുള്ള ധനസഹായത്തിന്റെ വിതരണവും നടത്തി.
സാഫ് പ്രവര്‍ത്തനങ്ങളുടെ ഡോക്യുമെന്ററി പ്രകാശനം, മികച്ച തീരമൈത്രി മാനേജ്മെന്റ് കൗണ്‍സില്‍ (ടിഎംസി), മികച്ച ഫീല്‍ഡ്തല ഉദ്യോഗസ്ഥര്‍, മികച്ച ജില്ലകള്‍, 15 വര്‍ഷം തുടര്‍ച്ചയായി പ്രവര്‍ത്തിച്ചുവരുന്ന സാഫിന്റെ മികച്ച സംരംഭകരെ ആദരിക്കല്‍ തുടങ്ങിയവയുമുണ്ടായിരുന്നു.